കൊട്ടാരക്കര : നീലേശ്വരത്ത് ഇന്ന് രാവിലെ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി മൂന്നു പേര്‍ മരിച്ചു. ബസ...
കൊട്ടാരക്കര : നീലേശ്വരത്ത് ഇന്ന് രാവിലെ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി മൂന്നു പേര്‍ മരിച്ചു. ബസ് കാത്തുനിന്ന ഒരു സ്‌കൂള്‍ കുട്ടിയും മറ്റു രണ്ടുപേരുമാണ് മരിച്ചത്.
ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞതിനെ തുടര്‍ന്ന് അതിലുണ്ടായിരുന്ന മണ്ണിനടിയിലും വാഹനത്തിനടിയിലുമായി നാല് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് ഏറെ നേരത്തെ കഠിനശ്രമത്തിനൊടുവിലാണ് ഇവരെ പുറത്തെടുത്തത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
സ്‌കൂളിലേക്ക് പോകാനായി കുട്ടികള്‍ ബസ് കാത്തുനിന്ന സമയത്താണ് ദാരുണമായ അപകടം സംഭവിച്ചത്. ടിപ്പര്‍ ലോറി അമിത വേഗത്തില്‍ ആയിരുന്നുവെന്ന് തൃക്കാരികള്‍ പറഞ്ഞു. അപകടത്തില്‍ ലോറി പൂര്‍ണമായും തകര്‍ന്നു.
പൊലീസും ഫയര്‍ ഫോഴ്സും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
12 കുട്ടികള്‍ വെയിറ്റിങ് ഷെഡ്ഡിലുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ടിപ്പര്‍ പാഞ്ഞുവരുന്നത് കണ്ടതോടെ ഇതില്‍ ചിലര്‍ ഓടിമാറി.
ടിപ്പര്‍ ആദ്യം ബൈക്കിലിടിച്ച് നിയന്ത്രണം തെറ്റി മതിലില്‍ ഇടിച്ചാണ് ബസ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. തകര്‍ന്ന മതിലിന്റെ അവശിഷ്ടങ്ങള്‍ നീക്കിയാണ് കുട്ടികള്‍ക്കായി തിരച്ചില്‍ നടത്തുന്നതെന്നും നാട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു.
രണ്ട് റോഡുകള്‍ കൂടിയ കവലയിലാണ് അപകടം. വളവു തിരിഞ്ഞ് എത്തിയ ടിപ്പര്‍ എതിരെ വന്ന ബൈക്കിലിടിച്ച് നിയന്ത്രണം വിട്ടതാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം.


COMMENTS