‘കള്ളൻ വിജയൻ’ ഫേസ്ബുക്കിലൂടെ വെളിച്ചം കണ്ടു; വിവാദ ഫീച്ചർ സമൂഹ മാധ്യമത്തിൽ പങ്കുവച്ച് എഴുത്തുകാരൻ

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിക്കാനിരുന്നെങ്കിലും അവസാന നിമിഷം പിൻവലിച്ച വിവാദ ഫീച്ചർ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച...



തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിക്കാനിരുന്നെങ്കിലും അവസാന നിമിഷം പിൻവലിച്ച വിവാദ ഫീച്ചർ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച് മാധ്യമപ്രവർത്തകൻ ടി.സി. രാജേഷ്. 

തലക്കെട്ടുമായി ബന്ധപ്പെട്ടുണ്ടായ ജാഗ്രതക്കുറവിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായി വ്യക്തമാക്കിയ ശേഷമാണ് അദ്ദേഹം ലേഖനം സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചത്. 

‘കള്ളൻ വിജയൻ, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ’ എന്ന തലക്കെട്ടിലാണ് ഫീച്ചർ. വി.എസ്. അച്യുതാനന്ദനെ അനുസ്മരിക്കുന്ന പ്രത്യേക പതിപ്പായി ഞായറാഴ്ച പുറത്തിറങ്ങേണ്ടിയിരുന്ന ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ അവസാന പേജിലാണ് ഈ ഫീച്ചർ ഉൾപ്പെടുത്തിയിരുന്നത്. 

മുഖലേഖനമായി ‘മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം’ എന്ന പേരിൽ കെ.വി. സുധാകരൻ എഴുതിയ വി.എസിനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പും പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം.

എന്നാൽ വി.എസിന്റെ അനുസ്മരണ ലേഖനത്തിനൊപ്പം ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടിലുള്ള ഫീച്ചർ പ്രസിദ്ധീകരിക്കുന്നത് തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇടയാക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് വാരാന്തപ്പതിപ്പിന്റെ അച്ചടിയും വിതരണവും അവസാന നിമിഷം നിർത്തിവെക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളിലേക്ക് ചോർന്ന സംഭവത്തിൽ, ചുമതലയുണ്ടായിരുന്ന ന്യൂസ് എഡിറ്റർ കെ.ആർ. അജയന് ദേശാഭിമാനി മാനേജ്മെന്റ് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

ടി സി രാജേഷിന്റെ ഫേസ് ബുക്ക് പോസ്റ്റ്:

കള്ളന്‍ വിജയന്‍, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ.

----------------------------------------------------------------------

കേരളത്തില്‍ കാലവര്‍ഷത്തിന്റെ മഴകിലുക്കം തുടങ്ങിയാലും ഇല്ലെങ്കിലും, ഓരോ വര്‍ഷവും ജൂണ്‍ മാസത്തില്‍ തിരുവനന്തപുരം ജില്ലയിലെ മലയോര ഗ്രാമമായ മുത്തിപ്പാറയില്‍നിന്ന് നാടകത്തിന്റെ മണികിലുങ്ങിത്തുടങ്ങും. ഇടവേളകളില്ലാതെ അഞ്ചെട്ടുമാസക്കാലത്തേക്ക് അതു തുടര്‍ന്നുകൊണ്ടേയിരിക്കും. പിന്നെ, അവയോരോന്നായി പതിയെ മലയിറങ്ങി കേരളത്തിലെമ്പാടുമായി പടരും. 

ആ മണികിലുക്കം കേരളം കേള്‍ക്കാന്‍ തുടങ്ങുന്നത് ‘കള്ളന്‍ വിജയ’ന്റെ വീട്ടുമുറ്റത്തുനിന്നുമാണ്. അവയുടെ തുടര്‍ച്ചകളുണ്ടാകുന്നത് കേരളത്തിലെ സാംസ്കാരിക സംഘടനകളുടെ വേദികളിലും പള്ളിപ്പെരുന്നാളുകളിലും ഉല്‍സവപ്പറമ്പുകളിലുമൊക്കെയാണ്. അതിങ്ങനെ കേരളത്തിലെ ഉല്‍സവ സീസണ്‍ അവസാനിക്കുംവരെ നീളും. പിന്നെ, അടുത്ത മഴക്കാലത്തിനു മുന്‍പ് മുത്തിപ്പാറയില്‍ പിന്നെയും മണികിലുങ്ങാന്‍ തുടങ്ങും. ആ മണിയൊച്ചകള്‍ക്കുവേണ്ടി കാതുകൂര്‍പ്പിച്ച് കള്ളന്‍ വിജയനും കുടുംബത്തിനുമൊപ്പം ഒരു ഗ്രാമം മുഴുവനും കാത്തിരിക്കും. 

