കണ്ണൂർ : സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ സംഘർഷം. തടവുകാരുടെ ഏറ്റുമുട്ടൽ നിയന്ത്രിക്കാൻ എത്തിയ ജയിൽ ഉദ്യോഗസ്ഥർക്കുനേരെയും ആക്രമണമുണ്ടായ...
കണ്ണൂർ : സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ സംഘർഷം. തടവുകാരുടെ ഏറ്റുമുട്ടൽ നിയന്ത്രിക്കാൻ എത്തിയ ജയിൽ ഉദ്യോഗസ്ഥർക്കുനേരെയും ആക്രമണമുണ്ടായതോടെ സ്ഥിതി കൂടുതൽ വഷളായി. സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥരും തടവുകാരും ഉൾപ്പെടെ 11 പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചികിത്സയ്ക്ക് വിധേയരാക്കിയതായി ജയിൽ അധികൃതർ അറിയിച്ചു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
കാപ്പ തടവുകാർ തമ്മിൽ വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങുന്നതിനിടെയാണ് മലപ്പുറം സ്വദേശിയായ ഒരു തടവുകാരൻ ബ്ലേഡ് ഉപയോഗിച്ച് സ്വന്തം ശരീരത്തിൽ മുറിവേൽപ്പിച്ചത്. ഇതറിഞ്ഞ് സ്ഥലത്തെത്തിയ ജയിൽ ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിക്കുകയായിരുന്നു.
സംഘർഷം ശമിപ്പിക്കാൻ എത്തിയ ഉദ്യോഗസ്ഥർക്കുനേരെ അതേ ബ്ലോക്കിലുണ്ടായിരുന്ന മറ്റ് തടവുകാർ തിരിയുകയായിരുന്നു. ആക്രമണത്തിൽ ഒരു പ്രിസൺ ഓഫീസർ ഉൾപ്പെടെ അഞ്ച് ജയിൽ ഉദ്യോഗസ്ഥർക്കും ആറ് തടവുകാർക്കും പരിക്കേറ്റു. പരിക്കേറ്റ എല്ലാവർക്കും ചികിത്സ നൽകിയതായും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു.
കാപ്പ തടവുകാർ ഉൾപ്പെടെയുള്ള ചിലർ ജയിലിൽ ഇടയ്ക്കിടെ പ്രകോപനപരമായ സാഹചര്യങ്ങൾ സൃഷ്ടിക്കാറുണ്ടെന്ന് ജയിൽ അധികൃതർ പറഞ്ഞു. സുരക്ഷാ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമ്പോഴാണ് ഇത്തരം സംഘർഷങ്ങൾ ആവർത്തിക്കുന്നതെന്നും സംഭവത്തിൽ പോലീസിന് പരാതി നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് ജയിലിലെ സുരക്ഷാ സംവിധാനങ്ങളും തടവുകാരുടെ നിയന്ത്രണ സംവിധാനങ്ങളും വീണ്ടും വിലയിരുത്താനാണ് ജയിൽ അധികൃതരുടെ തീരുമാനം.
സംഘർഷത്തിന് പിന്നിലെ സാഹചര്യങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Key Words : Kappa Prisoners, Clash , Kannur Central Jail

COMMENTS