തിരുവനന്തപുരം: നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ മർദ്ദിച്ച കേസ് അട്ടിമറിക്ക...
തിരുവനന്തപുരം: നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ എഡിജിപി എം.ആർ. അജിത് കുമാർ നേരിട്ട് ഇടപെട്ടതായി നിർണായക വെളിപ്പെടുത്തൽ. എഡിജിപിയുടെ ഓഫീസിലെ ഗ്രേഡ് എസ്ഐമാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുൻപിൽ പൊട്ടിക്കരഞ്ഞുകൊണ്ട് ഇക്കാര്യം സമ്മതിച്ചത്.
ഉന്നതതലത്തിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് ഫയലുകളിൽ തിരുത്തൽ വരുത്തിയതെന്ന് ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഇൻസ്പെക്ടർ എസ്. അരുൺ തയാറാക്കിയ യഥാർത്ഥ കേസ് ഡയറിയിൽ ഗൺമാൻ അനിൽ കല്ലിയൂർ ഉൾപ്പെടെയുള്ളവർ വാഹനത്തിൽ നിന്നിറങ്ങി പ്രതിഷേധക്കാരെ ക്രൂരമായി മർദ്ദിച്ചതായി വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഈ വിവരങ്ങൾ പെൻഡ്രൈവിലാക്കി തിരുവനന്തപുരത്തെ എഡിജിപിയുടെ ഓഫീസിൽ എത്തിച്ച ശേഷമാണ് അട്ടിമറി നടന്നത്. മർദ്ദന ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് വരുത്തിത്തീർക്കാനും, സംഭവം കേവലം 'രക്ഷാപ്രവർത്തനം' മാത്രമാണെന്ന് എഴുതിച്ചേർക്കാനും എഡിജിപിയുടെ നിർദ്ദേശപ്രകാരം ഫയലുകൾ തിരുത്തുകയായിരുന്നു.
കേസ് അട്ടിമറിക്കുന്നതിനായി അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുനിൽ രാജിനെ എഡിജിപിയുടെ ഓഫീസിലേക്ക് മൂന്ന് തവണ രഹസ്യമായി വിളിപ്പിച്ചിരുന്നു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് പ്രതികളെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള അന്തിമ റിപ്പോർട്ട് തയാറാക്കിയതെന്ന് മുൻ അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരും മൊഴി നൽകിയിട്ടുണ്ട്.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നയുടൻ രൂപീകരിച്ച എസ്‌പി എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് നിലവിൽ ഈ അട്ടിമറി പുറത്തുകൊണ്ടുവന്നത്. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനിൽ കല്ലിയൂർ ഉൾപ്പെടെ മർദ്ദനം നടത്തിയ അഞ്ച് പോലീസുകാരെ ഇതിനോടകം സസ്പെൻഡ് ചെയ്തിട്ടുണ്ട്. കേസ് ഡയറി തിരുത്താൻ നിർദ്ദേശം നൽകിയ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ വിശദമായ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കടുത്ത വകുപ്പുതല നടപടികൾ ഉണ്ടാകുമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
Key Words : Gunmen's Attack, SIs, ADGP MR Ajith Kumar

COMMENTS