The investigation into the tragic bus fire in Andhra Pradesh's Kurnool, which claimed 20 lives early Friday morning, has taken a new turn
സ്വന്തം ലേഖകന്‍
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കര്‍ണൂലില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 20 പേരുടെ മരണത്തിനിടയാക്കിയ ബസ് തീപിടിത്തത്തില്‍ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. മരിച്ച ബൈക്ക് യാത്രികന്റെ സംശയാസ്പദമായ പെരുമാറ്റം പതിഞ്ഞ ഒരു വീഡിയോ വൈറലായതാണ് കാരണം. അപകടത്തിന് തൊട്ടുമുമ്പുള്ളതാണ് ഈ വീഡിയോ.
22 വയസ്സുള്ള ബി. ശിവശങ്കര്‍ എന്‍എച്ച്-44-ല്‍ സ്വകാര്യ ലക്ഷ്വറി ബസിലിടിക്കുന്നതിന് തൊട്ടുമുമ്പ് അശ്രദ്ധമായി വാഹനമോടിക്കുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്നും സംശയമുണ്ട്.
വെമുരി കാവേരി ട്രാവല്‍സിന്റെ ഉടമസ്ഥതയിലുള്ള ബസ് ശിവശങ്കറിന്റെ മോട്ടോര്‍ സൈക്കിള്‍ ഏകദേശം 200 മീറ്ററോളം കൂട്ടിയിടിക്കു ശേഷം വലിച്ചിഴച്ചു കൊണ്ടുപോയിരുന്നു. ബൈക്ക് റോഡിലുരഞ്ഞു തീപ്പൊരുയുണ്ടാവുകയും ഇതിനൊപ്പം ഇന്ധന ചോര്‍ച്ച ഉണ്ടായതുമാണ് വലിയ തീപിടിത്തത്തിന് കാരണമായതെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു.
അപകടത്തിന് ബസ് ഡ്രൈവറെയും ട്രാവല്‍ ഏജന്‍സിയെയും കുറ്റപ്പെടുത്തി തെലങ്കാന മന്ത്രി ജൂപ്പള്ളി കൃഷ്ണ റാവു രംഗത്തെത്തിയിരുന്നു. ഡ്രൈവര്‍മാരായ ലക്ഷ്മയ്യ, ശിവ നാരായണ എന്നിവരെ അറസ്റ്റ് ചെയ്യുകയും അശ്രദ്ധയോടെ വാഹനമോടിച്ചതിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
പുതുതായി പുറത്തുവന്ന ദൃശ്യങ്ങളില്‍, ബൈക്ക് യാത്രികന്‍ പുലര്‍ച്ചെ 2:23 ന് ഒരു പെട്രോള്‍ പമ്പില്‍ സഹയാത്രികനോടൊപ്പം എത്തുന്നത് കാണാം. അവിടെ അറ്റന്‍ഡര്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സഹയാത്രികന്‍ പമ്പിലെ ജീവനക്കാരെ അന്വേഷിച്ച് ഫ്രെയിമില്‍ നിന്ന് പുറത്തേക്ക് നടന്നുപോയി. ബൈക്ക് യാത്രികനും വാഹനത്തില്‍ നിന്നിറങ്ങി പെട്രോള്‍ പമ്പിന് ചുറ്റും നടക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
നിരാശനായ ഇയാള്‍ ഒരുവേള അലറിവിളിക്കുകയും, തുടര്‍ന്ന് ബൈക്ക് സൈഡ് സ്റ്റാന്‍ഡില്‍ തിരിച്ചുവെച്ച് ഓടിച്ചുപോവുകയും ചെയ്തു. ഈ സമയം ഇരുചക്രവാഹനത്തില്‍ സന്തുലനം നിലനിര്‍ത്താന്‍ ഇയാള്‍ ബുദ്ധിമുട്ടുന്നതും ദൃശ്യങ്ങളിലുണ്ട്.
ഇയാളുടെ പെരുമാറ്റം വിചിത്രമായി തോന്നിയതിനെത്തുടര്‍ന്ന്, മദ്യത്തിന്റെയോ മറ്റ് ലഹരിവസ്തുക്കളുടെയോ സ്വാധീനത്തിലായിരിക്കാം ബൈക്ക് ഓടിച്ചതെന്ന് പോലീസ് സംശയിക്കുന്നു.
പുലര്‍ച്ചെ 3-3:30 ഓടെയാണ് ഉള്ളിന്ദകൊണ്ടയ്ക്ക് സമീപം അപകടമുണ്ടായത്. ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസില്‍ 46 പേരായിരുന്നു ഉണ്ടായിരുന്നത്. കൂട്ടിയിടിച്ച ഉടന്‍ തീപിടിച്ച ബസില്‍ ഉറങ്ങുകയായിരുന്ന 19 യാത്രക്കാര്‍ക്ക് രക്ഷപ്പെടാനായില്ല. ജനല്‍ തകര്‍ത്ത് പുറത്തുചാടിയ 27 പേര്‍ രക്ഷപ്പെട്ടു.
