തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹം തടഞ്ഞ് അപമര്യാദയായി പെരുമാറിയ കേസിൽ പ്രതിയായ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ നാളെ കോ...
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹം തടഞ്ഞ് അപമര്യാദയായി പെരുമാറിയ കേസിൽ പ്രതിയായ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ നാളെ കോടതിയിൽ നേരിട്ട് ഹാജരാക്കാൻ ഉത്തരവ്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിർദേശം. നാളെ രാവിലെ 11 മണിക്ക് പ്രതിയെ ഹാജരാക്കാനാണ് പോലീസിന് നൽകിയിരിക്കുന്ന നിർദേശം.പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യണമെന്ന പോലീസിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. സംഭവത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ചേന്തി അനിലിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ 61 (2) വകുപ്പ് പ്രകാരം ഗൂഢാലോചനക്കുറ്റം കൂടി പോലീസ് ചുമത്തിയിട്ടുണ്ട്.
പ്രതിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് പോലീസ് സൈബർ സെൽ പരിശോധിച്ചുവരികയാണ്. ഗൂഢാലോചന തെളിയിക്കുന്നതിനായി അനിലിന്റെ ശബ്ദ പരിശോധന (വോയ്‌സ് ടെസ്റ്റ്) നടത്തണമെന്നും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ സ്വാധീനമുള്ള പ്രതിക്ക് ജാമ്യം അനുവദിച്ചാൽ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പോലീസ് കോടതിയിൽ വാദിച്ചു.എന്നാൽ, താൻ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ലെന്നും വഴിയിൽ വാഹനം നിർത്തി മുഖ്യമന്ത്രി സ്വയം പുറത്തിറങ്ങുകയായിരുന്നു എന്നുമാണ് കഴിഞ്ഞ ദിവസം പ്രതി കോടതിയിൽ വ്യക്തമാക്കിയത്.
കഴിഞ്ഞ വെള്ളിയാഴ്ച ചെമ്പഴന്തിയിലെ ചടങ്ങിൽ പങ്കെടുക്കാൻ പോയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ശ്രീകാര്യത്തിന് സമീപം ചേന്തിയിൽ വെച്ച് തടഞ്ഞുനിർത്തി അധിക്ഷേപിച്ചു എന്നാണ് കേസ്. സംഭവത്തെത്തുടർന്ന് ഗുരുതരമായ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി ചേന്തി അനിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.
Key Words : Chief Minister VD Satheesan, Court, Chenthi Anil

COMMENTS