വാഷിംഗ്ടൺ: യുഎസിൽ ഉപരിപഠനത്തിന് ശേഷം ജോലി സ്വപ്നം കാണുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കടുത്ത ആശങ്ക സമ്മാനിച്ച് പുതിയ വിസ പരിഷ്ക...
വാഷിംഗ്ടൺ: യുഎസിൽ ഉപരിപഠനത്തിന് ശേഷം ജോലി സ്വപ്നം കാണുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കടുത്ത ആശങ്ക സമ്മാനിച്ച് പുതിയ വിസ പരിഷ്കാര നിർദ്ദേശങ്ങളുമായി ഡോണൾഡ് ട്രംപ് ഭരണകൂടം. പഠനശേഷം അമേരിക്കയിൽ തുടർന്ന് ജോലി ചെയ്യുന്നതിനുള്ള 'ഓപ്ഷണൽ പ്രായോഗിക പരിശീലനം' (OPT) പ്രോഗ്രാമിന് 1,00,000 യുഎസ് ഡോളർ (ഏകദേശം 95 ലക്ഷം രൂപ) ഭീമമായ ഫീസ് ഏർപ്പെടുത്താനാണ് ട്രംപ് ഭരണകൂടം ആലോചിക്കുന്നത്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ വാൾ സ്ട്രീറ്റ് ജേണലാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
നിലവിൽ വിദേശ വിദ്യാർത്ഥികൾക്ക് പഠനശേഷം 1 വർഷം വരെയും, സ്റ്റെം കോഴ്സുകൾ പഠിച്ചവർക്ക് 3 വർഷം വരെയും ഒപിടി വഴി യുഎസിൽ ജോലി ചെയ്യാനാകും. എന്നാൽ പുതിയ നിർദ്ദേശം നടപ്പിലായാൽ ഇത് വലിയൊരു സാമ്പത്തിക പ്രതിസന്ധിയാകും. ഈ തുക വിദ്യാർത്ഥികളാണോ അതോ കമ്പനികളാണോ ഒടുക്കേണ്ടതെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. എങ്കിലും, കമ്പനികളാണ് ഇത് നൽകേണ്ടതെങ്കിൽ അവർ വിദേശികൾക്ക് പകരം അമേരിക്കൻ സ്വദേശികൾക്ക് മുൻഗണന നൽകാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികളാണ് നൽകേണ്ടതെങ്കിൽ സാധാരണക്കാർക്ക് ഇത് താങ്ങാനാകില്ല.
ഇതോടൊപ്പം വിദ്യാർത്ഥികളുടെ വിസ കാലാവധിയിലും വലിയ മാറ്റങ്ങൾ വരുന്നുണ്ട്. മുൻപ് കോഴ്സ് തീരുന്നതുവരെ യുഎസിൽ തുടരാമായിരുന്ന രീതി അവസാനിപ്പിച്ച് വിസ കാലാവധി പരമാവധി നാല് വർഷമായി പരിമിതപ്പെടുത്തും. അതിൽ കൂടുതൽ കാലയളവുള്ള കോഴ്സുകൾക്ക് പ്രത്യേകം അനുമതി വാങ്ങേണ്ടി വരും.
നിലവിൽ 3.3 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളാണ് യുഎസിൽ പഠിക്കുന്നത്. നിലവിൽ ഇതൊരു നിർദ്ദേശം മാത്രമാണെങ്കിലും, ഭാവിയിൽ അമേരിക്കൻ ഉപരിപഠനവും ജോലിയും കൂടുതൽ ചെലവേറിയതും കർശനമായ നിയമങ്ങൾ നിറഞ്ഞതുമാകുമെന്ന സൂചനയാണ് ഇത് നൽകുന്നത്.
Key Words : Donald Trump, Indian Students, Trump Administration

COMMENTS