ബൈക്ക് യാത്രക്കാരന്റെ സഹയാത്രികന്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. അപകടത്തിലേക്ക് നയിച്ച സംഭവങ്ങളുടെ ക്രമം കണ്ടെത്താനും ബൈക്ക് യാത്രികന്‍ മദ്യപിച്ചിരുന്നോ എന്ന് ഉറപ്പിക്കാനും പോലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്. ബൈക്ക് യാത്രികന്റെ ആന്തരികാവയവങ്ങളുടെ (വിസറ) സാമ്പിളുകള്‍ മദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനായി ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അപകടസമയത്തെ കനത്ത മഴയും ഇരുട്ടും കണക്കിലെടുത്ത് കൂട്ടിയിടിയുമായി ബന്ധപ്പെട്ട് രണ്ട് പ്രധാന സാധ്യതകളിലാണ് അന്വേഷണകര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്:
ബൈക്ക് യാത്രികന് മുമ്പ് മറ്റെന്തെങ്കിലും അപകടം സംഭവിച്ചിരിക്കാനും, ഇരുട്ടിലും മഴയിലും ബസ് ഡ്രൈവര്‍ക്ക് അത് കാണാന്‍ കഴിയാതെ വരികയും, അറിയാതെ ബൈക്ക് 200 മീറ്ററോളം വലിച്ചിഴച്ച് തീപ്പൊരി ഉണ്ടാക്കി ഇന്ധനം കത്തി തീപിടിത്തത്തിന് കാരണമാവുകയും ചെയ്തതാകാം. അല്ലെങ്കില്‍, ബൈക്ക് യാത്രികന്റെ അശ്രദ്ധമായ ഓട്ടം അപകടത്തിന് കാരണമായിരിക്കാം.
അപകടകാരണത്തിന് പുറമെ, ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് ഉള്‍പ്പെടെയുള്ള വിവിധ ഏജന്‍സികള്‍ സ്വകാര്യ ബസ് ഓപ്പറേറ്ററുടെ പ്രവര്‍ത്തനങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്.
പരിശോധനയില്‍ സുരക്ഷാ ചട്ടലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബസ് യഥാര്‍ത്ഥത്തില്‍ ദാമന്‍ ആന്‍ഡ് ദിയുവില്‍ രജിസ്റ്റര്‍ ചെയ്യുകയും കഴിഞ്ഞ വര്‍ഷം ഒഡീഷയില്‍ റീ-രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ബസ് പ്രധാനമായും സര്‍വീസ് നടത്തുന്ന മറ്റ് സംസ്ഥാനങ്ങളിലെ ഉയര്‍ന്ന നികുതിയും കര്‍ശനമായ പരിശോധനയും ഒഴിവാക്കാനുള്ള തന്ത്രമായിരുന്നോ ഇത് എന്നും അന്വേഷിക്കുന്നുണ്ട്.
സ്ലീപ്പര്‍ കോച്ച് നിയമവിരുദ്ധമായി സ്റ്റാന്‍ഡേര്‍ഡ് സീറ്റര്‍ ബസില്‍ നിന്ന് രൂപമാറ്റം വരുത്തിയതാണോ എന്നും അധികൃതര്‍ സംശയിക്കുന്നു. അത്തരം രൂപമാറ്റങ്ങള്‍ അടിയന്തര എക്‌സിറ്റുകളുടെ എണ്ണം, ഗാംഗ് വേ വീതി, മൊത്തത്തിലുള്ള ഘടനാപരമായ സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ പാലിക്കുന്നതില്‍ പരാജയപ്പെടാന്‍ സാധ്യതയുണ്ട്. ഇത് തീപിടിത്തമുണ്ടാകുമ്പോള്‍ യാത്രക്കാര്‍ക്ക് രക്ഷപ്പെടാനുള്ള സാധ്യതയെ ഗുരുതരമായി തടസ്സപ്പെടുത്തും.
അടിയന്തര ഘട്ടങ്ങളില്‍ ജനലുകള്‍ തകര്‍ക്കുന്നതിനായി ബസില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ചെറിയ ചുറ്റിക ലഭ്യമല്ലായിരുന്നെന്നും അല്ലെങ്കില്‍ എളുപ്പത്തില്‍ എടുക്കാന്‍ കഴിയാത്ത നിലയിലായിരുന്നെന്നും രക്ഷപ്പെട്ട യാത്രക്കാര്‍ പറഞ്ഞു. ഇത് തീപിടിച്ച വാഹനത്തിനുള്ളില്‍ യാത്രക്കാര്‍ കുടുങ്ങാന്‍ കാരണമായി.
