Actor-politician Vijay's party, TVK (Tamilaga Vettri Kazhagam), has alleged a DMK conspiracy behind the stampede at yesterday's rally in Karur
![]() | |
| കരൂര്‍ ദൂരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് അരുണ ജഗദീശന്‍ വേലുസാമിപുരത്ത് റാലി നടന്ന സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ |
സ്വന്തം ലേഖകന്‍
ചെന്നൈ: തമിഴ്നാട്ടിലെ കരൂരില്‍ ഇന്നലെ നടന്ന റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 40 പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന് പിന്നില്‍ ഡി.എം.കെ. ഗൂഢാലോചന ഉണ്ടെന്ന് നടനും രാഷ്ട്രീയ നേതാവുമായ വിജയുടെ പാര്‍ട്ടി ടി.വി.കെ. (തമിഴക വെട്രി കഴകം) ആരോപിച്ചു.
കേസ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) കൈമാറണമെന്നോ അല്ലെങ്കില്‍ കേന്ദ്ര ഏജന്‍സിയായ സി.ബി.ഐ.ക്ക് കൈമാറണമെന്നോ ആവശ്യപ്പെട്ട് പാര്‍ട്ടി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് ടി.വി.കെ.യുടെ അഭിഭാഷകന്‍ അറിവഴകന്‍ പറഞ്ഞു. കരൂര്‍ റാലിയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടു എന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങളെ അറിവഴകന്‍ തള്ളിക്കളഞ്ഞു.
ടി.വി.കെ.യുടെ നിയമ വിഭാഗം സംസ്ഥാന കോ ഓര്‍ഡിനേറ്ററായ അറിവഴകന്‍, തമിഴ്‌നാട് ഹൈക്കോടതിയുടെ മധുര ബെഞ്ചിന് മുന്നില്‍ നാളെ വിഷയം ഉന്നയിക്കുമെന്ന് അറിയിച്ചു. 'കരൂരിലെ സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. അതിനാല്‍, സംസ്ഥാന ഏജന്‍സിക്ക് പകരം സ്വതന്ത്രമായി വിഷയം അന്വേഷിക്കാന്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയോട് ഞങ്ങള്‍ അഭ്യര്‍ഥിക്കും,' അദ്ദേഹം പറഞ്ഞു. 'കോടതി ഒന്നുകില്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണം, അല്ലെങ്കില്‍ കേസ് തമിഴ്നാട് പോലീസില്‍ നിന്ന് സി.ബി.ഐ.ക്ക് കൈമാറണം,' അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന പോലീസിന്റെ അന്വേഷണത്തില്‍ ടി.വി.കെ.ക്ക് വിശ്വാസമില്ലേ എന്ന ചോദ്യത്തിന്, അഭിഭാഷകന്റെ മറുപടി ഇങ്ങനെയായിരുന്നു: 'അവിടെ ഒരു ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. പ്രാദേശിക ആളുകളില്‍ നിന്ന് ഞങ്ങള്‍ക്ക് വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചു. ഞങ്ങളുടെ കൈവശം ചില സിസി ടിവി ദൃശ്യങ്ങളുമുണ്ട്. കരൂര്‍ ജില്ലയിലെ ചില ഭരണകക്ഷി പ്രവര്‍ത്തകരുടെ ക്രിമിനല്‍ ഗൂഢാലോചന ഇതില്‍ വ്യക്തമാണ്.'
'പോലീസ് ഏര്‍പ്പെടുത്തിയ ഒരു നിബന്ധനകളും ഞങ്ങള്‍ ലംഘിച്ചിട്ടില്ല. കുറച്ച് മാസങ്ങളായി മധുര, ട്രിച്ചി, അരിയലൂര്‍, തിരുവാരൂര്‍, നാഗപട്ടണം, നാമക്കല്‍ എന്നിവിടങ്ങളില്‍ ടി.വി.കെ. നിരവധി പരിപാടികള്‍ സംഘടിപ്പിച്ചുവെന്നും അറിവഴകന്‍ ചൂണ്ടിക്കാട്ടി. എങ്ങനെയാണ് ഇത് കരൂരില്‍ മാത്രം ദുരന്തം സംഭവിച്ചത്, അതാണ് ചോദ്യം. ഇത് സംശയം ജനിപ്പിക്കുന്നു, അദ്ദേഹം തുടര്‍ന്നു.
ഡി.എം.കെ.യുടെ പ്രതികരണം
ഗൂഢാലോചനാ ആരോപണത്തോട് പ്രതികരിക്കുന്നതില്‍ നിന്ന് ഡി.എം.കെ. വിട്ടുനിന്നു. 'ഞങ്ങള്‍ ഇത് രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നില്ല. നിയമം അതിന്റെ വഴിക്ക് പോകും. ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നവര്‍ ആദ്യം അവരുടെ പാര്‍ട്ടി നേതൃത്വം എങ്ങനെ പെരുമാറി എന്ന് സ്വയം വിലയിരുത്തണം,' പാര്‍ട്ടിയുടെ വക്താവ് ഡോ. സയിദ് ഹഫീസുള്ള പറഞ്ഞു.
കരൂര്‍ റാലി നടന്ന സ്ഥലത്ത് ഉച്ചമുതല്‍ ആളുകള്‍ തടിച്ചുകൂടിയിട്ടും വിജയ് രാത്രി ഏഴു മണി കഴിഞ്ഞുമാത്രമാണ് എത്തിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഏകദേശം 10,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്ഥലത്ത് 30,000 പേര്‍ തടിച്ചുകൂടിയിരുന്നു. വൈകിയെത്തിയത് മനഃപൂര്‍വമായിരുന്നു എന്നും ജനക്കൂട്ടം വര്‍ദ്ധിപ്പിക്കാന്‍ ടി.വി.കെ. നേതാക്കള്‍ ആഗ്രഹിച്ചിരുന്നുവെന്നും ഡിഎംകെ വൃത്തങ്ങള്‍ പറയുന്നു.
'വൈകിയത് മനപ്പൂര്‍വമല്ല. കനത്ത ഗതാഗതക്കുരുക്കാണ് കാലതാമസത്തിന് കാരണമായത്. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയാതിരുന്നത്,' ഈ വാദം തള്ളിക്കളഞ്ഞുകൊണ്ട് ടി.വി.കെ. അഭിഭാഷകന്‍ പറഞ്ഞു,
ടി.വി.കെ. ജനറല്‍ സെക്രട്ടറി എന്‍. ആനന്ദ്, ജോയിന്റ് ജനറല്‍ സെക്രട്ടറി നിര്‍മ്മല്‍ കുമാര്‍, കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി വി.പി. മതിയഴകന്‍ എന്നിവര്‍ ഇപ്പോള്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് നേരിടുകയാണ്. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡിഷ്യല്‍ അന്വേഷണത്തിനും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
Summary: Actor-politician Vijay's party, TVK (Tamilaga Vettri Kazhagam), has alleged a DMK conspiracy behind the stampede at yesterday's rally in Karur, Tamil Nadu, which left 40 people dead and over a hundred injured. TVK's lawyer, Arivazhagan, said the party would file a petition with the Madras High Court demanding that the case be handed over to a Special Investigation Team (SIT) or transferred to the central agency, the CBI. Arivazhagan also dismissed the state government's claim that safety guidelines were violated at the Karur rally.


COMMENTS