തൃശൂര്‍ : തൃശൂരിലെ ഒരു ലോഡ്ജ് മുറിയില്‍ യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. തൃപ്രയാറിനടുത്ത് എടമുട്ടം സ്വദേശിയായ ജ്യോതി ...
തൃശൂര്‍ : തൃശൂരിലെ ഒരു ലോഡ്ജ് മുറിയില്‍ യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. തൃപ്രയാറിനടുത്ത് എടമുട്ടം സ്വദേശിയായ ജ്യോതി (30) എന്ന യുവതിയെയും പ്രസവിച്ചയുടനെയുള്ള കുഞ്ഞിനെയുമാണ് തൃശ്ശൂര്‍ വെളിയന്നൂരിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വൈദ്യസഹായമോ മറ്റാരുടെയും പിന്തുണയോ ഇല്ലാതെ ലോഡ്ജ് മുറിക്കുള്ളില്‍ യുവതി പ്രസവിച്ചതാകാം മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ജൂണ്‍ 27ന് ഓട്ടോറിക്ഷാ തൊഴിലാളിയായ ഒരു സുഹൃത്തിനൊപ്പമാണ് ജ്യോതി ലോഡ്ജില്‍ മുറിയെടുത്തത്. യുവാവ് പിന്നീട് പുറത്തേക്കു പോയി. തുടര്‍ന്ന് മൂന്ന് ദിവസങ്ങളില്‍ യുവതി മുറിയില്‍ നിന്ന് പുറത്തിറങ്ങിയിരുന്നില്ല.
രണ്ട് ദിവസമായി ഫോണ്‍ വിളിച്ചിട്ട് ജ്യോതി പ്രതികരിക്കുന്നില്ലെന്ന് കാണിച്ച് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ലോഡ്ജ് ജീവനക്കാരെ വിവരമറിയിച്ചു. തുടര്‍ന്ന് ജീവനക്കാര്‍ പരിശോധിച്ചപ്പോള്‍ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
ലോഡ്ജ് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. അകത്തുനിന്ന് പൂട്ടിയ വാതില്‍ പൊളിച്ചു അകത്തുകയറിയപ്പോഴാണ് ജ്യോതിയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രസവത്തെക്കുറിച്ചും മരണത്തിന്റെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ചും വ്യക്തത വരുത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയോടൊപ്പം ലോഡ്ജില്‍ എത്തിയ ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Key Words : Delivery, New Born Died

COMMENTS