തിരുവനന്തപുരം: കേരളത്തിന്റെ പുതിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി റിട്ടയേർഡ് ഡിസ്ട്രിക്റ്റ് ജഡ്ജി എൻ. ശേഷാദ്രിനാഥനെ നിയമിച്ചുകൊണ്ടുള്ള മന്...
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി റിട്ടയേർഡ് ഡിസ്ട്രിക്റ്റ് ജഡ്ജി എൻ. ശേഷാദ്രിനാഥനെ നിയമിച്ചുകൊണ്ടുള്ള മന്ത്രിസഭയുടെ ശുപാർശയ്ക്ക് ഗവർണർ അംഗീകാരം നൽകി. പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കാനുള്ള ഫയലിൽ ഗവർണർ ഒപ്പുവെച്ചതോടെ മാസങ്ങളായി ഒഴിഞ്ഞുകിടന്ന പദവിയിലേക്കാണ് ഇപ്പോൾ നിയമനമായിരിക്കുന്നത്.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭായോഗമാണ് എൻ. ശേഷാദ്രിനാഥന്റെ പേര് ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിച്ചത്. കഴിഞ്ഞ മാർച്ചിൽ മുൻ കമ്മിഷണർ വിരമിച്ചതിനെ തുടർന്നാണ് ഈ തസ്തികയിൽ ഒഴിവ് വന്നത്.എറണാകുളം സ്വദേശിയായ എൻ. ശേഷാദ്രിനാഥൻ ജുഡീഷ്യൽ രംഗത്ത് ദീർഘകാലത്തെ പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ്. കവരത്തി പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് സെഷൻസ് ജഡ്ജ്, എറണാകുളം സി.ബി.ഐ കോർട്ട് ജഡ്ജ്, തിരുവനന്തപുരത്തും എറണാകുളത്തും മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജ് എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വിരമിച്ച ശേഷം ഇരിങ്ങാലക്കുട ഫാമിലി കോർട്ട് ജഡ്ജിയായി പ്രവർത്തിച്ചുവരികയായിരുന്നു.അതേസമയം, ഈ നിയമനവുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ യു.ഡി.എഫിനുള്ളിലും കോൺഗ്രസിലും വലിയ രീതിയിലുള്ള രാഷ്ട്രീയ തർക്കങ്ങൾ നിലനിന്നിരുന്നു. ശേഷാദ്രിനാഥന് സംഘപരിവാർ അനുകൂല നിലപാടുണ്ടെന്ന് ആരോപിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ് ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു.
എന്നാൽ ഈ ആക്ഷേപങ്ങളെല്ലാം തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രിയും തദ്ദേശ സ്വയംഭരണ വകുപ്പും ശേഷാദ്രിനാഥന്റെ പേരുമായി മുന്നോട്ട് പോയതും ഗവർണറുടെ അന്തിമ അനുമതി വാങ്ങിയതും.
Key Words : N. Seshadrinathan, State Election Commissioner

COMMENTS