വാഷിംഗ്ടൺ: യുഎസ് മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വത്തിന് അർഹതയുണ്ടെന്ന ഭരണഘടനാ തത്വം സുപ്രീം കോടതി ശരിവെച്ചു. ഇതോടെ, അനധികൃത കുടിയേറ്റക്...
വാഷിംഗ്ടൺ: യുഎസ് മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വത്തിന് അർഹതയുണ്ടെന്ന ഭരണഘടനാ തത്വം സുപ്രീം കോടതി ശരിവെച്ചു. ഇതോടെ, അനധികൃത കുടിയേറ്റക്കാരുടെയും താൽക്കാലിക വിസക്കാരുടെയും മക്കൾക്ക് ജന്മാവാകാശ പൗരത്വം (Birthright Citizenship) നിഷേധിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറപ്പെടുവിച്ച വിവാദ ഉത്തരവ് റദ്ദായി.
ട്രംപ് ഭരണകൂടത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് ഈ വിധി.ഒൻപതംഗ സുപ്രീം കോടതി ബെഞ്ചിൽ 6-3 ഭൂരിപക്ഷത്തിനാണ് ചരിത്രപരമായ വിധി പ്രസ്താവിച്ചത്. അമേരിക്കൻ മണ്ണിൽ ജനിക്കുന്ന എല്ലാവർക്കും പൗരത്വം ഉറപ്പുനൽകുന്ന യുഎസ് ഭരണഘടനയുടെ 14-ാം ഭേദഗതി എക്സിക്യൂട്ടീവ് ഉത്തരവിലൂടെ മറികടക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് വ്യക്തമാക്കി.
150 വർഷത്തിലേറെയായി രാജ്യം പിന്തുടരുന്ന ഈ നിയമം അട്ടിമറിക്കാൻ പ്രസിഡന്റിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ക്ലാരൻസ് തോമസ്, നീൽ ഗോർസുച്ച്, സാമുവൽ അലിറ്റോ എന്നിവരാണ് വിധിയോട് വിയോജിച്ചത്.തന്റെ രണ്ടാം ഭരണകാലത്തിന്റെ ആദ്യദിനമാണ് ട്രംപ് ഈ വിവാദ ഉത്തരവിൽ ഒപ്പുവെച്ചത്. മാതാപിതാക്കളിൽ ഒരാളെങ്കിലും യുഎസ് പൗരനോ ഗ്രീൻ കാർഡ് ഉടമയോ ആയിരിക്കണമെന്നായിരുന്നു ട്രംപിന്റെ നിർദ്ദേശം.
ഇന്ത്യക്കാർക്ക് വലിയ ആശ്വാസം
എച്ച്-1ബി, എൽ-1 തുടങ്ങിയ താൽക്കാലിക വിസകളിൽ യുഎസിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ വംശജർക്ക് ഈ വിധി വലിയ ആശ്വാസമാണ് നൽകുന്നത്. ഗ്രീൻ കാർഡിനായി വർഷങ്ങളോളം കാത്തിരിക്കുന്ന ഇന്ത്യൻ ദമ്പതിമാർക്ക് യുഎസിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ പൗരത്വം ഇതോടെ സുരക്ഷിതമായി. ഫെബ്രുവരിയിലെ ആഗോള താരിഫ് നിയമം റദ്ദാക്കിയതിന് ശേഷം, ഈ വർഷം ട്രംപ് ഭരണകൂടത്തിന് സുപ്രീം കോടതിയിൽ നിന്ന് നേരിടുന്ന രണ്ടാമത്തെ വലിയ തിരിച്ചടിയാണിത്.
Key Words : Donald Trump, US news, Birthright Citizenship

COMMENTS