മുത്തിപ്പാറ ഒരത്ഭുത ഗ്രാമമാണ്. ഒരാളെ പരസ്യമായി ‘കള്ളന്‍ വിജയന്‍’ എന്നു വിളിച്ച്, അതില്‍ അഭിമാനിക്കുന്ന ഗ്രാമം. കേരളത്തില്‍ ഒരു വര്‍ഷം ഏറ്റവുമധികം നാടകങ്ങള്‍ക്ക് ജന്മംകൊടുക്കുന്ന ഗ്രാമം. സംസ്ഥാന സര്‍ക്കാരിന്റെ നാടകപുരസ്കാരങ്ങള്‍ക്ക് അര്‍ഹമാകുന്ന നാടകങ്ങളുള്‍പ്പെടെ ആദ്യം കാണാന്‍ ഭാഗ്യം ലഭിക്കുന്നവരുടെ ഗ്രാമം. പ്രൊഫഷണല്‍ നാടകക്കാര്‍ നെഞ്ചോടു ചേര്‍ത്തുവച്ചു പറയുന്ന പേരാണ് മുത്തിപ്പാറയും അവിടുത്തെ ധന്യ നാടകഗ്രാമവും. 

<<കള്ളമില്ലാത്തവന്‍ ‘കള്ളന്‍’ വിജയന്‍>> 

ഒരാളെ വെറുതേ അങ്ങനെ കള്ളനെന്നു വിളിക്കാന്‍ പറ്റുമോ? പറ്റുമെന്നുതന്നെയാണ് മുത്തിപ്പാറ പറയുന്ന ഉത്തരം. നാടകവേദികളില്‍ ഒന്നാം ബെല്‍ മുഴങ്ങിക്കഴിഞ്ഞ് അണിയറ പ്രവര്‍ത്തകരുടെ പേരുകള്‍ പറയുന്നതിനിടയില്‍ ആ പേരും നമുക്ക് കേള്‍ക്കാം. കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് അത് ‘രംഗസജ്ജീകരണം’ എന്ന വിശേഷണത്തിനൊപ്പമായിരുന്നെങ്കില്‍ ഇപ്പോഴത് ‘റിഹേഴ്സല്‍ ക്യാംപ്’ എന്നതിനൊപ്പമാണെന്നുമാത്രം. പേരിനൊപ്പം ‘കള്ളന്‍’ എന്ന വിളിപ്പേരു ചേര്‍ത്ത് വിളിച്ചുകേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരേയൊരാള്‍ നാടകക്കാരുടെ സ്വന്തം വിജയണ്ണന്‍ മാത്രമായിരിക്കും. 

വിജയന്‍ ജനിച്ചുവളര്‍ന്നത് മുത്തിപ്പാറയിലാണ്. തിരുവനന്തപുരം ജില്ലയില്‍ വെഞ്ഞാറമൂടിനടുത്ത് പുല്ലമ്പാറ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട സ്ഥലമാണ് മുത്തിപ്പാറ. റബ്ബര്‍ മരങ്ങള്‍ അതിരിട്ടുനില്‍ക്കുന്ന ആ ഗ്രാമത്തിന്റെ ഇടവഴികളില്‍ നിന്നു നോക്കിയാല്‍ അങ്ങുമുകളില്‍ പാറമുകളിലൊരു മുത്തിയുടെ കോവില്‍ കാണാം. അഞ്ചോ ആറോ വ്യാപാര സ്ഥാപനങ്ങള്‍‌ മാത്രമുള്ള മുത്തിപ്പാറയെന്ന ഗ്രാമത്തിന് ആ പേരുകിട്ടിയത് ഈ കൊച്ച് അമ്പലത്തില്‍നിന്നാകണം. ആ പേരിനെ നാടാകെ അറിയപ്പെടുന്ന പേരാക്കിയത് കള്ളന്‍ വിജയനാണ്. മുത്തിപ്പാറയില്‍ നിന്നുള്ള കുപ്രസിദ്ധനായ കള്ളനല്ല, സുപ്രസിദ്ധനായ കള്ളനാണ് വിജയന്‍. 

ഒരു മണല്‍ത്തരിപോലും മോഷ്ടിക്കാതെ കള്ളനായി മാറിയ കഥയാണ് വിജയന്റേത്. ആ പേരു വന്നത് വെറുമൊരു കളിതമാശയായിട്ടാണ്. കുട്ടിക്കാലത്ത് കുട്ടികളോട് വാല്‍സല്യം തോന്നി വിളിക്കാറില്ലേ, ‘കൊച്ചുകള്ളാ’ എന്ന്? ആ കുട്ടി എന്തെങ്കിലും മോഷ്ടിച്ചതുകൊണ്ടോ കള്ളത്തരം കാണിച്ചതുകൊണ്ടോ വിളിക്കുന്നതാകണമെന്നില്ല അത്. വാല്‍സല്യസൂചകമായി മാത്രം വിളിക്കുന്ന ഒരു വിളിയാണത്. വിജയനേയും അങ്ങനെ വിളിച്ചു വീട്ടുകാര്‍. എപ്പോഴൊക്കെയോ ആ വിളികേട്ട അയല്‍ക്കാരും പയ്യെപ്പയ്യെ നാട്ടുകാരും ‘എടാ കൊച്ചുകള്ളാ’ എന്ന് ചെറുചിരിയോടെ വിജയനെ വിളിച്ചുതുടങ്ങി. കുട്ടികള്‍ വളരുമ്പോള്‍ ഇത്തരം വിളികള്‍ പയ്യെപ്പയ്യെ ഇല്ലാതാകുകയാണ് പതിവെങ്കില്‍ ഇവിടെ ആ പേര് പയ്യെപ്പയ്യെ വേരുപിടിച്ചു വളരുകയാണ് ചെയ്തത്. അങ്ങനെ വിജയന്‍ മുതിര്‍ന്ന് അണ്ണനും അച്ഛനുമൊക്കെയായപ്പോഴും പേരിനൊപ്പം കൊച്ചുകള്ളന്‍ ലോപിച്ചുണ്ടായ ‘കള്ളന്‍’ എന്ന വിളിപ്പേരുകൂടി നാടുചുറ്റി. 

