ലണ്ടൻ: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉണ്ടായേക്കാമായിരുന്ന വൻ ആണവയുദ്ധം ഒഴിവാക്കിയത് താനാണെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്ര...
ലണ്ടൻ: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉണ്ടായേക്കാമായിരുന്ന വൻ ആണവയുദ്ധം ഒഴിവാക്കിയത് താനാണെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. തന്റെ സമയോചിതമായ ഇടപെടൽ മൂലം 3 മുതൽ 5 കോടി വരെ ആളുകളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതായി ട്രംപ് അവകാശപ്പെട്ടു.
യുകെയിലെ ആർഎഎഫ് മൈൽഡൻഹോളിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം."ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം കനത്ത നാശനഷ്ടങ്ങളിലേക്ക് നീങ്ങുകയായിരുന്നു. ഇരുരാജ്യങ്ങളും ആണവായുധങ്ങൾ പ്രയോഗിക്കാൻ തയ്യാറെടുക്കുന്ന ഘട്ടത്തിലാണ് താൻ ഇടപെട്ടത്. ഒരാഴ്ചയോളം നീണ്ട സംഘർഷത്തിനിടെ 11 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു. യുദ്ധം നിർത്തിയില്ലെങ്കിൽ 200 ശതമാനം വരെ ഇറക്കുമതി താരിഫ് ചുമത്തുമെന്ന് താൻ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും പിന്മാറിയത്.
കോടിക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ച ഈ സമാധാന ശ്രമങ്ങൾക്ക് തനിക്ക് നൊബേൽ സമ്മാനം ലഭിക്കേണ്ടതായിരുന്നു," ട്രംപ് പറഞ്ഞു.തന്റെ ഇടപെടൽ വഴി കോടിക്കണക്കിന് ജീവനുകൾ രക്ഷിച്ചതായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് തന്നെ തന്നോട് സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം മേയിൽ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' വ്യോമാക്രമണത്തെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിൽ കടുത്ത അതിർത്തി സംഘർഷം ഉണ്ടായത്.
അതേസമയം, ട്രംപിന്റെ മധ്യസ്ഥതാ അവകാശവാദങ്ങളെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പൂർണ്ണമായും തള്ളിക്കളഞ്ഞു. ഇന്ത്യ-പാക് സംഘർഷത്തിൽ അമേരിക്ക ഉൾപ്പെടെയുള്ള ഒരു മൂന്നാം കക്ഷിയുടെയും മധ്യസ്ഥതയോ ഇടപെടലോ ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇരുരാജ്യങ്ങളിലെയും മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ (DGMO) നേരിട്ട് നടത്തിയ ചർച്ചകളെയും ആശയവിനിമയങ്ങളെയും തുടർന്നാണ് സൈനിക നടപടികൾ അവസാനിപ്പിച്ചതെന്നും ഇന്ത്യ ആവർത്തിച്ചു.
Key Words : Nuclear War, India-Pakistan War, Donald Trump

COMMENTS