മുസഫറാബാദ്: പാക് അധിനിവേശ കശ്മീരിൽ ജനകീയ കൂട്ടായ്മയായ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി പ്രവർത്തകരും പാകിസ്ഥാൻ സുരക്ഷാസേനയും തമ്മിൽ കടുത്ത ഏറ്റ...
മുസഫറാബാദ്: പാക് അധിനിവേശ കശ്മീരിൽ ജനകീയ കൂട്ടായ്മയായ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി പ്രവർത്തകരും പാകിസ്ഥാൻ സുരക്ഷാസേനയും തമ്മിൽ കടുത്ത ഏറ്റുമുട്ടൽ. പൂഞ്ച് സെക്ടറിലെ റാവലാകോട്ട് നഗരത്തിലുണ്ടായ ഈ വൻ അക്രമസംഭവങ്ങളിൽ മുപ്പതിലധികം ആളുകൾ കൊല്ലപ്പെടുകയും ഇരുനൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക സംഘടനകൾ അവകാശപ്പെടുന്നു.
എന്നാൽ, 4 പോലീസ് ഉദ്യോഗസ്ഥരും ഏഴ് സാധാരണക്കാരും ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടതായാണ് പാക് ഭരണകൂടത്തിന്റെ ഔദ്യോഗിക വിശദീകരണം.വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ, കശ്മീരിന് പുറത്ത് പാകിസ്ഥാനിൽ താമസിക്കുന്ന അഭയാർത്ഥികൾക്കായി 12 സീറ്റുകൾ സംവരണം ചെയ്യാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെയാണ് ജെഎഎസി പ്രതിഷേധം ആരംഭിച്ചത്. ഈ സംവരണം പ്രദേശവാസികളുടെ പ്രാതിനിധ്യം ഇല്ലാതാക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
പ്രതിഷേധം ശക്തമായതോടെ പാക് ഭരണകൂടം സംഘടനയെ ഭീകരവിരുദ്ധ നിയമപ്രകാരം നിരോധിത സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ വെള്ളിയാഴ്ച രാത്രി സുരക്ഷാസേന നടത്തിയ അടിച്ചമർത്തലിനിടെ ഷഹസൈബ് ഹബീബ് എന്ന വ്യാപാരി വെടിയേറ്റ് മരിച്ചതോടെയാണ് സ്ഥിതിഗതികൾ പൂർണ്ണമായും കൈവിട്ടുപോയത്.ഇയാളുടെ വിലാപയാത്രയ്ക്കിടെ ഒത്തുകൂടിയ ജനക്കൂട്ടത്തിന് നേരെ പാക് സൈന്യവും റേഞ്ചേഴ്സും തുരുതുരാ വെടിയുതിർക്കുകയായിരുന്നുവെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. എന്നാൽ, പ്രതിഷേധക്കാർ സൈനിക ആശുപത്രിക്ക് നേരെ ആയുധങ്ങളുമായി ആക്രമണം അഴിച്ചുവിട്ടപ്പോഴാണ് തിരിച്ചടിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.പ്രദേശത്ത് നിലവിൽ മൊബൈൽ ഇന്റർനെറ്റ്, ലാൻഡ്‌ലൈൻ സേവനങ്ങൾ പൂർണ്ണമായും റദ്ദാക്കിയിരിക്കുകയാണ്. തൊണ്ണൂറിലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ രണ്ട് വർഷമായി വിലക്കയറ്റം, വൈദ്യുതി ക്ഷാമം, തൊഴിലില്ലായ്മ, വിഭവച്ചൂഷണം എന്നിവയ്‌ക്കെതിരെ ജെഎഎസിയുടെ നേതൃത്വത്തിൽ ഇവിടെ വലിയ ജനകീയ പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ട്. നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് മേഖലയിലേക്കുള്ള വിനോദസഞ്ചാരത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വഷളാകുന്ന സാഹചര്യത്തിൽ ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ ഓഫ് പാകിസ്ഥാൻ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകൾ കടുത്ത ആശങ്ക രേഖപ്പെടുത്തി.
Key Words : Clash, Pakistan-occupied Kashmir

COMMENTS