ഇപ്പോള്‍ ‘കള്ളന്‍’ എന്ന വിളിപ്പേരില്ലാതെ തന്നെ ആരെങ്കിലും പരിചയപ്പെടുത്തുന്നത് വിജയന് ഓര്‍ക്കാന്‍ കൂടി വയ്യ. സമീപനാളില്‍ ചില മാധ്യമങ്ങളിലൊക്കെ വാര്‍ത്തകളും വിശേഷങ്ങളും വന്നപ്പോള്‍ ഒരുകൂട്ടര്‍മാത്രം എന്തുകൊണ്ടോ ‘കള്ളന്‍’ എന്ന വിളിപ്പേര് ഒഴിവാക്കി. അത് വിജയന് വല്ലാതെ ഫീല്‍ ചെയ്തു. മുത്തിപ്പാറയിലെ വീട്ടില്‍ നിന്ന് സംസാരിച്ചിറങ്ങാന്‍നേരം ഒറ്റക്കാര്യം മാത്രമേ വിജയണ്ണന്‍ ആവശ്യപ്പെട്ടുള്ളു- പേരിനൊപ്പം ‘കള്ളന്‍’ എന്നു ചേര്‍ക്കാന്‍ മറക്കരുത്. അതാണ് ആ വിളിപ്പേരുമായി വിജയനുള്ള ആത്മബന്ധം, നാടകത്തോടുള്ളതുപോലെതന്നെ ദൃഢമായൊരു ബന്ധം. 

<<കള്ളന്‍ വിജയന്റെ നാടകയാത്രകള്‍>>

നാടകങ്ങള്‍ നാടെങ്ങും കളിക്കുമ്പോള്‍ അതിന്റെ ചരടുകള്‍ രംഗസജ്ജീകരണം ഒരുക്കുന്നവരുടെ കരങ്ങളിലാണ്. ഓരോ രംഗം മാറുന്നതിനുമനുസരിച്ച് രംഗപടവും മാറ്റണം. പ്രോപ്പര്‍ട്ടീസ് കൃത്യമായ സ്ഥലങ്ങളില്‍ വയ്ക്കണം. അതിനിടയില്‍ സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെപ്പോലെ പ്രധാന കഥാപാത്രങ്ങള്‍ക്ക് താങ്ങും തണലുമായി വന്നുപോകുന്ന ചെറുകിട കഥാപാത്രങ്ങളായും കോറസ്സായുമൊക്കെ അരങ്ങിലേക്ക് മേക്കപ് ഇട്ട് എത്തുകയും വേണം. എങ്കിലും നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്നവരില്‍ താരതമ്യേന വരുമാനം കുറഞ്ഞ വിഭാഗക്കാരാണ് ഇവര്‍. ഒരവാര്‍ഡിനുപോലും ഇവര്‍ പരിഗണിക്കപ്പെടാറില്ല. അതുകൊണ്ടുതന്നെ നാടകസംഘത്തിനൊപ്പം ഉലകം ചുറ്റുന്നതും പിഴവുകളില്ലാതെ രംഗമൊരുക്കുന്നതിലും നാടകക്കാരുമായുള്ള ബന്ധം പവിത്രമായി കരുതുന്നതിലും ഒതുങ്ങുന്നു ഇവരുടെ ആത്മസംതൃപ്തി. 

