തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷൻ വളപ്പുകളിലും പരിസരങ്ങളിലും വർഷങ്ങളായി കുന്നുകൂടിക്കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ ആഭ്യന്തര വകു...
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷൻ വളപ്പുകളിലും പരിസരങ്ങളിലും വർഷങ്ങളായി കുന്നുകൂടിക്കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ ആഭ്യന്തര വകുപ്പ് പുതിയ ബൃഹദ് പദ്ധതി പ്രഖ്യാപിച്ചു. 'സ്‌പേസ്' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ സ്റ്റേഷൻ പരിസരങ്ങൾ പൂർണ്ണമായും ശുചീകരിക്കുകയാണ് ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ അറിയിച്ചു. 'റീക്ലെയിം, റിന്യൂ, റിവൈവ്' എന്നതാണ് പദ്ധതിയുടെ ടാഗ് ലൈൻ.
കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്‌ഷൻ കോർപറേഷൻ ലിമിറ്റഡിന്റെ (KPHCC) നേതൃത്വത്തിൽ, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ 'സീറോ' (CERO) യുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. മഹീന്ദ്ര ആക്സെലോയും കേന്ദ്ര സർക്കാർ സ്ഥാപനമായ എം.എസ്.ടി.സി.യും സംയുക്തമായി നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ അംഗീകൃത വാഹന റീസൈക്ലിങ് സംരംഭമാണ് സീറോ.
സംസ്ഥാന പൊലീസ് മേധാവി (DGP) ചെയർമാനും KPHCC മാനേജിങ് ഡയറക്ടർ അംഗവുമായ പ്രത്യേക സമിതിയാണ് പദ്ധതിയുടെ രൂപീകരണത്തിനും മേൽനോട്ടത്തിനും നേതൃത്വം നൽകുന്നത്. സ്റ്റേഷനുകളിൽ നിലവിലുള്ള വാഹനങ്ങളുടെ കൃത്യമായ കണക്കെടുപ്പ് നടത്താൻ ഇതിനകം തന്നെ നിർദേശം നൽകിയിട്ടുണ്ട്. സമയബന്ധിതമായി നിയമനടപടികൾ പൂർത്തിയാക്കി ഇത്തരം വാഹനങ്ങൾ ലേലം ചെയ്യാനോ ആക്രിയായി (Scrap) മാറ്റി റീസൈക്കിൾ ചെയ്യാനോ ആണ് ലക്ഷ്യമിടുന്നത്. കൂടാതെ, പിടിച്ചെടുക്കുന്ന ഇത്തരം വാഹനങ്ങൾ മാറ്റുന്നതിനായി പ്രത്യേക റീജിയണൽ ഡംപിങ് യാർഡുകൾ കണ്ടെത്താനും തീരുമാനിച്ചിട്ടുണ്ട്.
പൊലീസ് സ്റ്റേഷൻ പരിസരങ്ങളിൽ വാഹനങ്ങൾ കുന്നുകൂടുന്നത് പൊതുജനങ്ങൾക്കും സ്റ്റേഷൻ്റെ സുഗമമായ പ്രവർത്തനങ്ങൾക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്ന വ്യാപകമായ പരാതി പരിഹരിക്കാനാണ് ഈ അടിയന്തര നീക്കം. മുൻപ് വാഹനങ്ങൾ ലേലം ചെയ്യുന്ന രീതികൾ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും ശാശ്വത പരിഹാരമായിരുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ മുഖച്ഛായ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Key Words : Police Station, 'Space' project

COMMENTS