തിരുവനന്തപുരം: അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ നാളെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് താമസം മാറുന്നു. വ്യാഴാഴ്ച ര...
തിരുവനന്തപുരം: അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ നാളെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് താമസം മാറുന്നു. വ്യാഴാഴ്ച രാവിലെ ആറ് മണിക്കാണ് ഗൃഹപ്രവേശന ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെതന്നെ ക്ലിഫ് ഹൗസ് ഒഴിഞ്ഞിരുന്നെങ്കിലും അറ്റകുറ്റപ്പണികൾ നീണ്ടുപോയതാണ് സതീശന്റെ താമസം മാറ്റം വൈകാൻ കാരണം.
നേരത്തെ, വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ താമസിച്ചിരുന്ന കന്റോൺമെന്റ് ഹൗസിലാണ് നിലവിൽ മുഖ്യമന്ത്രി താമസിക്കുന്നത്. ഇതേത്തുടർന്ന് പുതിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന് കന്റോൺമെന്റ് ഹൗസിലേക്ക് താമസം മാറാൻ സാധിച്ചിരുന്നില്ല. ഇത് സംബന്ധിച്ച അനിഷ്ടം പിണറായി വിജയൻ നേരത്തെ ഒരു വാത്താസമ്മേളനത്തിൽ അറിയിക്കുകയും ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പാണ് ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നത്.
പണി പൂർണമായും കഴിഞ്ഞിട്ടില്ലെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. വ്യാഴാഴ്ച രാവിലെ ആറ് മണിക്കാണ് പാലുകാച്ചൽ.
Key Words : Cliff House, VD Satheesan

COMMENTS