തിരുവനന്തപുരം: ഇറാൻ-ഇസ്രയേൽ യുദ്ധസാഹചര്യങ്ങൾ കാരണം ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽനഷ്ടവും ജീവനോപാധികളുടെ പ്രതിസന്ധിയും നേരിടുന്ന സംസ്ഥാനങ്ങളു...
തിരുവനന്തപുരം: ഇറാൻ-ഇസ്രയേൽ യുദ്ധസാഹചര്യങ്ങൾ കാരണം ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽനഷ്ടവും ജീവനോപാധികളുടെ പ്രതിസന്ധിയും നേരിടുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം മൂന്നാമതെന്ന് റിപ്പോർട്ട്.
രാജ്യാന്തര വികസന കൺസൽറ്റന്റ് സംഘടനയായ ഐപിഇ ഗ്ലോബൽ പുറത്തുവിട്ട ഏറ്റവും പുതിയ പഠന റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്.
യുദ്ധപ്രതിസന്ധി മൂലം രാജ്യത്താകെ 1 മുതൽ 1.2 കോടി വരെ ആളുകളുടെ ജീവനോപാധികൾ അപകടത്തിലാകുമ്പോൾ, കേരളത്തിൽ മാത്രം 15 ലക്ഷം മുതൽ 20 ലക്ഷം വരെ ആളുകളുടെ തൊഴിലിനെ ഇത് നേരിട്ടോ ഭാഗികമായോ ബാധിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. പട്ടികയിൽ 35 മുതൽ 40 ലക്ഷം വരെ ആളുകൾക്ക് തൊഴിൽ ഭീഷണിയുള്ള ഉത്തർപ്രദേശാണ് ഒന്നാമത്. 20 മുതൽ 25 ലക്ഷം പേരുടെ തൊഴിൽ പ്രതിസന്ധിയിലായ ബിഹാർ രണ്ടാം സ്ഥാനത്താണ്.
കാരണം ഗൾഫ് ആശ്രയത്വവും ഇന്ധന പ്രതിസന്ധിയും
കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ തൊഴിലിനെ ആശ്രയിച്ചു കഴിയുന്നതാണ് സംസ്ഥാനത്തിന് തിരിച്ചടിയായത്. യുദ്ധം കാരണം പ്രവാസികളുടെ തൊഴിൽ സുരക്ഷിതത്വം ഇല്ലാതാകുന്നതും നാട്ടിലേക്കുള്ള പണമൊഴുക്ക് കുറയുന്നതും കേരള സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കും. കൂടാതെ, ഇന്ത്യക്കാവശ്യമായ ക്രൂഡ് ഓയിലിന്റെ 85 ശതമാനവും ഈ മേഖലയിൽ നിന്നായതിനാൽ കടുത്ത വിലക്കയറ്റത്തിനും ഇന്ധന ക്ഷാമത്തിനും ഇത് കാരണമാകുന്നു. പരമ്പരാഗത ഊർജ ഇന്ധനങ്ങളെ മാത്രം ആശ്രയിക്കുന്നതും ഹരിത തൊഴിൽ മേഖലകളുടെ അഭാവവുമാണ് കേരളത്തെ മൂന്നാം സ്ഥാനത്തെത്തിച്ചത്.
ഈ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പരമ്പരാഗത രീതികളിൽ നിന്ന് മാറി സംസ്ഥാനം ഉടൻ തന്നെ 'ഹരിത സമ്പദ്‌വ്യവസ്ഥയിലേക്ക്' വഴിമാറണമെന്ന് ഐപിഇ ഗ്ലോബൽ മാനേജിങ് ഡയറക്ടർ അശ്വജിത് സിങ് നിർദേശിക്കുന്നു. സൗരോർജം, ഹരിത ഹൈഡ്രജൻ, ജൈവകൃഷി, ജൈവ ഇന്ധന നിർമാണം തുടങ്ങിയ മേഖലകളിൽ കേരളം വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്.തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ ഹരിത ഊർജ മേഖലകളിൽ വലിയ മുന്നേറ്റം നടത്തുന്നുണ്ട്. ഹരിത സമ്പദ്‌വ്യവസ്ഥയിലൂടെ 2047-ഓടെ ഇന്ത്യയിൽ 3.5 കോടി പുതിയ ഹരിത തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
Key Worsds : West Asian War , Iran US War, Kerala

COMMENTS