കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി (സുനിൽ കുമാർ) ഉൾപ്പെടെ ആറ് പ്ര...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി (സുനിൽ കുമാർ) ഉൾപ്പെടെ ആറ് പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.
കേസിൽ വിശദമായ വാദം കേൾക്കുന്നതിനായി പ്രൊസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസുമാരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നടപടി. സുനിൽ കുമാറിന് പുറമെ മാർട്ടിൻ ആന്റണി, മണികണ്ഠൻ, വിജീഷ്, വടിവാൾ സലീം, പ്രദീപ് എന്നിവരാണ് ശിക്ഷാവിധി ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.
അപ്പീലിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ വിചാരണ കോടതി വിധിച്ച 20 വർഷത്തെ തടവുശിക്ഷ മരവിപ്പിക്കണമെന്നും തങ്ങൾക്ക് ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം.അതേസമയം, കേസിൽ എറണാകുളം പ്രത്യേക വിചാരണ കോടതി പ്രതികൾക്ക് നൽകിയ ശിക്ഷ കുറഞ്ഞുപോയെന്നും അത് വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നടൻ ദിലീപ് ഉൾപ്പെടെ കേസിൽ വിചാരണ കോടതി വെറുതെ വിട്ട നാല് പ്രതികളെ ശിക്ഷിക്കണമെന്നും സർക്കാർ അപ്പീലിൽ ആവശ്യപ്പെടുന്നു. സർക്കാരിന്റെ ഈ ഹർജിയും കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.ഇതിനൊപ്പം, വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തിൽ പ്രത്യേക സംഘത്തിന്റെ (SIT) അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഈ സംഭവവുമായി ബന്ധപ്പെട്ട മെമ്മറി കാർഡും പെൻഡ്രൈവും മുദ്രവച്ച കവറിൽ നേരിട്ട് ഹാജരാക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയോട് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. പ്രതികളുടെ അപ്പീലുകൾക്കൊപ്പം ഈ ഹർജികളും വരും ദിവസങ്ങളിൽ കോടതി വിശദമായി പരിഗണിക്കും.
Key Words : Actress attack case, High Court , Pulsar Suni

COMMENTS