അതിലൊരാളായാണ് വിജയന്‍ നാടകപ്രവര്‍ത്തനം തുടങ്ങുന്നത്. ‘തിരുവനന്തപുരം സംഘചേതന’യിലായിരുന്നു തുടക്കം. നാലര പതിറ്റാണ്ടെങ്കിലുമായിക്കാണും അത്. അന്ന് പതിനഞ്ചുവയസ്സോളമേ വിജയന് പ്രായമുള്ളു. കേരളത്തിലങ്ങോളമിങ്ങോളം സൂപ്പര്‍ ഹിറ്റുകളായി കളിച്ച ഒട്ടേറെ നാടകങ്ങള്‍ക്ക് അരങ്ങൊരുക്കിയ നാടകസംഘമായിരുന്നു സംഘചേതന. പിരപ്പന്‍കോട് മുരളിയെപ്പോലുള്ള മികച്ച നാടകക്കാരുടെ കേന്ദ്രം. സ്വാതിതിരുനാള്‍, ഇന്ദുലേഖ തുടങ്ങി ഒട്ടേറെ നാടകങ്ങള്‍. സായികുമാറും റിസബാവവും കൊച്ചുപ്രേമനുമൊക്കെ സിനിമയിലേക്ക് ചുവടുവച്ചത് സംഘചേതനയുടെ നാടകങ്ങളില്‍ നിന്നാണ്. ‘സ്വാതിതിരുനാള്‍’ ആദ്യം അരങ്ങിലെത്തുമ്പോള്‍ സായികുമാറായിരുന്നു നായകന്‍. ‘റാംജിറാവ് സ്പീക്കിംഗി’ല്‍ നായകനാകാന്‍ സായികുമാര്‍ പോയപ്പോള്‍ ആ വേഷം റിസബാവ ഏറ്റെടുത്തു. റാംജിറാവ് ടീമിന്റെ രണ്ടാം സിനിമ ‘ഇന്‍ ഹരിഹര്‍ നഗര്‍’ വന്നപ്പോള്‍ റിസബാവ അതിലൂടെ വെള്ളിത്തിരയിലേക്ക് ചുവടുവച്ചു. ഈ കാഴ്ചകളൊക്കെ കണ്ട് വിജയന്‍ അപ്പോഴൊക്കെ സംഘചേതനയുടെ അണിയറയിലുണ്ടായിരുന്നു. 

30 രൂപയായിരുന്നു അന്നൊക്കെ സെറ്റ് വര്‍ക്കര്‍ക്ക് ഒരുകളിക്കു ലഭിക്കുന്ന കൂലി. നാടകം കളിക്കാനായി സ്ഥലത്തെത്തുമ്പോഴായിരിക്കും വേദിയുടെ പരിമിതികള്‍ മനസ്സിലാകുന്നത്. സ്റ്റേജിന് ചിലപ്പോള്‍ വീതിയുണ്ടാകില്ല. ചിലപ്പോള്‍ ഉയരം കുറവായിരിക്കും. അങ്ങനെ വരുമ്പോള്‍ നാടകത്തിനു പരുവപ്പെടുന്ന രീതിയില്‍ സ്റ്റേജിന്റെ വലുപ്പം കൂട്ടേണ്ട ചുമതലയും സെറ്റൊരുക്കുന്നവരുടെ തലയിലാകും. അതിനുശേഷം വേണം കര്‍ട്ടനുകളും രംഗപടവുമൊക്കെ സെറ്റാക്കാന്‍.   

മൂന്നുപേരാണ് ഒരു സമിതിയില്‍ രംഗസജ്ജീകരണത്തിനായി ഉണ്ടാകുക. ആദ്യമൊക്കെ മൂവരില്‍ ഒരുവനായിരുന്ന വിജയന്‍ പിന്നീട് മൂപ്പരായി. രംഗസജ്ജീകരണത്തിന്റെ ചുമതല പൂര്‍ണമായും വിജയന്റെ നിയന്ത്രണത്തിലായിരിക്കും. ആയിരക്കണക്കിനു നാടകങ്ങള്‍ക്ക് രംഗപടം ഒരുക്കിയിട്ടുള്ള ആര്‍ട്ടിസ്റ്റ് സുജാതന്റെ രംഗപടങ്ങളാണ് വിജയന്‍ ഏറ്റവുമധികംതവണ കാണികള്‍ക്കായി സജ്ജമാക്കിയിട്ടുള്ളത്. 

സ്വാതിതിരുനാളും ഇന്ദുലേഖയുമൊക്കെ കഥാപാത്രങ്ങള്‍ ഏറെയുള്ള നാടകങ്ങളായിരുന്നു. ഒരാള്‍തന്നെ ഒന്നിലധികം കഥാപാത്രങ്ങളെ വേദിയില്‍ അവതരിപ്പിക്കും. അരങ്ങൊരുക്കുന്നവരും കഥാപാത്രങ്ങളായി വേദിയിലേക്കെത്തും. അങ്ങനെയാണ് ‘ഇന്ദുലേഖ’യിലെ ചിന്നനായി വിജയന്‍ അരങ്ങില്‍ കയറുന്നത്. ഇന്ദുലേഖയുടെ അമ്മാവനായ പഞ്ചുമേനോന്റെ മകനാണ് ചിന്നന്‍. നായകനായ മാധവനും നായകയായ ഇന്ദുലേഖയ്ക്കും ഒപ്പം പ്രാധാന്യമുണ്ട് നോവലില്‍ ചിന്നന്. പക്ഷേ, നാടകത്തില്‍ ആ കഥാപാത്രത്തിന് അധികം ഡയലോഗുകളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, അരങ്ങില്‍ സ്ഥിരസാന്നിധ്യമായി ആ കഥാപാത്രം നാടകത്തിലുടനീളമുണ്ടായിരുന്നുവെന്ന് വിജയന്‍ ഓര്‍ക്കുന്നു. 

