തിരുവനന്തപുരം : കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ചിന്നക്കനാലിൽ ഉണ്ടായ കാട്ടാന ആക്രമണത്തിന്റെ കാരണങ്ങൾ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപ...
തിരുവനന്തപുരം : കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ചിന്നക്കനാലിൽ ഉണ്ടായ കാട്ടാന ആക്രമണത്തിന്റെ കാരണങ്ങൾ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് മൂന്നാർ ഡി എഫ് ഒക്ക് നിർദ്ദേശം നൽകി. കാട്ടാനകൾക്ക് സുഗമമായി കടന്നു പോകാനുള്ള ആനത്താരകൾ ഇല്ലാത്തതു കാരണമാണോ ആക്രമണങ്ങൾ വർധിക്കുന്നതെന്ന് കണ്ടെത്തണം. ഇത്തരം ആക്രമണങ്ങൾ തടയാൻ സ്വീകരിച്ച മാർഗ്ഗങ്ങളുടെ വിശദാംശങ്ങൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണം. ജൂൺ 9 ന് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ അനന്തരാവകാശികളുടെ വിശദ വിവരങ്ങൾ റിപ്പോർട്ടിലുണ്ടാവണം. കുടുംബത്തിന് നിയമപ്രകാരം നൽകിയ നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട് 3 ആഴചക്കകം കമ്മീഷനിൽ സമർപ്പിക്കണം.
മക്കളെ സ്കൂൾ ബസിൽ കയറ്റിവിടാൻ പോയപ്പോഴാണ് യുവതിയെ കാട്ടാന ചവിട്ടിക്കൊന്നത്. ഒരു വർഷം മുമ്പ് യുവതിയുടെ ഭർത്താവ് രോഗ ബാധിതനായി മരിച്ചു. ഇതോടെ പതിനഞ്ചും പതിനൊന്നും വയസുള്ള രണ്ടു കുട്ടികൾ അനാഥരായി. അച്ഛനും അമ്മയും മരിച്ച സാഹചര്യത്തിൽ മക്കൾക്ക് നഷ്ടപരിഹാരം എങ്ങനെയാണ് നൽകുന്നത് എന്നതിന്റെ വിശദാംശങ്ങൾ റിപ്പോർട്ടിൽ ഉണ്ടാവണം. കുട്ടികളെ പട്ടിക വർഗവികസന വകുപ്പിന്റെയോ അതോ മറ്റേതെങ്കിലും എയ്ഡഡ് ബോർഡിംഗ് സ്കൂളിലോ ചേർത്തോ എന്ന് ജില്ലാകളക്ടറുടെ നേതൃത്വത്തിൽ വിലയിരുത്തണം.
ഡി എഫ് ഒ, ജില്ലാ പട്ടികവർഗ വികസന ഓഫീസർ, ജില്ലാ സാമൂഹിക നീതി ഓഫീസർ എന്നിവരുടെ സേവനം ഇക്കാര്യത്തിൽ ജില്ലാ കളക്ടർക്ക് തേടാവുന്നതാണ്. കുട്ടികൾക്ക് സർക്കാർ അനുവദിക്കുന്ന നഷ്ട പരിഹാരം ആരും ദുരുപയോഗം ചെയ്യാതിരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ ജില്ലാ കളക്ടർ മൂന്നാഴ്ചക്കകം കമ്മീഷനെ അറിയിക്കണം.
ജില്ലാ കളക്ടറുടെ പ്രതിനിധി, ഡി എഫ് ഒയുടെ പ്രതിനിധിയായി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവർ ജൂലൈ15ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് തൊടുപുഴ റസ്റ്റ് ഹൗസിൽ നടത്തുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരായി വസ്തുതകൾ കമ്മീഷനെ ധരിപ്പിക്കണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Key Words : The Human Rights Commission, Chinnakanal

COMMENTS