കുവൈത്ത് സിറ്റി: അമേരിക്ക-ഇറാൻ തർക്കം രൂക്ഷമായതിനെ തുടർന്ന് കുവൈത്തിന് നേരെ ഇറാന്റെ വൻ വ്യോമാക്രമണ ശ്രമം. വ്യാഴാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്...
കുവൈത്ത് സിറ്റി: അമേരിക്ക-ഇറാൻ തർക്കം രൂക്ഷമായതിനെ തുടർന്ന് കുവൈത്തിന് നേരെ ഇറാന്റെ വൻ വ്യോമാക്രമണ ശ്രമം. വ്യാഴാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തെ കുവൈത്തിന്റെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിച്ചു. കുവൈത്ത് വ്യോമാതിർത്തി ലംഘിച്ചെത്തിയ 3 ബാലിസ്റ്റിക് മിസൈലുകൾ, 1 ക്രൂസ് മിസൈൽ, 10 അത്യാധുനിക ഡ്രോണുകൾ എന്നിവ കുവൈത്ത് സായുധസേന ആകാശത്തുവെച്ച് വെടിവെച്ചിട്ടു.
പ്രതിരോധ നടപടികൾക്കിടെ തകർന്ന മിസൈലുകളുടെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ചാണ് ഒരാൾക്ക് പരിക്കേറ്റത്. ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ വ്യക്തമാക്കി. മിസൈൽ അവശിഷ്ടങ്ങൾ വീണ് ചിലയിടങ്ങളിൽ വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും അടിയന്തര വിഭാഗം എത്തി അറ്റകുറ്റപ്പണികൾ നടത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. കുവൈത്തിലെ അമേരിക്കൻ സൈനിക താവളമായ അലി അൽ സാലിം എയർബേസ് ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണം.
മേഖലയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് അയൽരാജ്യങ്ങളായ ബഹ്റൈനിലും ഖത്തറിലും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇരുരാജ്യങ്ങളിലും ഇന്ന് പുലർച്ചെ അപായ സൈറണുകൾ മുഴങ്ങി. ബഹ്റൈനിലുള്ള അമേരിക്കയുടെ അഞ്ചാം നാവികപ്പടയുടെ ആസ്ഥാനം ലക്ഷ്യമിട്ടും ആക്രമണ സാധ്യതയുള്ളതിനാലാണ് കടുത്ത സുരക്ഷാ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. സ്വദേശികളും വിദേശികളും യാതൊരു കാരണവശാലും പരിഭ്രാന്തരാകരുതെന്നും, എത്രയും വേഗം അടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ബഹ്റൈൻ, ഖത്തർ ആഭ്യന്തര മന്ത്രാലയങ്ങൾ കർശന നിർദേശം നൽകിയിട്ടുണ്ട്.
ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ശക്തമായ ബോംബാക്രമണത്തിന് തിരിച്ചടിയായാണ് തങ്ങൾ കുവൈത്തിലെയും ബഹ്റൈനിലെയും യു.എസ് താവളങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തിയതെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മിൽ ദിവസങ്ങളായി നിലനിൽക്കുന്ന കടുത്ത ഭൗമരാഷ്ട്രീയ തർക്കമാണ് നിലവിലെ യുദ്ധപ്രതീതിക്ക് കാരണം.
ഗൾഫ് മേഖലയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും ഔദ്യോഗികവും വിശ്വസനീയവുമായ സ്രോതസ്സുകളിൽ നിന്നുള്ള സുരക്ഷാ നിർദ്ദേശങ്ങൾ മാത്രം പൊതുജനങ്ങൾ പാലിക്കണമെന്നും പ്രതിരോധ മന്ത്രാലയങ്ങൾ അറിയിച്ചു.
Key Words: Airstrike, Kuwait

COMMENTS