തിരുവനന്തപുരം : അഞ്ച് ജില്ലകളിൽ ജില്ലാ മെഡിക്കൽ ഓഫീസർമാരെ നിയമിച്ച് ഉത്തരവായി. ഏഴു മാസമായി ഒഴിഞ്ഞു കിടന്നത് ഉൾപ്പെടെ അഞ്ചു ജില്ലകളിൽ മെഡിക...
തിരുവനന്തപുരം : അഞ്ച് ജില്ലകളിൽ ജില്ലാ മെഡിക്കൽ ഓഫീസർമാരെ നിയമിച്ച് ഉത്തരവായി. ഏഴു മാസമായി ഒഴിഞ്ഞു കിടന്നത് ഉൾപ്പെടെ അഞ്ചു ജില്ലകളിൽ മെഡിക്കൽ ഓഫീസർമാരെ (ഡി എം ഒ) നിയമിച്ച് ഉത്തരവായതായി ആരോഗ്യം - ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ അറിയിച്ചു. ഇതോടെ എല്ലാ ജില്ലകളിലും മെഡിക്കൽ ഓഫീസർമാരായി.
മലപ്പുറം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഡി എം ഒമാരുടെ ഒഴിവുണ്ടായിരുന്നത്. മലപ്പുറത്ത് ഡി എം ഒയായി തിരൂരങ്ങാടി താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ട് ഡോ. വിനോദ് വിയെ നിയമിച്ചു. പത്തനംത്തിട്ട ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഐപ്പ് ജോസഫാണ് ഇടുക്കിയിലെ പുതിയ ഡി എം ഒ.
തിരുവനന്തപുരം പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി സൂപ്രണ്ട് ഡോ. സരിതകുമാരി എൽ ടിയെ കോഴിക്കോട് ഡി എം ഒയായും ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടർ ഡോ. വിവേക് കുമാർ ആറിനെ കണ്ണൂരിലും നിയമിച്ചു. വയനാട് ജില്ലാ മെഡിക്കൽ ഓഫീസറായിരുന്ന ഡോ. രേഖ കെ ടിയാണ് കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസർ.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2025 നവംബറിലാണ് കണ്ണൂരിൽ ഡി എം ഒ തസ്തിക ഒഴിവ് വന്നത്. ഈവർഷം ഫെബ്രുവരിയിൽ ഇടുക്കി, ഏപ്രിലിൽ കാസർകോട്, മേയ് ആദ്യം മലപ്പുറം, ജൂണിൽ കോഴിക്കോട് എന്നിങ്ങനെയാണ് ഡി എം ഒമാരുടെ തസ്തിക ഒഴിവ് വന്നത്.
ആരോഗ്യവകുപ്പിൽ ഒരു തസ്തികയും ഒഴിഞ്ഞുകിടക്കാൻ പാടില്ലെന്നത് പൊതുവായ നയമാണെന്ന് മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. മുൻകാലങ്ങളിൽ ഒഴിവുകൾ മുന്നിൽ കണ്ട് യഥാസമയം നടപടി സ്വീകരിക്കാതിരുന്നതാണ് മാസങ്ങളായി വിവിധ ജില്ലകളിൽ ഡി എം ഒ തസ്തികകൾ ഒഴിഞ്ഞു കിടക്കാൻ കാരണം.
ഈ സർക്കാർ ചുമതലയേറ്റതിന് പിന്നാലെ എല്ലാ ഒഴിവുകളും നികത്താൻ നടപടിയെടുത്തു. എന്നാൽ ഡി പി സി ചേർന്ന് പട്ടിക ലഭ്യമായിരുന്നില്ല. സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് നടപടികൾ വേഗത്തിലായത്.
ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം കോഴിക്കോട് മാത്രമാണ് ഒഴിവുണ്ടായത്. ഇതോടെ ആ ഒഴിവും 30 ദിവസത്തിനുള്ളിൽ സർക്കാർ നികത്തിയെന്നും മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. ഡി എം ഒമാർക്ക് പുറമേ വിവിധ ജില്ലാ ജനറൽ ആശുപത്രികളിലെ സൂപ്രണ്ടുമാരുടെ ഒഴിവും നികത്തിയതായി മന്ത്രി അറിയിച്ചു.
Key Words : K Muraleedharan

COMMENTS