സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകൾ സർക്കാരിൽ രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, യൂട്യൂബ് തുടങ്ങിയവയ്ക്ക് നേപ്പാൾ സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ഈ നീക്കമാണ് യുവതലമുറയെ ചൊടിപ്പിച്ചത്.


 

നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് യുവാക്കളാണ് കാഠ്മണ്ഡുവിലെ തെരുവുകളിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

തിങ്കളാഴ്ച നടന്ന പ്രതിഷേധ റാലികൾ അക്രമാസക്തമായതോടെ പലയിടത്തും പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും റബ്ബർ ബുള്ളറ്റുകളും ഉപയോഗിച്ചു. പ്രതിഷേധക്കാർ പാർലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചതോടെയാണ് സംഘർഷം കൂടുതൽ വഷളായത്.  

നഗരത്തിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടും പ്രതിഷേധം ശക്തമായി തുടരുകയാണ്. പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും വീടുകളടക്കം കർഫ്യൂ പരിധിയിലുള്ള സ്ഥലങ്ങളിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. 

പ്രതിഷേധക്കാരുടെ മരണത്തിൽ നൈതികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് നേപ്പാൾ ആഭ്യന്തര മന്ത്രി രമേഷ് ലേഖക് രാജിവച്ചു. 

സോഷ്യൽ മീഡിയാ നിരോധനം അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ വിഷയങ്ങളിലും ജനങ്ങൾക്കിടയിൽ വ്യാപകമായ പ്രതിഷേധമുണ്ട്. 

ഈ പ്രതിഷേധം ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ലെന്നും യുവതലമുറയുടെ സ്വാഭാവികമായ പ്രതികരണമാണെന്നും സംഘാടകർ പറയുന്നു. 

ഇതേസമയം, പ്രധാനമന്ത്രിയുടെ നിലപാട് ഭരണകക്ഷിയിൽ തന്നെ ഭിന്നതക്ക് കാരണമായിട്ടുണ്ട്. ഭരണകക്ഷിയിലെ നേപ്പാളി കോൺഗ്രസ് മന്ത്രിമാർ നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.