തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ പെയ്യുന്ന കനത്ത മഴയിലും പ്രളയക്കെടുതിയിലും വ്യാപക നാശനഷ്ടം. മഴക്കെടുതികളിൽ പെട്ട് ഇതുവരെ ആറുപേർ മരണമടഞ്ഞു....
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ പെയ്യുന്ന കനത്ത മഴയിലും പ്രളയക്കെടുതിയിലും വ്യാപക നാശനഷ്ടം. മഴക്കെടുതികളിൽ പെട്ട് ഇതുവരെ ആറുപേർ മരണമടഞ്ഞു. മലയോര മേഖലകളിലും നഗരങ്ങളിലും ഒരുപോലെ ദുരിതം വിതച്ചുകൊണ്ടാണ് കാറ്റും മഴയും തുടരുന്നത്. പലയിടങ്ങളിലും റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് സംസ്ഥാനത്തെ ഗതാഗത സംവിധാനം പൂർണ്ണമായും താറുമാറായിരിക്കുകയാണ്.
നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് ഇടുക്കിയിലെ മലങ്കര ഡാമിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി 1.50 മീറ്റർ വരെ ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. തൊടുപുഴയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
കഴിഞ്ഞദിവസം ഉരുൾപൊട്ടലുണ്ടായ കോഴിക്കോട് വിലങ്ങാട് മേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പ്രദേശവാസികൾക്ക് അധികൃതർ അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രകൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി.
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് മഹാത്മാഗാന്ധി (എംജി) സർവകലാശാല തിങ്കളാഴ്ച (ഓഗസ്റ്റ് 3) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കും. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനമാരംഭിച്ച വിവിധ ജില്ലകളിൽ സ്കൂളുകൾക്കും കോളേജുകൾക്കും പ്രാദേശികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ക്യാമ്പുകളിലേക്ക് മാറണമെന്നും, പുഴകളിലും ജലാശയങ്ങളിലും ഇറങ്ങരുതെന്നും റവന്യൂ അധികൃതർ കർശന നിർദേശം നൽകി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്.
ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളില്‍ ക്യാംപ് ചെയ്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി നിർദേശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിര്‍വഹിക്കും. മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എംഎല്‍എമാരുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം കലക്ടര്‍മാര്‍ക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കാനുള്ള നിര്‍ദേശവും നല്‍കി.
രണ്ടു പേരെ കാണാതായ തിരുവനന്തപുരം മുതലപ്പൊഴിയില്‍ കോസ്റ്റ് ഗാര്‍ഡ് ഉള്‍ക്കടലില്‍ തിരച്ചില്‍ നടത്തുകയാണ്. മറൈന്‍ എന്‍ഫോഴ്സ്‌മെന്റ് സംഘവും സ്ഥലത്തുണ്ട്. ആലപ്പുഴ ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ ഹൗസ്ബോട്ടുകൾ, ശിക്കാര വള്ളങ്ങൾ, ചെറുവള്ളങ്ങൾ, കനോയിംഗ്, കായാക്കിങ്, സ്പീഡ് ബോട്ടുകൾ തുടങ്ങിയവയുടെ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തി
Key Words : Kerala Rain

COMMENTS