കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം കനത്തതോടെ മഴ മുന്നറിയിപ്പിൽ മാറ്റം. വയനാട് ജില്ലയിൽ ശനി (ജൂൺ 6), ഞായർ (ജൂൺ 7) ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ...
കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം കനത്തതോടെ മഴ മുന്നറിയിപ്പിൽ മാറ്റം. വയനാട് ജില്ലയിൽ ശനി (ജൂൺ 6), ഞായർ (ജൂൺ 7) ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ ലഭിക്കാവുന്ന അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രതാ നിർദ്ദേശം.തുടർച്ചയായ മഴ സാധ്യത മുൻനിർത്തി സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ശനിയാഴ്ച (ജൂൺ 6) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അവധി പ്രഖ്യാപിച്ചു.
അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതപഠന ശാലകൾ എന്നിവയ്ക്കും അവധി ബാധകമാണ്. എന്നാൽ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ ഉൾപ്പെടെയുള്ള റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ഉണ്ടായിരിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ലെന്നും കലക്ടർ അറിയിച്ചു.
ഉരുൾപൊട്ടൽ ഭീഷണിയും കനത്ത മഴയും കണക്കിലെടുത്ത് മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചെമ്പ്രാ പീക്ക്, സൂചിപ്പാറ വെള്ളച്ചാട്ടം, എടയ്ക്കൽ ഗുഹ തുടങ്ങിയ എല്ലാ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും ശനി, ഞായർ ദിവസങ്ങളിൽ പൂർണ്ണമായി അടച്ചിടും. സുരക്ഷ മുൻനിർത്തി ജില്ലയിലെ മുഴുവൻ ക്വാറികളുടെയും പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ശക്തമായ മഴയുള്ളപ്പോൾ നദികളോ മറ്റ് ജലാശയങ്ങളോ മുറിച്ചുകടക്കാനോ, കുളിക്കാനും മീൻപിടിക്കാനും ഇറങ്ങാനോ പാടില്ല. മലയോര മേഖലകളിലേക്കുള്ള രാത്രികാല യാത്രകൾ പൂർണ്ണമായും ഒഴിവാക്കണം.റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്ന് മുന്നൊരുക്കങ്ങൾ വിലയിരുത്തിയിട്ടുണ്ട്.
Key Words : Rain Alert, Red Alert

COMMENTS