നാടകങ്ങളുടെ ഉര്‍വ്വരകാലമായിരുന്നു അത്. പല ദിവസങ്ങളിലും രണ്ടു കളികള്‍. ഒരിടത്തു നാടകം കഴിഞ്ഞാലുടന്‍ സെറ്റഴിച്ച് വണ്ടിയില്‍ കയറ്റണം. അടുത്ത സ്ഥലത്ത് ചെന്നിട്ട് വീണ്ടും സെറ്റു കെട്ടണം. ഇതിനിടയില്‍ ഭക്ഷണം കഴിക്കാനൊന്നും സമയം കിട്ടിയെന്നുവരില്ല. സംഘചേതനയില്‍ നിന്ന് വിജയന്‍ പിന്നീട് സങ്കീര്‍ത്തനയിലേക്ക് മാറി. ഏറ്റവുമധികംകാലം ജോലി ചെയ്ത സമിതിയും സങ്കീര്‍ത്തനയാണ്. സങ്കീര്‍ത്തന കളിച്ച നാടകങ്ങളൊക്കെ സൂപ്പര്‍ഹിറ്റുകളായിരുന്നു. എന്നിട്ടും സമിതി ഉടമയ്ക്ക് വലിയ സാമ്പത്തികനേട്ടമൊന്നുമുണ്ടായില്ല. അങ്ങനെ സമിതി നിറുത്തി ഉടമ ഗള്‍ഫിലേക്കു പോയി. 

മുപ്പത്തിയാറു വര്‍ഷമാണ് വിജയന്‍ നാടകങ്ങളുടെ സെറ്റുകള്‍ക്കൊപ്പം സഞ്ചരിച്ചത്. കേരളത്തില്‍ അദ്ദേഹം പോകാത്ത സ്ഥലങ്ങളില്ലെന്നുതന്നെ പറയാം. ഇനിയും ഉറക്കമൊഴിക്കാന്‍ വയ്യെന്നു തോന്നിയപ്പോഴാണ് വിജയന്‍ നാടകവേദികളോടു വിട പറയാന്‍ തീരുമാനിക്കുന്നത്. നാടകത്തില്‍നിന്നാകട്ടെ കാര്യമായ വരുമാനവുമില്ല. അന്നത്തെ ചെലവുകള്‍ കഴിഞ്ഞുപോകുമെന്നുമാത്രം. നാടകമില്ലാത്ത നാലഞ്ചു മാസക്കാലം ഒരുരൂപപോലും വരുമാനമുണ്ടാകില്ല. അങ്ങനെയാണ് മറ്റെന്തെങ്കിലും പരിപാടികളുമായി മുത്തിപ്പാറയിലേക്ക് ഒതുങ്ങാന്‍ വിജയന്‍ തീരുമാനിച്ചത്. പക്ഷേ, അപ്പോഴും വിജയന്റെ ഉള്ളിന്റെ ഉള്ളില്‍ നാടകം ഒരു വികാരമായി ജ്വലിച്ചുനിന്നിരുന്നു. 

നാടകക്കാരുമായുള്ള ബന്ധം അറ്റുപോകാതിരിക്കാന്‍ നാടക മല്‍സരത്തിന്റെ സംഘാടകന്റെ വേഷമണിഞ്ഞു അദ്ദേഹം. എട്ടുനാടകങ്ങളാണ് ഒരു മല്‍സരത്തിലുണ്ടാകുക. രണ്ടുവര്‍ഷം നാടകോല്‍സവം വിജയകരമായി നടത്തിയപ്പോള്‍ കോവിഡ് വന്നു. അതോടെ മല്‍സരം നിലച്ചു. പിന്നെയെന്ത് എന്ന ആലോചനയാണ് നാടകരംഗത്ത് ഇതുവരെ അധികം കാണാത്ത ഒരു സംരംഭത്തിലേക്ക് വിജയനെ നയിച്ചത്. 

<<നാടകപരിശീലനം: ധന്യ നാടകഗ്രാമം, മുത്തിപ്പാറ>>

മുത്തിപ്പാറ ഗ്രാമത്തില്‍ വീടിനോടു ചേര്‍ന്നുകിടന്ന സ്ഥലത്ത് നാടകങ്ങള്‍ക്കൊരു പരിശീലന കേന്ദ്രം എന്ന ആശയമായിരുന്നു അത്. ഒരു നാടകം അവതരിപ്പിക്കാന്‍ ആവശ്യമായ വേദിയുടെ വീതിയും നീളവുമൊന്നും വിജയനെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ. അങ്ങനെ വെറുതേ കിടന്ന സ്ഥലത്ത് ധന്യ നാടകഗ്രാമത്തിന് വിജയന്‍ ബെല്ലടിച്ചു. മൂന്നര വയസ്സുള്ളപ്പോള്‍ മരിച്ചുപോയ മകളുടെ പേരാണ് ധന്യ. ആ മകളുടെ ഓര്‍മകൂടിയായി മാറി നാലുവര്‍ഷം മുന്‍പ് ആരംഭിച്ച ഈ കേന്ദ്രം. 

