തിരുവനന്തപുരം: സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ വെട്ടിമാറ്റാനും മ്യൂട്ട് ചെയ്യാനും നിർദേശിച്ച അശ്ലീല സംഭാഷണങ്ങളും ദൃശ്യങ്ങളും തിയേറ്ററ...
തിരുവനന്തപുരം: സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ വെട്ടിമാറ്റാനും മ്യൂട്ട് ചെയ്യാനും നിർദേശിച്ച അശ്ലീല സംഭാഷണങ്ങളും ദൃശ്യങ്ങളും തിയേറ്ററുകളിൽ പ്രദർശിപ്പിച്ച സംഭവത്തിൽ 'മോളിവുഡ് ടൈംസ്' സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. സിബിഎഫ്‌സി റീജിയണൽ ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം തിരുവല്ലം പോലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ചിത്രത്തിന്റെ നിർമാതാവ് ആഷിഖ് ഉസ്മാൻ (ഒന്നാം പ്രതി), സംവിധായകൻ അഭിനവ് സുന്ദർ നായക് (രണ്ടാം പ്രതി), ചിത്രത്തിന്റെ വിതരണക്കാരൻ (മൂന്നാം പ്രതി) എന്നിവർക്ക് പുറമെ സിനിമയുടെ ഡിജിറ്റൽ ക്രിയേറ്റർമാർ, നിയമവിരുദ്ധമായി ഈ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച തിയേറ്റർ ഉടമകൾ എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിനിമാറ്റോഗ്രാഫ് ആക്ട് പ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ്.കേന്ദ്ര വിവരസാങ്കേതിക പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻസർ ബോർഡിൽ നിന്ന് ചിത്രത്തിന് 'UA 16+' സർട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നത്.
എന്നാൽ തിയേറ്ററുകളിൽ റിലീസ് ചെയ്തപ്പോൾ, ബോർഡ് കർശനമായി ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്ന അശ്ലീല ഭാഗങ്ങൾ നിയമവിരുദ്ധമായി ഉൾപ്പെടുത്തി പ്രദർശിപ്പിച്ചു എന്നാണ് പരാതി.നസ്ലെൻ നായകനായി ജൂൺ 5-ന് റിലീസ് ചെയ്ത 'മോളിവുഡ് ടൈംസ്' തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടയിലാണ് അണിയറപ്രവർത്തകർക്കെതിരെ ഈ നിയമനടപടി വന്നിരിക്കുന്നത്.
Key Words : Case, Mollywood Times, Pornographic Material

COMMENTS