ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ സന്തോഷത്തിലാഴ്ത്തി നടി സമാന്ത റൂത്ത് പ്രഭുവിന്റെ പ്രഖ്യാപനം. താൻ ഗർഭിണിയാണെന്ന ...
ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ സന്തോഷത്തിലാഴ്ത്തി നടി സമാന്ത റൂത്ത് പ്രഭുവിന്റെ പ്രഖ്യാപനം. താൻ ഗർഭിണിയാണെന്ന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ച താരം, പ്രസവാവധിയിലേക്ക് പ്രവേശിക്കുകയാണെന്നും അറിയിച്ചു. തന്റെ ഏറ്റവും പുതിയ ചിത്രമായ 'മാ ഇൻടി ബംഗാരം' എന്ന സിനിമയുടെ വിജയ ആഘോഷങ്ങൾക്കിടയിലാണ് താരം ഈ സന്തോഷവാർത്ത മാധ്യമങ്ങളോട് പങ്കുവെച്ചത്.
ഹൈദരാബാദിൽ നടന്ന സിനിമയുടെ സക്സസ് മീറ്റിൽ വെച്ചായിരുന്നു സമാന്തയുടെ വെളിപ്പെടുത്തൽ. "നിലവിലുള്ള പ്രൊജക്ടുകളെല്ലാം പൂർത്തിയാക്കിയ ശേഷം ഞാൻ ചെറിയൊരു ഇടവേള എടുക്കുകയാണ്. എനിക്ക് ഇപ്പോൾ മെറ്റേണിറ്റി ലീവ് എടുക്കേണ്ടതുണ്ട്. അതിനുശേഷം പുതിയ ചിത്രങ്ങളുമായി ഞാൻ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തും," എന്ന് താരം പറഞ്ഞു.
ചടങ്ങിലെ സമാന്തയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ആരാധകർ താരത്തിന് 'ബേബി ബംപ്' ഉള്ളതായി ശ്രദ്ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം തന്നെ വാർത്ത സ്ഥിരീകരിച്ചത്.പ്രശസ്ത സംവിധായകനും നിർമാതാവുമായ രാജ് നിഡിമോരു ആണ് സമാന്തയുടെ ഭർത്താവ്.
'ദി ഫാമിലി മാൻ 2', 'സിറ്റാഡൽ: ഹണി ബണ്ണി' തുടങ്ങിയ സൂപ്പർഹിറ്റ് വെബ് സീരീസുകളിലെ ഒന്നിച്ചുള്ള പ്രവർത്തന പരിചയമാണ് ഇവരെ പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും നയിച്ചത്. 2025 ഡിസംബർ ഒന്നിന് കോയമ്പത്തൂരിലെ ഈഷ യോഗ സെന്ററിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. അടുത്ത ബന്ധുക്കൾ നൽകുന്ന സൂചന അനുസരിച്ച് ഈ വർഷം ഡിസംബറോടെ സമാന്തയ്ക്കും രാജിനും ആദ്യ കൺമണി ജനിക്കും.
വിവാഹശേഷവും സിനിമാ രംഗത്ത് സജീവമായിരുന്ന സമാന്തയുടെ 'മാ ഇൻടി ബംഗാരം' തിയേറ്ററുകളിൽ വലിയ വിജയമാണ് കൊയ്തുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് താരത്തിന്റെ ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷവാർത്തയും പുറത്തുവന്നിരിക്കുന്നത്. സിനിമാ രംഗത്തെ പ്രമുഖരും ലക്ഷക്കണക്കിന് ആരാധകരും താരത്തിന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.
Key Words : Maternity Leave, Actress Samantha, Pregnant

COMMENTS