ഹൈദരാബാദ്: സിനിമാ ചിത്രീകരണത്തിനായി ക്യാമറകളും ലൈറ്റിംഗ് ഉപകരണങ്ങളും വാടകയ്‌ക്കെടുത്ത വകയിൽ കോടികളുടെ കുടിശ്ശിക വരുത്തിയെന്ന പരാതിയിൽ പ്രമുഖ...
ഹൈദരാബാദ്: സിനിമാ ചിത്രീകരണത്തിനായി ക്യാമറകളും ലൈറ്റിംഗ് ഉപകരണങ്ങളും വാടകയ്‌ക്കെടുത്ത വകയിൽ കോടികളുടെ കുടിശ്ശിക വരുത്തിയെന്ന പരാതിയിൽ പ്രമുഖ തെന്നിന്ത്യൻ നടൻ ആര്യയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഹൈദരാബാദിലെ ജൂബിലി ഹിൽസ് പോലീസാണ് നടൻ ആര്യ, ചിത്രത്തിന്റെ നിർമാതാവ് വിനോദ്, നടന്റെ പേഴ്‌സണൽ അസിസ്റ്റന്റ് കിഷോർ എന്നിവർക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്.
'അനന്തൻകാട്' എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'താഹെർ സിനി ടെക്നിക്' എന്ന ക്യാമറ എക്യുപ്‌മെന്റ് റെന്റൽ കമ്പനിയാണ് പരാതി നൽകിയത്.
സിനിമയുടെ ചിത്രീകരണത്തിനായി ഉപകരണങ്ങളും സാങ്കേതിക സഹായവും നൽകിയ ഇനത്തിൽ ആകെ 2.12 കോടി രൂപയുടെ ബില്ലാണ് കമ്പനി നൽകിയത്. ഇതിൽ ചെറിയൊരു തുക മാത്രമാണ് കമ്പനിക്ക് ലഭിച്ചത്. ബാക്കി 1.80 കോടി രൂപ നൽകി പറ്റിപ്പിച്ചു എന്നാണ് പരാതി.
പ്രൊഡക്ഷൻ ഹൗസ് തുക പൂർണ്ണമായി അടയ്ക്കുമെന്നതിന് നടൻ ആര്യ വ്യക്തിപരമായ ഉറപ്പ് നൽകിയിരുന്നതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. സിനിമ റിലീസ് ചെയ്യുന്നതിന് മുൻപായി കുടിശ്ശിക തീർക്കാമെന്ന് നിർമാതാക്കൾ രേഖാമൂലം ഉറപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് പണം നൽകാൻ തയ്യാറായില്ല.
ബാക്കി തുക ആവശ്യപ്പെട്ട് സമീപിച്ച കമ്പനി മാനേജരെ പ്രതികൾ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 316(2) (ക്രിമിനൽ വിശ്വാസവഞ്ചന), 318(2) (വഞ്ചന) എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Key Words : Camera Equipment Case, Actor Arya

COMMENTS