ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നിലെ പാകിസ്താന്റെ പങ്കും ഗൂഢാലോചനയും വ്യക്തമാക്കിക്കൊണ്...
ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നിലെ പാകിസ്താന്റെ പങ്കും ഗൂഢാലോചനയും വ്യക്തമാക്കിക്കൊണ്ട് ലഷ്കറെ ത്വയ്ബ തലവൻ ഹാഫിസ് സയീദിനെതിരെ ദേശീയ അന്വേഷണ ഏജൻസി അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ പ്രത്യേക എൻ.ഐ.എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
2025 ഏപ്രിൽ 22-ന് കശ്മീരിലെ പ്രശസ്തമായ പഹൽഗാം ബൈസാരൻ താഴ്‌വരയിലുണ്ടായ ക്രൂരമായ ആക്രമണത്തിൽ 25 വിനോദസഞ്ചാരികളും ഒരു പ്രാദേശിക ഗൈഡും ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന്റെ പ്രധാന സൂത്രധാരൻ പാകിസ്താനിലിരിക്കുന്ന ഹാഫിസ് സയീദാണെന്ന് ശാസ്ത്രീയവും ഡിജിറ്റലുമായ തെളിവുകളുടെ അടിസ്ഥാനത്തിൽ എൻ.ഐ.എ കണ്ടെത്തി.
പാകിസ്താനിലിരുന്ന് ഹാഫിസ് സയീദ് ആക്രമണത്തിന്റെ പൂർണ്ണമായ ആസൂത്രണം നിർവ്വഹിക്കുകയും, ഭീകരർക്ക് നിർദ്ദേശങ്ങൾ നൽകി ആക്രമണം തത്സമയം നിരീക്ഷിക്കുകയും ചെയ്തതായി എൻ.ഐ.എ സ്ഥിരീകരിച്ചു. ഭാരതീയ ന്യായ സംഹിത, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (UAPA) എന്നിവ പ്രകാരം ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിക്കൽ, വധശ്രമം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഹാഫിസ് സയീദിനെതിരെ ചുമത്തിയിരിക്കുന്നത്.
2025 ഡിസംബർ 15-ന് സമർപ്പിച്ച 1,597 പേജുകളുള്ള ആദ്യ കുറ്റപത്രത്തിന്റെ തുടർച്ചയായാണ് ലഷ്കർ തലവനെ പ്രതിചേർത്ത് ഈ അനുബന്ധ കുറ്റപത്രം നൽകിയിരിക്കുന്നത്. ലഷ്കറെ ത്വയ്ബയുടെ നിഴൽ സംഘടനയായ 'ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ' ഒരു ലീഗൽ എന്റിറ്റിയായി ആദ്യ കുറ്റപത്രത്തിൽ പ്രതിചേർത്തിരുന്നു. .
ലഷ്കർ കമാൻഡർ സാജിദ് ജാട്ട്, 2025 ജൂലൈയിൽ 'ഓപ്പറേഷൻ മഹാദേവ്' വഴി സുരക്ഷാസേന വധിച്ച മൂന്ന് പാക് ഭീകരർ, ഇവർക്ക് ഒളിത്താവളവും ഭക്ഷണവും നൽകിയ രണ്ട് പ്രാദേശിക സഹായികൾ എന്നിവർക്കെതിരെയായിരുന്നു ആദ്യ കുറ്റപത്രം.
വിനോദസഞ്ചാരികളെ മതാടിസ്ഥാനത്തിൽ ലക്ഷ്യമിട്ട് നടത്തിയ ഈ ക്രൂരമായ ആക്രമണത്തിന് പിന്നിലെ അന്താരാഷ്ട്ര ഭീകരശൃംഖലയെ പൂർണ്ണമായും തകർക്കാനുള്ള അന്വേഷണം ഊർജ്ജിതമായി തുടരുകയാണെന്ന് എൻ.ഐ.എ അറിയിച്ചു.
Key words : Pahalgam Terror Attack, Pakistan, NIA,Chargesheet , Lashkar-e-Taiba, Hafiz Saeed

COMMENTS