കൊച്ചി: ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ഉദ്യോഗസ്ഥരെ സി.പി.എം പ്രവർത്തകർ ആക്രമിച്ച കേസിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി കേരള ഹൈക്കോടതി. കേ...
കൊച്ചി: ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ഉദ്യോഗസ്ഥരെ സി.പി.എം പ്രവർത്തകർ ആക്രമിച്ച കേസിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി കേരള ഹൈക്കോടതി. കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് തിരുവനന്തപുരം സെഷൻസ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും ഇ.ഡിയും നൽകിയ ഹർജികൾ പരിഗണിക്കുമ്പോഴാണ് കോടതിയുടെ കടുത്ത പരാമർശം. പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നിട്ടും പൊലീസ് എന്തുകൊണ്ട് ഡിജിറ്റൽ തെളിവുകളുടെ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയില്ലെന്ന് ജസ്റ്റിസ് സി.എസ്. ഡയസ് ചോദിച്ചു.
പ്രതി ഇത്രയധികം ദിവസം കസ്റ്റഡിയിൽ ഉണ്ടായിരുന്നിട്ടും മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ പരിശോധിക്കുന്നതിൽ പൊലീസ് എന്തു കൊണ്ട് കാലതാമസം വരുത്തിയെന്ന് കോടതി ആരാഞ്ഞു. വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെങ്കിലും, ഇത് ഒരു 'സംഘടിത കുറ്റകൃത്യമായി' പ്രാഥമികമായി കാണാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. പരിക്കേറ്റ ഉദ്യോഗസ്ഥരുടെ ചികിത്സാ രേഖകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിശദമായ വാദം കേൾക്കുന്നതിനായി പ്രതി ഹരീഷ് കുമാറിന് ഹൈക്കോടതി നോട്ടീസ് അയച്ചു. കേസ് തുടർവാദത്തിനായി ജൂലൈ 20-ലേക്ക് മാറ്റി. തിരുവനന്തപുരത്ത് ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണക്കേസിൽ ജാമ്യം ലഭിക്കുന്ന ആദ്യ പ്രതിയാണ് ഹരീഷ് കുമാർ. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ഗീനാകുമാരി വിചാരണ കോടതിയെ അറിയിച്ചതാണ് ജാമ്യം ലഭിക്കാൻ ഇടയാക്കിയത്.
പൊലീസിന്റെ ശക്തമായ റിമാൻഡ് റിപ്പോർട്ട് അവഗണിച്ച് പ്രതിക്ക് അനുകൂല നിലപാട് സ്വീകരിച്ചു എന്ന ആരോപണത്തെ തുടർന്ന് പ്രോസിക്യൂട്ടർ ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കിയിരുന്നു. പ്രോസിക്യൂട്ടർ കോടതിയെ തെറ്റായ വിവരങ്ങൾ ധരിപ്പിച്ചതാണെന്ന് ചൂണ്ടിക്കാണിച്ചാണ് സർക്കാരും ഇ.ഡിയും ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
Key Words: ED Attack, Court

COMMENTS