തിരുവനന്തപുരം: മുൻ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായുള്ള നടുറോഡിലെ തർക്കത്തെ തുടർന്ന് കെ.എസ്.ആർ.ടി.സിയിലെ താൽക്കാലിക ജോലി നഷ്ടപ്പെട്ട ഡ...
തിരുവനന്തപുരം: മുൻ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായുള്ള നടുറോഡിലെ തർക്കത്തെ തുടർന്ന് കെ.എസ്.ആർ.ടി.സിയിലെ താൽക്കാലിക ജോലി നഷ്ടപ്പെട്ട ഡ്രൈവർ എൽ.എച്ച്. യദുവിന് നിയമസഭയിൽ പുതിയ നിയമനം. കേരള നിയമസഭയിലെ വാഹനത്തിന്റെ താൽക്കാലിക ഡ്രൈവറായാണ് യദുവിനെ നിയമിച്ചിരിക്കുന്നത്.
ദിവസവേതനാടിസ്ഥാനത്തിലാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള ഈ പുതിയ ഉത്തരവ്. ജോലി നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ യദുവിന് നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ എം.എൽ.എ. സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. ഈ കത്ത് പരിഗണിച്ചാണ് സ്പീക്കറുടെ പ്രത്യേക ഇടപെടലിലൂടെ പുതിയ നടപടി.
2024 ഏപ്രിലിൽ പാളയത്ത് വെച്ചായിരുന്നു അന്നത്തെ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയും സഞ്ചരിച്ച കാറും യദു ഓടിച്ചിരുന്ന കെ.എസ്.ആർ.ടി.സി ബസും തമ്മിൽ തർക്കമുണ്ടാകുന്നത്. ബസ് കാറിന് സൈഡ് കൊടുത്തില്ലെന്നും ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നും ആരോപിച്ച് മേയർ നൽകിയ പരാതിയിൽ യദുവിനെതിരെ പോലീസ് കേസെടുക്കുകയും കെ.എസ്.ആർ.ടി.സി ജോലിയിൽ നിന്ന് നീക്കുകയുമായിരുന്നു. തുടർന്ന് മേയറും ഭർത്താവും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് കാണിച്ച് യദു നൽകിയ പരാതിയിൽ കോടതി ഉത്തരവിലൂടെ മേയർക്കെതിരെയും കേസെടുത്തിരുന്നു.
ജോലി തിരികെ ലഭിക്കാൻ യദു ഗതാഗത മന്ത്രിക്ക് കത്ത് നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ജീവിക്കാനായി സ്വിഗ്ഗി ഡെലിവറി ബോയ്‌യായി ജോലി ചെയ്തുവരികയായിരുന്നു യദു. നീണ്ട നിയമപോരാട്ടങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിലാണ് ഇപ്പോൾ യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി പ്രവേശനം ലഭിച്ചിരിക്കുന്നത്.
Key Words : Yedhu, KSRTC Driver, Arya Rajendran

COMMENTS