കൊച്ചി : കൊച്ചി മാതൃകയില്‍ മുബൈയില്‍ വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള ടെന്‍ഡര്‍ കൊ...
കൊച്ചി : കൊച്ചി മാതൃകയില്‍ മുബൈയില്‍ വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള ടെന്‍ഡര്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് ലഭിച്ചു.
ടെണ്ടറിംഗ് നടപടികളിലൂടെ 4.4 കോടി രൂപയുടെ കരാര്‍ മഹാരാഷ്ട്ര ഗവണ്‍മെന്റില്‍ നിന്ന് നേടിയതിലൂടെ കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനത്തില്‍ ദേശീയതലത്തില്‍ തന്നെ സുപ്രധാനമായ ഒരു ചുവടുവയ്പ് നടത്തിയിരിക്കുകയാണ് കൊച്ചി മെട്രോ.
മെട്രോ റെയില്‍ പദ്ധതി നടപ്പാക്കുന്നതില്‍ ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍(ഡിഎംആര്‍സി) രാജ്യത്ത് എത്ര വലിയ പങ്കാണോ വഹിച്ചത് വാട്ടര്‍ മെട്രോ പദ്ധതി നടപ്പാക്കുന്നതില്‍ ഇതോടെ കൊച്ചി മെട്രോയും ആ നിലയിലേക്ക് ഉയര്‍ന്നിരിക്കുകയാണ് എന്നാണ് ഈ രംഗത്തെ നിരീക്ഷരുടെ വിലയിരുത്തല്‍.
മുംബെ മെട്രോപൊളിറ്റന്‍ പ്രദേശം മുഴുവന്‍ ഉള്‍പ്പെടുത്തി വയ് തര്‍ണ, വസായ്, മനോരി, താനേ, പനവേല്‍,കരാഞ്ജ തുടങ്ങിയ ജലാശയങ്ങളെ ബന്ധിപ്പിച്ച് വാട്ടര്‍മെട്രോ സര്‍വ്വീസ് തുടങ്ങുന്നതിനുള്ള സാധ്യത പഠന റിപ്പോര്‍ട്ട് റെക്കോര്‍ഡ് വേഗത്തിലാണ് കെ എം ആര്‍ എല്ലിന്റെ കണ്‍സള്‍ട്ടന്‍സി വിഭാഗം തയ്യാറാക്കി സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഡി പി ആര്‍ തയ്യാറാക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചത്.
കനാലും കായലും കടലും, പോർട്ട് വാട്ടറും ഉള്‍പ്പെടുന്ന മേഖലയില്‍ വാട്ടര്‍ മെട്രോ നടപ്പാക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ തയ്യാറാക്കുക എന്ന ഏറെ വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തമാണ് കൊച്ചി മെട്രോ ഏറ്റെടുത്തിരിക്കുന്നത് എന്ന് കെ എം ആര്‍ എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്റ പറഞ്ഞു. വാട്ടർ മെട്രോ മുബൈയിൽ റോഡ്, റെയിൽ, ജലപാത എന്നിവയെ ബന്ധിപ്പിച്ച് ഇന്റർമോഡൽ കണക്ടിവിറ്റി ഉറപ്പാക്കി ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കും. 2026 ൽ പദ്ധതി നിർമ്മാണം ആരംഭിക്കാൻ മഹാരാഷ്ട്ര സർക്കാരിന് കഴിയുന്ന രീതിയിൽ ഡി പി ആർ ഈ വർഷം തന്നെ പൂർത്തിയാക്കുമെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു.
250 കിലോമീറ്റര്‍ നീണ്ട ജലപാതകളില്‍ 29 ടെര്‍മിനലുകളും പത്ത് റൂട്ടുകളും ഉള്‍പ്പെടുത്തി മഹാരാഷ്ട്രയില്‍ വാട്ടര്‍ മെട്രോ നടപ്പാക്കാനുള്ള പഠനം കെ എം ആര്‍ എല്‍ കണ്‍സള്‍ട്ടന്‍സി വിഭാഗത്തിന് മുന്നില്‍ വലിയ വികസന സാധ്യതകളാണ് ഉയര്‍ത്തുന്നത്. കൊച്ചി മെട്രോയ്ക്ക് അധിക ടിക്കറ്റിതര വരുമാനത്തിനും ഇത് വഴി തുറന്നു കഴിഞ്ഞു. കൊച്ചി മെട്രോയുടെ നിലിവലെ പദ്ധതി നിര്‍വ്വണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദഗ്ധര്‍ തന്നെയാണ് ആ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിച്ചുകൊണ്ടുതന്നെ കൊച്ചി മാതൃക രാജ്യമാകെ വ്യാപിപ്പിക്കാനുള്ള സേവനത്തില്‍ ഏര്‍പ്പെടുന്നത്.
Key Words : Water Metro, KMR


COMMENTS