ന്യൂഡൽഹി: യുക്രെയ്ൻ തീരത്ത് പോർച്ചുഗീസ് പതാകയുള്ള ചരക്കുകപ്പലിൽ നിന്ന് ഇന്ത്യൻ നാവികനെ കാണാതായി. ഹരിയാനയിലെ ഭിവാനി സ്വദേശിയായ ദീപക് ദുഡ്ഡി (...
ന്യൂഡൽഹി: യുക്രെയ്ൻ തീരത്ത് പോർച്ചുഗീസ് പതാകയുള്ള ചരക്കുകപ്പലിൽ നിന്ന് ഇന്ത്യൻ നാവികനെ കാണാതായി. ഹരിയാനയിലെ ഭിവാനി സ്വദേശിയായ ദീപക് ദുഡ്ഡി (20) എന്ന നാവികനെയാണ് ജൂലൈ 2 മുതൽ കാണാതായത്. യുക്രെയ്നിലെ ഒഡേസ (Odesa) തീരത്തിന് സമീപം വച്ചാണ് സംഭവം.
ഒരു തുർക്കി കമ്പനിയുടെ ഉടമസ്ഥതയിലുള്ള 'ഡെൻസ ഡെനിസ്' (Densa Deniz) എന്ന ഓയിൽ ടാങ്കർ കപ്പലിലെ ജീവനക്കാരനായിരുന്നു ദീപക്. നാവികൻ കടലിൽ വീണതാകാമെന്നാണ് കപ്പൽ കമ്പനി അധികൃതർ നൽകുന്ന പ്രാഥമിക വിശദീകരണം. യുക്രെയ്ൻ മാരിടൈം അതോറിറ്റിയുടെ നേതൃത്വത്തിൽ കടലിൽ വിപുലമായ തിരച്ചിൽ നടത്തിയെങ്കിലും ഇതേവരെ കണ്ടെത്താനായിട്ടില്ല.അതേസമയം, സംഭവത്തിൽ കടുത്ത ദുരൂഹതയുണ്ടെന്ന് ദീപകിന്റെ കുടുംബം ആരോപിക്കുന്നു.
കാണാതാകുന്നതിന് വെറും ഒന്നര മണിക്കൂർ മുൻപും ദീപക് നാട്ടിലുള്ള കുടുംബവുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്നു. അപ്പോൾ യാതൊരുവിധ പ്രശ്നങ്ങളും ഉള്ളതായി തോന്നിയിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.വിഷയത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയവും യുക്രെയ്നിലെ ഇന്ത്യൻ എംബസിയും അടിയന്തരമായി ഇടപെടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ദീപകിനെ കണ്ടെത്താൻ നയതന്ത്രതലത്തിൽ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ഭിവാനി-മഹേന്ദ്രഗഡ് എംപി ധർമ്മബീർ സിംഗ് വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന ആവശ്യവുമായി നാവികന്റെ സുഹൃത്തുക്കളും കുടുംബവും സോഷ്യൽ മീഡിയയിലൂടെയും രംഗത്തുണ്ട്.
Key Words : Indian sailor Missing, Ukraine

COMMENTS