ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സ്ഥാനത്തിനായുള്ള മത്സരപ്പാച്ചിലുകളുടെ ഭാഗമാകാൻ ഇനി താനില്ലെന്ന് മലയാളി താരം സഞ്ജു സാംസൺ. ടീമിലെ സ്ഥാനത്...
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സ്ഥാനത്തിനായുള്ള മത്സരപ്പാച്ചിലുകളുടെ ഭാഗമാകാൻ ഇനി താനില്ലെന്ന് മലയാളി താരം സഞ്ജു സാംസൺ. ടീമിലെ സ്ഥാനത്തെക്കുറിച്ചും ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മയെക്കുറിച്ചുമുള്ള നിരന്തരമായ വിമർശനങ്ങളോട് കടുത്ത ഭാഷയിലാണ് സഞ്ജു പ്രതികരിച്ചത്. പുറത്തുനിന്നുള്ളവരുടെ അഭിപ്രായങ്ങളെക്കാൾ സ്വന്തം തീരുമാനങ്ങൾക്കാണ് ഇനി മുൻഗണന നൽകുകയെന്നും താരം വ്യക്തമാക്കി. ജിയോസ്റ്റാറിന്റെ 'ബിലീവ്' (Believe) പരിപാടിയിലാണ് സഞ്ജു മനസ്സ് തുറന്നത്.
"ടീമിലെ സ്ഥാനത്തിനായി മറ്റുള്ളവരുമായി നിരന്തരം മത്സരിക്കുന്ന 'റാറ്റ് റേസിന്റെ' (എലിപ്പന്തയം) ഭാഗമാകാൻ ഇനി ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് ഇപ്പോൾ 31 വയസ്സായി. ദൈവാനുഗ്രഹത്താൽ കരിയറിൽ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇനി എങ്ങനെ ബാറ്റ് ചെയ്യണമെന്നോ എന്ത് ചെയ്യണമെന്നോ ആരും എന്നോട് പറയേണ്ടതില്ല. കരിയറിലെ ബാക്കിയുള്ള വർഷങ്ങൾ സ്വന്തം രീതിയിൽ കളി ആസ്വദിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്," സഞ്ജു പറഞ്ഞു.
ഭാവി കാര്യങ്ങളെക്കുറിച്ച് മുൻകൂട്ടി വലിയ പദ്ധതികളൊന്നുമില്ലെന്നും താരം വ്യക്തമാക്കി. 2024-ലെ ട്വന്റി20 ലോകകപ്പിന് ശേഷം 2026-ലെ ടൂർണമെന്റിൽ കളിക്കുമെന്ന് പോലും താൻ പ്രതീക്ഷിച്ചിരുന്നില്ല. ഒരു ഘട്ടത്തിൽ 14-15 അംഗ സ്ക്വാഡിൽ പോലും താൻ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ 2028-ലെ ലോകകപ്പിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല. ടീമിന് ആവശ്യമുണ്ടെങ്കിൽ, താൻ നന്നായി കളിക്കുകയാണെങ്കിൽ കാര്യങ്ങൾ അതിന്റെ വഴിക്ക് നടക്കുമെന്നാണ് വിശ്വാസമെന്നും സഞ്ജു കൂട്ടിച്ചേർത്തു.ട്വന്റി20 ലോകകപ്പിൽ തുടർച്ചയായി മൂന്ന് അർധസെഞ്ചറികൾ നേടി മികച്ച പ്രകടനം നടത്തിയിട്ടും, തൊട്ടുപിന്നാലെ വന്ന അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിലെ ഫോമില്ലായ്മയുടെ പേരിൽ സഞ്ജുവിനെ സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു.
മറ്റ് യുവതാരങ്ങൾക്ക് തുടർച്ചയായി അവസരങ്ങൾ നൽകുമ്പോൾ സഞ്ജുവിനെ മാത്രം വേഗത്തിൽ പുറത്താക്കുന്ന സെലക്ഷൻ കമ്മിറ്റിയുടെ ഇരട്ടത്താപ്പിനെതിരെ മുൻ സെലക്ടർ ക്രിസ് ശ്രീകാന്ത് ഉൾപ്പെടെയുള്ളവർ ശക്തമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ സ്വന്തം വഴിക്ക് മുന്നോട്ട് പോകുമെന്ന സഞ്ജുവിന്റെ തുറന്നുപറച്ചിൽ.
Key Words : Sanju Samson, Cricket

COMMENTS