ന്യൂഡൽഹി: വിമാനയാത്രയിൽ ചെക്ക്ഡ്-ഇൻ ബാഗേജ് ഇല്ലാതെ, ഹാൻഡ് ലഗേജ് മാത്രം കരുതി യാത്ര ചെയ്യുന്നവർക്കായി കുറഞ്ഞ നിരക്കിലുള്ള പുതിയ ടിക്കറ്റ് പ്ല...
ന്യൂഡൽഹി: വിമാനയാത്രയിൽ ചെക്ക്ഡ്-ഇൻ ബാഗേജ് ഇല്ലാതെ, ഹാൻഡ് ലഗേജ് മാത്രം കരുതി യാത്ര ചെയ്യുന്നവർക്കായി കുറഞ്ഞ നിരക്കിലുള്ള പുതിയ ടിക്കറ്റ് പ്ലാൻ പ്രഖ്യാപിച്ച് പ്രമുഖ ബജറ്റ് എയർലൈനായ ഇൻഡിഗോ. 'ഇൻഡിഗോ ലൈറ്റ്'എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ നിരക്ക് കുറഞ്ഞ ദിവസത്തെ യാത്രകൾ നടത്തുന്നവർക്കും പ്രവാസികൾക്കും ഏറെ ലാഭകരമാകും.യാത്രക്കാർ ഉപയോഗിക്കുന്ന സേവനങ്ങൾക്ക് മാത്രം പണം ഈടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഈ പുതിയ എൻട്രി ലെവൽ നിരക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യുന്ന മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഈ ആനുകൂല്യം ലഭിക്കും.
യാത്രക്കാർക്ക് 7 കിലോഗ്രാം വരെയുള്ള ഒരു ക്യാബിൻ ബാഗ് (ഹാൻഡ് ലഗേജ്) സൗജന്യമായി വിമാനത്തിനുള്ളിൽ കൊണ്ടുപോകാം. എന്നാൽ സൗജന്യ ചെക്ക്-ഇൻ ബാഗേജ് അനുവദിക്കില്ല. ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിലെ നേരിട്ടുള്ള വിമാന സർവീസുകൾക്കാണ് ഈ ഓഫർ ലഭ്യമാകുക. കണക്റ്റിംഗ് ഫ്ലൈറ്റുകൾക്കും ഗ്രൂപ്പ് ബുക്കിംഗുകൾക്കും ഇത് ബാധകമല്ല.
ഈ പദ്ധതി പ്രകാരമുള്ള ടിക്കറ്റ് ബുക്കിംഗ് ഇന്ന് മുതൽ ആരംഭിച്ചു. 2026 ജൂലൈ 15 മുതലുള്ള യാത്രകൾക്കാണ് ഈ നിരക്ക് ബാധകമാകുക. അധിക തുക ഈടാക്കാതെ സിസ്റ്റം സ്വയം സീറ്റുകൾ നൽകുന്ന രീതിയായിരിക്കും ഇതിലുണ്ടാകുക.
ഇൻഡിഗോയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, കസ്റ്റമർ കെയർ സെന്റർ എന്നിവ പോലുള്ള നേരിട്ടുള്ള മാധ്യമങ്ങളിലൂടെ മാത്രമേ 'ഇൻഡിഗോ ലൈറ്റ്' ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കൂ എന്ന് കമ്പനി അറിയിച്ചു. യാത്രയ്ക്കിടയിൽ അധിക ലഗേജ് കൊണ്ടുപോകേണ്ടി വരികയോ, ഭക്ഷണമോ ഇഷ്ടമുള്ള സീറ്റോ ആവശ്യമായി വരികയോ ചെയ്താൽ വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് വരെ അധിക തുക നൽകി ആഡ്-ഓണുകളായി ഇവ വാങ്ങാൻ സാധിക്കും.
Key Words : IndiGo Lite Scheme, Ticket Booking

COMMENTS