കൽപ്പറ്റ: വയനാട് കള്ളാടി ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ ദുരന്തത്തിൽ രണ്ട് മൃതദേഹങ്ങൾ കൂടി ക...
കൽപ്പറ്റ: വയനാട് കള്ളാടി ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ ദുരന്തത്തിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. വ്യാഴാഴ്ച രാവിലെ നടത്തിയ വിപുലമായ തിരച്ചിലിലാണ് മീനാക്ഷി പുഴയ്ക്ക് സമീപത്തെ മൺകൂനയിൽ നിന്നും പുഴയിൽ നിന്നുമായി രണ്ട് പേരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തത്.
എക്സ്കവേറ്റർ ഓപ്പറേറ്ററായ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, എൻജിനീയറായ ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് ലഭിച്ചത്. മധ്യപ്രദേശ് സ്വദേശി ചന്ദ്രബാൻ പാൽ (37), ബിഹാർ സ്വദേശി ബികാസ് കുമാർ സിങ് (40), ഝാർഖണ്ഡ് സ്വദേശി അൻമോൽ ദൊഡരായ് (25) എന്നിവരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെടുത്തിരുന്നു.
അപകടസ്ഥലത്ത് നാല് സോണുകളായി തിരിഞ്ഞ് തിരച്ചിൽ ഊർജിതമായി തുടരുകയാണ്. ഇനി കണ്ടെത്താനുള്ള മൂന്ന് പേർക്കായി എൻ.ഡി.ആർ.എഫ്, ഫയർഫോഴ്സ്, പൊലീസ്, സിവിൽ ഡിഫൻസ് എന്നിവർക്കൊപ്പം കഡാവർ നായകളും രംഗത്തുണ്ട്. കൺസ്ട്രക്ഷൻ മാനേജർ വിക്രം റാണ (ഹിമാചൽ പ്രദേശ്), സർവേയർമാരായ രാകേഷ് ഗുച്ചൈത് (പശ്ചിമബംഗാൾ), അസ്ഹറുദ്ദീൻ അൻസാരി (ഉത്തർപ്രദേശ്) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. കനത്ത മഴയും ദുരന്തമേഖലയിലെ കളിമണ്ണും കോടമഞ്ഞും രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.
Key Words : Wayanad Landslide

COMMENTS