ന്യൂഡൽഹി : സി ജെ പിയുടെ പാർലമെന്‍റിലേക്കുള്ള പ്രതിഷേധത്തിന് നേരെയുള്ള പൊലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. പ്രതിഷേധത്തിന്റെ പേരി...
ന്യൂഡൽഹി : സി ജെ പിയുടെ പാർലമെന്‍റിലേക്കുള്ള പ്രതിഷേധത്തിന് നേരെയുള്ള പൊലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. പ്രതിഷേധത്തിന്റെ പേരിൽ പൊലീസിന് അമിത അധികാരം പ്രയോഗിക്കാൻ ആകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
പൊലീസിനും കേന്ദ്ര സേനകൾക്കുമെതിരെ കേസെടുക്കണമെന്ന സി ജെ പിയുടെ അടക്കം ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്‍റെ താക്കീത്. നാളെ വിശദമായ വാദം കേൾക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചത് ഒരു ജവാനാണെന്ന് ഇതിനിടെ സി ആർ പി എഫ് കണ്ടെത്തി. സമരക്കാർക്ക് നേരെ ഏഴ് റൗണ്ട് പെല്ലറ്റ് ഗൺ ഉപയോഗിച്ചു എന്നാണ് സി ആർ പി എഫിന്റെ ആഭ്യന്തര റിപ്പോർട്ട്.
അതേസമയം സി ജെപി പാർലമെന്റ് മാർച്ചിനെ നേരിട്ടതിൽ ഗുരുതര വീഴ്ചയെന്ന് ആർ എ എഫ് ഇന്നലെ വിലയിരുത്തിയിരുന്നു. വിദ്യാർഥി പ്രതിഷേധത്തിലേക്ക് പെല്ലറ്റ് ഗണ്ണോ ഇലക്ട്രിക് ഷോക്കോ പ്രയോഗിക്കേണ്ട സാഹചര്യം സി ജെ പിയുടെ പാർലമെന്റ് മാർച്ചിലില്ലായിരുന്നുവെന്നാണ് സേനയുടെ ആഭ്യന്തര അവലോകനത്തിലെ കണ്ടെത്തൽ.
സേനാംഗങ്ങളും സ്വയം സുരക്ഷയ്ക്കുളള മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ആർ എഫ് എഫ് വിലയിരുത്തി. മാർച്ചിനെ നിയന്ത്രിക്കാൻ വിന്യസിച്ച ഉദ്യോഗസ്ഥർക്ക് മതിയായ നിർദ്ദേശങ്ങൾ നൽകിയില്ലെന്നും കണ്ടെത്തലുണ്ട്. സേനാംഗങ്ങൾ പലരും സ്വയം സുരക്ഷയ്ക്കുള്ള മാനദണ്ഡങ്ങളും പാലിച്ചില്ല. ഇതേ തുടർന്ന് ഇനി ഒരു നിർദേശം ഉണ്ടാകുന്നത് വരെ പെല്ലറ്റ് ഗൺ അടക്കം ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Key Words : Supreme Court, Police, Pellet Guns, CJP protesters

COMMENTS