നാടകപരിശീലനത്തിനു മാത്രമായി ഒരു കേന്ദ്രം കേരളത്തില്‍ ഇല്ലെന്നതാണ് വിജയനെ ഈ രീതിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഏതെങ്കിലും അമ്പലങ്ങളുടെ ഓഡിറ്റോറിയമോ കല്യാണ മണ്ഡപങ്ങളോ പോലുള്ളവ വാടകയ്ക്കെടുത്താണ് നാടകസമിതികള്‍ റിഹേഴ്സലുകള്‍ നടത്തുന്നത്. കല്യാണം നടക്കുമ്പോഴും അമ്പലത്തില്‍ പാട്ടിടുമ്പോഴുമൊക്കെ റിഹേഴ്സല്‍ തടസ്സപ്പെടും. എങ്കില്‍പിന്നെ നാടക റിഹേഴ്സലുകള്‍ക്കു മാത്രമായി ഒരു കേന്ദ്രം തുടങ്ങിയാലോ എന്നായി ആലോചന. കഴിഞ്ഞ വര്‍ഷം മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ സുരേഷ് ദിവാകരനും നാടകകൃത്ത് മുഹാദ് വെമ്പായവുമൊക്കെ തുടക്കത്തിലേ വിജയന്റെ ആശയത്തിനൊപ്പം കട്ടയ്ക്കു കൂടെനിന്നു. ഏതാണ്ട് ഇരുപതു ലക്ഷം രൂപ ചെലവുവന്നു ധന്യ നാടകഗ്രാമം സജ്ജമാക്കാന്‍. വിവിധ കൂട്ടായ്മകളില്‍ നിന്നും സംഘങ്ങളില്‍ നിന്നുമൊക്കെ പണം വായ്പയെടുത്തും സ്വര്‍ണം പണയം വച്ചുമൊക്കെയാണ് വിജയന്‍ ഇത് സജ്ജമാക്കിയത്. 

നാടകങ്ങള്‍ അവതരിപ്പിക്കാന്‍ പറ്റിയ സ്റ്റേജ്. ഇരുനൂറോളം പേര്‍ക്ക് ഇരുന്നു കാണുവാനുതകുന്ന സദസ്സ്. നാടകത്തില്‍ അഭിനയിക്കാനും രംഗമൊരുക്കാനുമൊക്കെ എത്തുന്നവര്‍ക്ക് താമസിക്കാനുള്ള സൗകര്യവും മൂന്നുനേരം ഭക്ഷണവും. അങ്ങനെ നാടകക്കാര്‍ക്ക് പരിശീലന സമയത്തു വേണ്ടതെല്ലാം അറിഞ്ഞൊരുക്കും വിജയനും കുടുംബവും. ഇതൊന്നും ലാഭം പ്രതീക്ഷിച്ചു ചെയ്യുന്നതേയല്ല. 200 രൂപയ്ക്കാണ് മൂന്നുനേരത്തെ ഭക്ഷണം നല്‍കുന്നത്. ചില ദിവസങ്ങളില്‍ ഇലയിട്ടു സദ്യതന്നെ വിളമ്പും. വിജയനും ഭാര്യ കുമാരിയും മകന്‍ അനന്തുവും മരുമകള്‍ മണിക്കുട്ടിയെന്നു വിളിക്കുന്ന ഗ്രീഷ്മയും ഒക്കെ ചേര്‍ന്നാണ് ഭക്ഷണമുള്‍പ്പെടെ ഒരുക്കുന്നത്. ഒരാളെ ജോലിക്കു നിറുത്തിയാല്‍ അത് മുതലാകില്ലാത്തതിനാല്‍ എല്ലാം സ്വയം ഒരുക്കുന്നു. രണ്ടുമാസത്തെ കറന്റു ബില്ലുമാത്രം 25,000 രൂപയ്ക്കു മുകളിലാണ്. അതുകൂടി അടച്ചുകഴിഞ്ഞാല്‍ കാര്യമായ മിച്ചമൊന്നും ഇതില്‍ നിന്നുണ്ടാകില്ല. ചെറിയതോതിലുള്ള ഭൂമി അളക്കല്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ നിന്നുള്ള വരുമാനമാണ് വിജയന്റെ ജീവിതം ഇപ്പോഴും മുന്നോട്ടു കൊണ്ടുപോകുന്നത്. നാടകഗ്രാമത്തിനായി എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാനും അതുതന്നെയാണ് മാര്‍ഗമായിട്ടുള്ളത്. 

