കാരക്കാസ്: വെനസ്വേലയെ തകിടം മറിച്ച് ഒരു മിനിറ്റിനിടെയുണ്ടായ അതീവ ശക്തമായ രണ്ട് ഭൂകമ്പങ്ങളിൽ മരിച്ചവരുടെ എണ്ണം 164 ആയി ഉയർന്നു. ആയിരത്തിലധികം...
കാരക്കാസ്: വെനസ്വേലയെ തകിടം മറിച്ച് ഒരു മിനിറ്റിനിടെയുണ്ടായ അതീവ ശക്തമായ രണ്ട് ഭൂകമ്പങ്ങളിൽ മരിച്ചവരുടെ എണ്ണം 164 ആയി ഉയർന്നു. ആയിരത്തിലധികം ആളുകൾക്ക് പരുക്കേറ്റതായാണ് ഔദ്യോഗിക സ്ഥിരീകരണം. അവശിഷ്ടങ്ങൾക്കിടയിൽ നൂറുകണക്കിന് ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും വൻതോതിൽ ഉയർന്നേക്കാമെന്ന് യു.എസ്. ജിയോളജിക്കൽ സർവേ മുന്നറിയിപ്പ് നൽകി. ദുരന്തത്തെത്തുടർന്ന് വെനസ്വേലൻ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങളാണ് രാജ്യത്തെ നടുക്കിയത്. തലസ്ഥാനമായ കാരക്കാസ്, തീരദേശ നഗരമായ ലാ ഗൈ്വറ ഉൾപ്പെടെയുള്ള വടക്കൻ-മധ്യ പ്രവിശ്യകളെയാണ് ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചത്. ഇവിടെ നിരവധി ബഹുനില കെട്ടിടങ്ങളും വീടുകളും ഹോട്ടലുകളും പൂർണ്ണമായി തകർന്നു വീണു. കാരക്കാസിലെ പ്രധാന വിമാനത്താവളമായ സിമോൺ ബൊളിവർ അന്താരാഷ്ട്ര വിമാനത്താവളത്തിന് കടുത്ത കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് താൽക്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണ്.
വൈദ്യുതി ബന്ധവും ടെലിഫോൺ-ഇന്റർനെറ്റ് ശൃംഖലകളും പൂർണ്ണമായും തകരാറിലായതിനാൽ വിവരങ്ങൾ കൈമാറുന്നതിനും രക്ഷാപ്രവർത്തനത്തിനും കടുത്ത തടസ്സം നേരിടുന്നുണ്ട്. പ്രധാന ഭൂചലനങ്ങൾക്ക് ശേഷം മുപ്പതോളം ശക്തമായ തുടർചലനങ്ങളാണ് രാജ്യത്ത് അനുഭവപ്പെട്ടത്. വീടുകൾ തകർന്നതിനാലും തുടർചലനങ്ങളെ ഭയന്നും ആയിരക്കണക്കിന് ആളുകളാണ് തെരുവുകളിൽ അഭയം തേടിയിരിക്കുന്നത്. കരീബിയൻ ദ്വീപുകളിലും അയൽരാജ്യമായ കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
അതിനിടെ, തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തകർ വൻതോതിലുള്ള തിരച്ചിൽ തുടരുകയാണ്. ദുരന്തബാധിതരെ സഹായിക്കാൻ അമേരിക്ക, സ്പെയിൻ, ജർമ്മനി, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾ അടിയന്തിര രക്ഷാപ്രവർത്തകരെയും മെഡിക്കൽ സാമഗ്രികളും സൈനിക വിമാനങ്ങളും വെനസ്വേലയിലേക്ക് അയക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. രാജ്യം പുനർനിർമ്മിക്കുന്നതിനായി 200 മില്യൺ ഡോളറിന്റെ പ്രാരംഭ ഫണ്ട് രൂപീകരിക്കാൻ അന്താരാഷ്ട്ര നാണയ നിധിയുമായി ചർച്ചകൾ നടന്നു വരികയാണ്. 1900-ന് ശേഷം വെനസ്വേലയിലുണ്ടാകുന്ന ഏറ്റവും ശക്തമായ ഭൂകമ്പമാണിത്.
Key Words : Venezuela, Earthquake

COMMENTS