ഹൂസ്റ്റൺ: ഫിഫ ലോകകപ്പിൽ ഉസ്ബക്കിസ്ഥാനെതിരായ ഉജ്ജ്വല വിജയത്തിന് പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് നേരെ കടുത...
ഹൂസ്റ്റൺ: ഫിഫ ലോകകപ്പിൽ ഉസ്ബക്കിസ്ഥാനെതിരായ ഉജ്ജ്വല വിജയത്തിന് പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് നേരെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. അർജന്റീനൻ താരം ലയണൽ മെസ്സിയുടെ പ്രകടനത്തെക്കുറിച്ചുള്ള ചോദ്യം ഉയർന്നതോടെ ചോദ്യം പൂർത്തിയാക്കാൻ പോലും അനുവദിക്കാതെ റൊണാൾഡോ അസ്വസ്ഥനാവുകയും മുഖം തിരിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലാണ്.
ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഉസ്ബക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പോർച്ചുഗൽ തകർത്തിരുന്നു. ഡിആർ കോംഗോയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ ഗോൾ നേടാനാകാതിരുന്ന റൊണാൾഡോ, കടുത്ത വിമർശനങ്ങൾ നേരിട്ട ശേഷമാണ് ഈ മത്സരത്തിൽ ഇരട്ട ഗോളുകളോടെ ഫോമിലേക്ക് തിരിച്ചെത്തിയത്. കൂടാതെ ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരം എന്ന ചരിത്രനേട്ടവും ഈ മത്സരത്തിലൂടെ റൊണാൾഡോ സ്വന്തമാക്കി.
തന്റെ തകർപ്പൻ തിരിച്ചുവരവിന് ശേഷമുള്ള വാർത്താ സമ്മേളനത്തിനിടെയാണ് ഒരു മാധ്യമപ്രവർത്തകൻ ലയണൽ മെസ്സി മുൻദിവസം നേടിയ ഇരട്ട ഗോളുകളെക്കുറിച്ചും എംബാപ്പെ, ഹാലണ്ട് എന്നിവരുടെ പ്രകടനങ്ങളെക്കുറിച്ചും പരാമർശിച്ച് ചോദ്യം ചോദിച്ചത്. ഇതുകേട്ടയുടൻ തന്നെ ദേഷ്യത്തോടെ മുഖം തിരിച്ച റൊണാൾഡോ, ചോദ്യം നിർത്തി അടുത്ത റിപ്പോർട്ടറോട് സംസാരിക്കാൻ ആവശ്യപ്പെടുകയായിരുന്നു ("Next question, go ahead")."മറ്റു ചോദ്യങ്ങളുണ്ടെങ്കിൽ ചോദിക്കാം, ഇതിന് ഞാൻ മറുപടി നൽകില്ല" എന്ന് വ്യക്തമാക്കിയ താരം മെസ്സിയുമായുള്ള താരതമ്യങ്ങൾ പൂർണ്ണമായി അവഗണിച്ചു.
താൻ മികച്ച പ്രകടനം നടത്തിയിട്ടും വീണ്ടും മെസ്സിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നതാണ് താരത്തെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ലോകകപ്പിൽ മെസ്സി രണ്ട് മത്സരങ്ങളിൽ നിന്ന് 5 ഗോളുകളോടെ മികച്ച ഫോമിലാണ്. റൊണാൾഡോയുടെ ഈ നാടകീയ പ്രതികരണത്തോടെ, ലോകകപ്പ് വേദിയിൽ ഇരുതാരങ്ങളും തമ്മിലുള്ള പോരാട്ട വീര്യം ആരാധകർക്കിടയിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്.
Key Words : Cristiano Ronaldo, Lionel Messi

COMMENTS