മുംബൈ: മഹാരാഷ്ട്രയിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന പവൻരാജെ നിംബാൽക്കറും അദ്ദേഹത്തിന്റെ ഡ്രൈവറും വെടിയേറ്റു മരിച്ച കേസിൽ മുൻ എൻ.സി.പി എം.പി ...
മുംബൈ: മഹാരാഷ്ട്രയിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന പവൻരാജെ നിംബാൽക്കറും അദ്ദേഹത്തിന്റെ ഡ്രൈവറും വെടിയേറ്റു മരിച്ച കേസിൽ മുൻ എൻ.സി.പി എം.പി പദംസിൻഹ് പാട്ടീൽ ഉൾപ്പെടെയുള്ള എല്ലാ പ്രതികളെയും മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി വെറുതെവിട്ടു. പ്രതികൾക്കെതിരെയുള്ള ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കോടതി ജഡ്ജി സത്യനാരായൺ നവാൻദറിന്റെ ഉത്തരവ്.
വെറും സംശയത്തിന്റെ പേരിൽ മാത്രം ഒരാളെ കുറ്റക്കാരനാക്കാൻ കഴിയില്ലെന്ന് വിധിയിൽ കോടതി വ്യക്തമാക്കി. കേസിലെ പ്രതിയായിരുന്ന പരാസ്മൽ ജെയിനെ പിന്നീട് മാപ്പ് സാക്ഷിയാക്കിയിരുന്നുവെങ്കിലും ഇയാളുടെ സാക്ഷിമൊഴി വിശ്വസനീയമല്ലെന്ന് കോടതി വിലയിരുത്തി. 20 വർഷത്തോളം നീണ്ട നിയമനടപടികൾക്കും, സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ ഉൾപ്പെടെ 128 സാക്ഷികളെ വിസ്തരിച്ചതിനും ശേഷമാണ് കേസിൽ നിർണായക വിധി വന്നിരിക്കുന്നത്.
2006 ജൂൺ 3-നാണ് പവൻരാജെ നിംബാൽക്കറും അദ്ദേഹത്തിന്റെ ഡ്രൈവർ സമദ് കാസിയും നവി മുംബൈയിലെ കലമ്പോളിയിൽ വെച്ച് കാറിൽ യാത്ര ചെയ്യുന്നതിനിടെ വെടിയേറ്റു മരിച്ചത്. മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രിയും ഉപമുഖ്യമന്ത്രി സുനേത്ര പവാറിന്റെ സഹോദരനുമായ പദംസിൻഹ് പാട്ടീൽ (86) ആയിരുന്നു കേസിലെ മുഖ്യപ്രതി. രാഷ്ട്രീയ വൈരാഗ്യവും തർന ഷുഗർ ഫാക്ടറിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു സി.ബി.ഐയുടെ കണ്ടെത്തൽ.
കോടതി വിധി നിർഭാഗ്യകരമാണെന്ന് പവൻരാജെ നിംബാൽക്കറുടെ മകനും ശിവസേന (യു.ബി.ടി) എം.പിയുമായ ഓംരാജെ നിംബാൽക്കർ പ്രതികരിച്ചു. എല്ലാ പ്രതികളെയും വെറുതെവിട്ടെങ്കിൽ പിന്നെ ആരാണ് തന്റെ പിതാവിനെ കൊന്നതെന്ന ചോദ്യം ബാക്കിയാകുന്നുവെന്നും വിധി ചോദ്യം ചെയ്ത് ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കിയിട്ടുണ്ടെന്നും വിധിക്കെതിരെ ഉടൻ തന്നെ അപ്പീൽ നൽകുമെന്നും സി.ബി.ഐ കേന്ദ്രങ്ങളും അറിയിച്ചു.
Key Words : Nimbalkar Murder Case, CBI, Padamsinh Patil

COMMENTS