കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. മ...
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. മെമ്മറി കാർഡിലെ വിവരങ്ങൾ പുറത്തായതുമായി ബന്ധപ്പെട്ട അന്വേഷണം ഫലപ്രദമായി നടന്നിട്ടില്ലെന്നും സംഭവത്തിന്റെ മുഴുവൻ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ പുതിയ അന്വേഷണം അനിവാര്യമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ (SIT) നിയോഗിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് നിലവിലെ അന്വേഷണത്തിന് പുറമെ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം നടത്തേണ്ട സാഹചര്യമുണ്ടെന്നാണ് ഹർജിയിലെ വാദം.
കേസിൽ തെളിവുകൾ കൈകാര്യം ചെയ്തതിലും അന്വേഷണം മുന്നോട്ടുകൊണ്ടുപോയ രീതിയിലും സംശയങ്ങൾ നിലനിൽക്കുന്നുവെന്നും ഹർജിയിൽ പറയുന്നു. മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തണമെന്നും, എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നേരത്തെയും അതിജീവിത കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ, പല കാരണങ്ങൾ ഉയർത്തിക്കാട്ടി കോടതി ഈ ആവശ്യങ്ങൾ തള്ളിക്കളയുകയായിരുന്നു. കേസിലെ സുപ്രധാനമായ തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ നിയമവിരുദ്ധമായി തുറന്നുപരിശോധിച്ചുവെന്നാണ് കണ്ടെത്തിയത്. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് അതിജീവിത മുന്നോട്ടുവെക്കുന്ന കാര്യം.
അതേസമയം, കേസ് അട്ടിമറിക്കാൻ നടന്നതായി ആരോപിക്കുന്ന നീക്കങ്ങളെക്കുറിച്ചും വിശദമായ തുടരന്വേഷണം വേണമെന്നാണ് അതിജീവിതയുടെ ആവശ്യം. കേസുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും പരിശോധിച്ച് ഉത്തരവാദികളായവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മെമ്മറി കാർഡ് ചോർച്ച കേസിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന വിഷയമാണെന്നും അതിനാൽ കോടതിയുടെ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
Key Words : Actress Attack Case, Memory Card, High Court

COMMENTS