ഏപ്രില്‍ മാസം പകുതിയോടെ ധന്യ നാടകഗ്രാമത്തില്‍ നാടകത്തിനുള്ള ഒരുക്കങ്ങളാരംഭിക്കും. മെയ് മാസം അവസാനമോ ജൂണ്‍മാസം ആദ്യമോ ആദ്യ നാടകങ്ങള്‍ ഇവിടെനിന്ന് നാടുചുറ്റാന്‍ പുറപ്പെടും. കുറഞ്ഞത് ഏഴു നാടകങ്ങളെങ്കിലും ഒരുവര്‍ഷം ഇവിടെനിന്ന് റിഹേഴ്സല്‍ ചെയ്തിറങ്ങും. ഒരു നാടകം തയ്യാറായിവരാന്‍ ഏകദേശം ഒരുമാസക്കാലം വേണ്ടിവരും. ഈ വര്‍ഷം തിരുവനന്തപുരം ശ്രീനന്ദനയുടെ ‘ഇരുവര്‍’, കടയ്ക്കാവൂര്‍ എസ്. എസ്. നടനസഭയുടെ ‘ഈശ്വരന്റെ തിരക്കഥ’ എന്നീ നാടകങ്ങള്‍ റിഹേഴ്സല്‍ കഴിഞ്ഞ് വേദികളിലേക്ക് ഇറങ്ങിക്കഴിഞ്ഞു. ചങ്ങനാശ്ശേരി അണിയറയുടെ ‘തിര’ റിഹേഴ്സല്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മികച്ച നാടകത്തിനും സംവിധായകനും നടനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ച തിരുവനന്തപുരം അജന്തയുടെ ‘വംശം’ ഒരുങ്ങിയതും ധന്യ നാടകഗ്രാമത്തിലായിരുന്നു. 

ഒക്ടോബര്‍- നവംബര്‍ മാസം വരെയൊക്കെ ഇടവേളകളില്ലാതെ നാടകങ്ങളുടെ റിഹേഴ്സല്‍ ക്യാംപ് ഉണ്ടാകും. അതിനുശേഷം ബാലെകള്‍ക്കുവേണ്ടി ഇവിടെ അരങ്ങൊരുങ്ങും. ജനുവരിയോടെ ബാലെകളുടെ റിഹേഴ്സലുകളും അവസാനിക്കും. ഫെബ്രുവരി മുതല്‍ രണ്ടര- മൂന്നു മാസക്കാലം ധന്യ നാടകഗ്രാമം വിശ്രമത്തിലാകും.  

“കേരളത്തില്‍ നാടകമെടുത്ത് ഒരാളുപോലും മുതലാളിയായ ചരിത്രമില്ല. എന്നാലും ഇതൊരു ഭ്രാന്തായി കൊണ്ടുനടക്കുന്നവരാണ് നാടകങ്ങളുണ്ടാക്കുന്നത്. സ്ഥിരം മദ്യപിക്കുന്നവരെപ്പോലെയാണ് അവര്‍. നാടകവണ്ടി കാണുമ്പോള്‍ ഭ്രാന്തിളകും. കിടപ്പാടം വിറ്റും കടം വാങ്ങിയുമാണ് പലരും നാടകം കളിക്കുന്നത്. രണ്ടുകൊല്ലം ഭേദപ്പെട്ട കളി കിട്ടിയില്ലെങ്കില്‍ അതോടെ തീരും അവരുടെ കാര്യം. പല സമിതികളും റിഹേഴ്സല്‍ കഴിഞ്ഞ് കടം പറയാറുണ്ട്. നാടകം കളിച്ചുകഴിഞ്ഞ് അവരത് വീട്ടാറുമുണ്ട്” – വിജയന്‍ പറയുന്നു. നാടകമുതലാളിമാരുടെ അവസ്ഥ നന്നായിട്ടറിയാവുന്നതുകൊണ്ടുതന്നെ വിജയന് പിടിവാശികളൊന്നുമില്ല. 

മുത്തിപ്പാറയില്‍ ധന്യ നാടക ഗ്രാമത്തിലെ സ്റ്റേജിനോടു ചേര്‍ന്ന് ഡോര്‍മെട്രി പോലുള്ള ഇടത്തിലാണ് നടന്മാരും അരങ്ങൊരുക്കുന്നവരുമൊക്കെ താമസിക്കുന്നത്. നടിമാര്‍ക്കും സംവിധായകനും താമസിക്കാന്‍ തൊട്ടടുത്തുതന്നെ രണ്ടു വീടുകളോടനുബന്ധിച്ചുള്ള മുറികള്‍ സംഘടിപ്പിച്ചതും വിജയന്‍ തന്നെയാണ്. ഗ്രാമപ്രദേശമായതിനാല്‍ വലിയ വാടകയൊന്നും ലഭിക്കുന്ന സ്ഥലമല്ല. പക്ഷേ, നാടകക്കാര്‍ക്കു നല്‍കിയതോടെ ഭേദപ്പെട്ട ദിവസവാടക അവര്‍ക്കു ലഭിക്കുന്നുണ്ട്. ആ തുക സമിതികള്‍ നേരിട്ടു കൊടുക്കണമെന്നുമാത്രം. 