ഈ എല്ലാ വശങ്ങളും വിശദമായി അന്വേഷിക്കാനും ജീവഹാനിക്ക് ഉത്തരവാദികളെ കണ്ടെത്താനും പോലീസ്, ട്രാന്‍സ്പോര്‍ട്ട്, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന ഒരു ഉന്നതതല സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
ബസിന്റെ ലഗേജ് കമ്പാര്‍ട്ടുമെന്റില്‍ സൂക്ഷിച്ചിരുന്ന 400-ലധികം മൊബൈല്‍ ഫോണുകളുടെ പൊട്ടിത്തെറിയാണ് തീപിടിത്തത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുകയും വന്‍തോതിലുള്ള ആള്‍നാശത്തിന് കാരണമാവുകയും ചെയ്തതെന്ന് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ ഇന്ധന ടാങ്ക് ക്യാപ് ഇളകുകയും പെട്രോള്‍ ചോര്‍ച്ചയുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് ബസ് വലിച്ചിഴച്ച ബൈക്ക് ഉണ്ടാക്കിയ തീപ്പൊരി ചോര്‍ന്ന ഇന്ധനത്തില്‍ പെട്ടെന്ന് തീ പടര്‍ത്തി. ഈ തീ പിന്നീട് ബസിന്റെ ലഗേജ് ഏരിയയിലേക്ക് വ്യാപിച്ചു.
കമ്പാര്‍ട്ടുമെന്റിനുള്ളില്‍ നൂറുകണക്കിന് മൊബൈല്‍ ഫോണുകള്‍ അടങ്ങിയ ഒരു പാഴ്‌സല്‍ ഉണ്ടായിരുന്നു. ഉയര്‍ന്ന താപനില കാരണം ഈ ഫോണുകളിലെ ലിഥിയം ബാറ്ററികള്‍ ചൂടാവുകയും ഏകദേശം ഒരേ സമയം പൊട്ടിത്തെറിക്കുകയും ചെയ്തു. ഈ ശക്തമായ സ്ഫോടനം കാരണം തീ വളരെ വേഗത്തില്‍ മുകളിലുള്ള യാത്രാ വിഭാഗത്തിലേക്ക് പടര്‍ന്നു, യാത്രക്കാര്‍ക്ക് പ്രതികരിക്കാന്‍ പോലും സമയം ലഭിച്ചില്ല.
മരിച്ചവരില്‍ അധികവും ലഗേജ് കമ്പാര്‍ട്ടുമെന്റിന് തൊട്ടുമുകളില്‍ ബസിന്റെ മുന്‍വശത്ത് ഇരിക്കുകയോ വിശ്രമിക്കുകയോ ചെയ്തിരുന്നവരാണ്. വാഹനം പെട്ടെന്ന് തീയിലും കനത്ത പുകയിലും നിറഞ്ഞതോടെ ഇവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. വലത് വശത്തെ എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ കഴിയാതിരുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കി. പ്രാഥമിക കണ്ടെത്തലുകള്‍ അനുസരിച്ച്, തീ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഡ്രൈവര്‍ വാഹനം നിര്‍ത്തി, കാബിന്‍ വിന്‍ഡോ വഴി പുറത്തുകടന്നു, പിന്നിലേക്ക് ഒന്ന് നോക്കിയ ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
തീവ്രത വര്‍ദ്ധിപ്പിച്ചതില്‍ മൊബൈല്‍ ഫോണ്‍ ബാറ്ററികളുടെ പൊട്ടിത്തെറി പ്രധാന ഘടകമായി കണ്ടെത്തിയതോടെ, സ്വകാര്യ ബസുകളിലെ ലഗേജ് ഗതാഗതവുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികള്‍ അധികൃതര്‍ പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മതിയായ മുന്‍കരുതലുകളില്ലാതെ വലിയ അളവില്‍ മൊബൈല്‍ ഫോണുകള്‍ പോലുള്ള അപകടകരമായ വസ്തുക്കള്‍ കൊണ്ടുപോകുന്നത് തടയാനായി സംസ്ഥാനത്തുടനീളമുള്ള സ്വകാര്യ ട്രാവല്‍ ഏജന്‍സികള്‍ നടത്തുന്ന പാഴ്‌സല്‍ ഓഫീസുകളില്‍ പോലീസും ട്രാന്‍സ്പോര്‍ട്ട് ഉദ്യോഗസ്ഥരും പരിശോധന ആരംഭിച്ചു.
400-ലധികം മൊബൈല്‍ ഫോണുകളുടെ ഒരേസമയമുള്ള സ്ഫോടനം അപകടകരമായ ഒരു സാഹചര്യത്തെ മാരകമായ ദുരന്തമാക്കി മാറ്റിയെന്ന് ഫോറന്‍സിക് കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു.



COMMENTS