ടെഹ്‌റാൻ: കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വിലാപയാത്രയിൽ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കടുത്ത വധ...
ടെഹ്‌റാൻ: കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വിലാപയാത്രയിൽ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കടുത്ത വധഭീഷണി. ടെഹ്‌റാനിൽ നടന്ന വിലാപയാത്രയിൽ 'ഞങ്ങൾ ട്രംപിനെ കൊല്ലും' (Kill Trump) എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിയ കൂറ്റൻ ചുവന്ന ബാനർ ജനക്കൂട്ടം ഉയർത്തിപ്പിടിച്ചു.
ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ 'തസ്നിം' ആണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്.ട്രംപിന്റെ പേരിന് നടുവിലൂടെ ഒരു വെടിയുണ്ട കടന്നുപോകുന്ന രീതിയിലാണ് ഈ ചുവന്ന ബാനർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ട്രംപിന് പുറമെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുടെ ചിത്രങ്ങളടങ്ങിയ പ്ലക്കാർഡുകളും വിലാപയാത്രയിൽ ഉടനീളം ഉയർന്നു കേട്ടു. ഇവരിൽ ചോരയൊലിക്കുന്ന രീതിയിലുള്ള ചിത്രീകരണങ്ങളും ഉണ്ടായിരുന്നു.
ചടങ്ങിൽ പ്രസംഗിച്ച പ്രമുഖ മതനേതാവ് മുഹമ്മദ് റസൂലി, ട്രംപിനെ വധിക്കുന്നത് തങ്ങളുടെ മതപരമായ കടമയാണെന്ന് ആഹ്വാനം ചെയ്തു. "എന്റെ ഇമാമിനെ കൊന്നവനെ നമ്മൾ എന്തിനാണ് ജീവനോടെ വിട്ടിരിക്കുന്നത്" എന്നായിരുന്നു റസൂലിയുടെ ചോദ്യം. ഇതിന് പിന്നാലെ വിലാപയാത്രയിൽ പങ്കെടുത്ത ആയിരക്കണക്കിന് ആളുകൾ ഡൊണാൾഡ് ട്രംപിന്റെ വലിയ ചിത്രത്തിന് നേരെ പ്രതീകാത്മകമായി കല്ലെറിയുകയും ചെയ്തു. ഹജ്ജ് കർമ്മത്തിലെ 'പിശാചിനെ കല്ലെറിയൽ' ചടങ്ങിന് സമാനമായാണ് ഇത് സംഘടിപ്പിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 28-നുണ്ടായ യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിലാണ് അലി ഖമനയി കൊല്ലപ്പെട്ടത്. തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്നാണ് മാറ്റിവെച്ചിരുന്ന സംസ്കാര ചടങ്ങുകൾ ഒരാഴ്ച നീളുന്ന ഔദ്യോഗിക പരിപാടികളോടെ ടെഹ്‌റാനിൽ ആരംഭിച്ചത്.
വിലാപയാത്രയ്ക്കായി ഇറാൻ നേതാക്കൾ ഒത്തുകൂടിയതിനെ പരിഹസിച്ചുകൊണ്ട്, "ഒറ്റ ഷോട്ടിൽ ഇറാന്റെ ശേഷിക്കുന്ന നേതൃത്വത്തെ മുഴുവൻ ഇല്ലാതാക്കാമായിരുന്നു" എന്ന് ട്രംപ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയാണ് ഇറാനിലെ ജനങ്ങളെ കൂടുതൽ പ്രകോപിപ്പിച്ചത്. ഇതിന്റെ പ്രതിഫലനമാണ് വിലാപയാത്രയിലുടനീളം പ്രകടമായത്.
Key Words : Donald Trump, Death Threat, Khamenei's Funeral Procession

COMMENTS