മുത്തിപ്പാറയുടെ സമീപ പട്ടണമായ വെഞ്ഞാറമൂട്ടിലേക്ക് ഏഴു കിലോമീറ്റര്‍ ദൂരമുണ്ട്. നാലഞ്ചു കടകള്‍ മാത്രമുള്ള മുത്തിപ്പാറയുടെ ഇപ്പോഴത്തെ ഊര്‍ജ്ജം ധന്യ നാടകഗ്രാമമാണ്. നാടകങ്ങളുടെ ഫൈനല്‍ റിഹേഴ്സല്‍ ദിവസങ്ങളില്‍ തിരുവനന്തപുരം നഗരത്തില്‍ നിന്നുള്‍പ്പെടെ ആളുകള്‍ മുത്തിപ്പാറയിലെത്തും. നാടകത്തിന്റെ റിഹേഴ്സല്‍ കാണാനും ബുക്ക് ചെയ്യാനുമൊക്കെയാണ് അവര്‍ വരുന്നത്. ആ ദിവസങ്ങളില്‍ മുത്തിപ്പാറയ്ക്ക് ഉല്‍സവത്തിന്റെ പ്രതീതിയാണ്. 

ഇതുവരെയും മുത്തിപ്പാറക്കാരുടെ സഹകരണമാണ് വിജയന്റെ ധൈര്യവും ഊര്‍ജ്ജവും. പകല്‍ സമയത്തും രാത്രിയിലും ഇവിടെ നിന്നുള്ള ശബ്ദകോലാഹലങ്ങള്‍ നാട്ടുകാര്‍ക്കിപ്പോള്‍ സുപരിചിതമാണ്. രാത്രി ഒന്‍പതു മണി വരെയൊക്കെ റിഹേഴ്സല്‍ നടക്കും. റിഹേഴ്സലും ശബ്ദവുമൊക്കെ അല്‍പം നീണ്ടാലും ആരും പരാതി പറയാറില്ല. അവര്‍ക്കൊക്കെ നാടകങ്ങള്‍ തങ്ങളുടെ ജീവിതത്തിന്റെ കൂടി ഭാഗമായാണ് അനുഭവപ്പെടുന്നത്. നാടകങ്ങളിലെ ഡയലോഗുകളും രംഗങ്ങളുമൊക്കെ പലര്‍ക്കും കാണാപ്പാഠം. അതുകൊണ്ടുതന്നെ ഫൈനല്‍ റിഹേഴ്സല്‍ ദിവസങ്ങളില്‍ ധന്യ നാടകഗ്രാമത്തിലെ സദസ്സിലെ കസേരകള്‍ നിറഞ്ഞുകവിയും. നിന്നുകാണാനും ആളുകള്‍ ധാരാളമുണ്ടാകും. വീടുകളില്‍ നിന്ന് സ്ത്രീകളും കുട്ടികളുമൊക്കെ വീട്ടില്‍ ധരിക്കുന്ന വസ്ത്രവും ധരിച്ച് നാടകം കാണാനെത്തും. തികച്ചും സാധാരണക്കാരായ ആ മനുഷ്യര്‍ക്കുമുന്നില്‍ നാടകത്തിന്റെ ആദ്യബെല്‍ മുഴങ്ങും. അവര്‍ കണ്ടുതീര്‍ത്ത നാടകങ്ങള്‍ ഓരോന്നായി കേരളത്തിലെ അരങ്ങുകള്‍തേടി പതിയെ യാത്ര തുടങ്ങും. 

Key Words : 'Kallan Vijayan' ,  Deshabhimani, KR Ajayan, TC Rajesh

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,754,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7828,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18694,Kochi.,2,Latest News,3,lifestyle,346,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2596,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,411,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1056,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1246,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2570,
ltr
item
www.vyganews.com: ‘കള്ളൻ വിജയൻ’ ഫേസ്ബുക്കിലൂടെ വെളിച്ചം കണ്ടു; വിവാദ ഫീച്ചർ സമൂഹ മാധ്യമത്തിൽ പങ്കുവച്ച് എഴുത്തുകാരൻ
‘കള്ളൻ വിജയൻ’ ഫേസ്ബുക്കിലൂടെ വെളിച്ചം കണ്ടു; വിവാദ ഫീച്ചർ സമൂഹ മാധ്യമത്തിൽ പങ്കുവച്ച് എഴുത്തുകാരൻ
https://blogger.googleusercontent.com/img/a/AVvXsEh4GCaiCvQtkGSd2pjqh5SCRvL4tg950JspUQ6WE8TsiPDuxGPnjaGtZD0GrbCBesNAuGMsiiri1foQXHyLwcVyINRD-ccalqwQ7CeijWkTgs2zt0lDiRtQkVSeVmMsqcW1ZVz7_hyIZpLCvcxRkTP_AjUCQvYGo4DXltUGEj2ZtdS56GAYkPu6yTyO-fk7
https://blogger.googleusercontent.com/img/a/AVvXsEh4GCaiCvQtkGSd2pjqh5SCRvL4tg950JspUQ6WE8TsiPDuxGPnjaGtZD0GrbCBesNAuGMsiiri1foQXHyLwcVyINRD-ccalqwQ7CeijWkTgs2zt0lDiRtQkVSeVmMsqcW1ZVz7_hyIZpLCvcxRkTP_AjUCQvYGo4DXltUGEj2ZtdS56GAYkPu6yTyO-fk7=s72-c
www.vyganews.com
https://www.vyganews.com/2026/07/kallan-vijayan-writer-shares.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/07/kallan-vijayan-writer-shares.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy