കൊച്ചി: കേരള തീരത്ത് അറബിക്കടലിൽ മുങ്ങിയ 'എംഎസ്‌സി എൽസ 3' ചരക്കുകപ്പൽ ഉയർത്തുന്ന പാരിസ്ഥിതിക, സുരക്ഷാ ഭീഷണികളിൽ കടുത്ത ആശങ്ക രേഖപ്പെ...
കൊച്ചി: കേരള തീരത്ത് അറബിക്കടലിൽ മുങ്ങിയ 'എംഎസ്‌സി എൽസ 3' ചരക്കുകപ്പൽ ഉയർത്തുന്ന പാരിസ്ഥിതിക, സുരക്ഷാ ഭീഷണികളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി കേരള ഹൈക്കോടതി. അപകടം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും മലിനീകരണ നിയന്ത്രണത്തിനും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തതിൽ കേന്ദ്ര സർക്കാരിനെയും കപ്പൽ കമ്പനിയെയും കോടതി രൂക്ഷമായി വിമർശിച്ചു. കടലിലെ അവശിഷ്ടങ്ങളും മലിനീകരണവും നീക്കം ചെയ്യുന്നത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം കൃത്യമായ കർമപദ്ധതി സമർപ്പിക്കാൻ ജസ്റ്റിസ് വി. രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ. വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കേന്ദ്ര സർക്കാരിന് കർശന നിർദ്ദേശം നൽകി.
മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുൻ എം.പി ടി.എൻ. പ്രതാപൻ ഉൾപ്പെടെയുള്ളവർ നൽകിയ പൊതുതാത്പര്യ ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ കർശന ഇടപെടൽ. അധികൃതർ നിഷ്ക്രിയരായിരുന്നാൽ കോടതിക്ക് കണ്ണടച്ചിരിക്കാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് ഓർമ്മിപ്പിച്ചു.
കപ്പലിലുണ്ടായിരുന്ന രണ്ട് കണ്ടെയ്നറുകൾ ഇതിനകം ചോർന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവ നിലവിൽ സുരക്ഷിതമാണോ എന്ന് ബന്ധപ്പെട്ട ഏജൻസികൾ വ്യക്തമാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. കടലിൽ കിടക്കുന്ന കണ്ടെയ്നറുകൾ ശക്തമായ തിരമാലകളിൽ പെട്ട് കരയിലേക്ക് അടിടിയുകയും, ആരെങ്കിലും അത് അറിയാതെ തുറക്കുകയും ചെയ്താൽ ഉണ്ടാകാൻ പോകുന്ന ഗുരുതരമായ പ്രത്യാഘാതം എന്തായിരിക്കുമെന്ന് കോടതി ആശങ്കയോടെ ചോദിച്ചു. കപ്പൽ ഉടമകളായ എംഎസ്‌സി കമ്പനി സമർപ്പിച്ച റിപ്പോർട്ടുകളിൽ വലിയ പൊരുത്തക്കേടുകളുണ്ടെന്നും അവ വിശ്വസനീയമല്ലെന്നും കോടതി നിരീക്ഷിച്ചു.
Key Words : MSC Elsa 3

COMMENTS