മനുഷ്യ ചരിത്രത്തെയും നിർമാണ വൈദഗ്ധ്യത്തെയും കുറിച്ചുള്ള നിലവിലെ ധാരണകളെ തിരുത്തിക്കുറിക്കുന്ന അപൂർവ പുരാവസ്തു കണ്ടെത്തൽ. സ്കോട്ട്ലൻഡിലെ ...
മനുഷ്യ ചരിത്രത്തെയും നിർമാണ വൈദഗ്ധ്യത്തെയും കുറിച്ചുള്ള നിലവിലെ ധാരണകളെ തിരുത്തിക്കുറിക്കുന്ന അപൂർവ പുരാവസ്തു കണ്ടെത്തൽ. സ്കോട്ട്ലൻഡിലെ 'ഐൽ ഓഫ് ലൂയിസ്' ദ്വീപിലുള്ള 'ലോക്ക് ബോർഗസ്റ്റൈൽ' തടാകത്തിൽ അയ്യായിരത്തിലധികം വർഷം പഴക്കമുള്ള കൃത്രിമ ദ്വീപിന്റെ (Crannog) തടികൊണ്ടുള്ള അടിത്തറ ഗവേഷകർ കണ്ടെത്തി.ലോകപ്രശസ്തമായ ഈജിപ്തിലെ പിരമിഡുകളേക്കാളും ഇംഗ്ലണ്ടിലെ സ്റ്റോൺഹെഞ്ചിനേക്കാളും പഴക്കമുള്ളതാണ് വെള്ളത്തിനടിയിൽ കണ്ടെത്തിയ ഈ നിർമ്മിതിയെന്ന് കാർബൺ ഡേറ്റിങ് പരിശോധനകൾ സ്ഥിരീകരിക്കുന്നു.തടാകത്തിന് നടുവിൽ കല്ലുകൾ കൂട്ടിയിട്ട നിലയിലാണ് ഈ ദ്വീപ് കാണപ്പെടുന്നത്. എന്നാൽ വെള്ളത്തിനടിയിൽ നടത്തിയ വിശദമായ പരിശോധനയിൽ കല്ലുകൾക്ക് താഴെയായി 23 മീറ്റർ (75 അടി) വീതിയുള്ള വൃത്താകൃതിയിലുള്ള വലിയൊരു മരത്തറ കണ്ടെത്തി.
ബി.സി.ഇ 3500-നും 3300-നും ഇടയിൽ, അതായത് നവശിലായുഗ കാലത്ത് ജീവിച്ചിരുന്ന മനുഷ്യരാണ് ഈ തടി അടിത്തറ നിർമിച്ചതെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.ഇത്തരം കൃത്രിമ ദ്വീപുകൾ ഇരുമ്പുയുഗത്തിൽ മാത്രമാണ് നിർമിച്ചു തുടങ്ങിയതെന്നായിരുന്നു ഇതുവരെയുള്ള ചരിത്ര നിഗമനം. എന്നാൽ പുതിയ കണ്ടെത്തലോടെ, അയ്യായിരം വർഷം മുൻപ് ജീവിച്ചിരുന്ന മനുഷ്യർക്ക് വെള്ളത്തിന് മുകളിൽ വലിയ ഘടനകൾ നിർമിക്കാനുള്ള അത്യാധുനിക എഞ്ചിനീയറിങ് വൈദഗ്ധ്യം ഉണ്ടായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണ്.ദ്വീപിന് ചുറ്റുമുള്ള വെള്ളത്തിൽ നിന്ന് നവശിലായുഗ കാലത്തെ നൂറുകണക്കിന് മൺപാത്രങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
കരയിൽ നിന്ന് ഈ ദ്വീപിലേക്ക് നടന്നുപോകാൻ വെള്ളത്തിനടിയിലൂടെ കല്ലുപാതയും നിർമിച്ചിരുന്നു. വലിയ രീതിയിലുള്ള സദ്യകൾക്കോ, സാമൂഹിക ഒത്തുചേരലുകൾക്കോ അല്ലെങ്കിൽ പ്രത്യേക ആചാരങ്ങൾക്കോ വേണ്ടിയാകാം ഈ കൃത്രിമ ദ്വീപ് ഉപയോഗിച്ചിരുന്നതെന്നാണ് പുരാവസ്തു ഗവേഷകരുടെ നിഗമനം.യൂണിവേഴ്സിറ്റി ഓഫ് സൗതാംപ്ടൺ, യൂണിവേഴ്സിറ്റി ഓഫ് റീഡിങ് എന്നിവിടങ്ങളിലെ ഗവേഷകർ വെള്ളത്തിനടിയിൽ ഉപയോഗിക്കാവുന്ന അത്യാധുനിക 3D ഇമേജിങ് സാങ്കേതികവിദ്യയും ഡൈവിങ്ങും വഴിയാണ് ഈ ചരിത്ര രഹസ്യം പുറത്തെടുത്തത്.
Key Words : Scotland, Artificial Island

COMMENTS