Cloudburst, floods and landslides in Kishtwar, Jammu and Kashmir, 44 dead, 220 missing. The tragedy occurred on the way to Mata Chandi
ജമ്മു : ജമ്മു കശ്മീരിലെ കിഷ്ത്വാറിലെ ചോസിതി ഗ്രാമത്തിലുണ്ടായ വന്‍ മേഘവിസ്‌ഫോടനത്തില്‍ രണ്ട് സിഐഎസ്എഫ് ജവാന്‍മാര്‍ ഉള്‍പ്പെടെ 44 പേര്‍ കൊല്ലപ്പെടുകയും 167 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 220 ലധികം പേരെ കാണാതായി.
വെള്ളപ്പൊക്കത്തിനും വന്‍ നാശനഷ്ടങ്ങള്‍ക്കും മേഘവിസ്‌ഫോടനം കാരണമായി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ സൈന്യവും പങ്കുചേര്‍ന്നിട്ടുണ്ട്, ആളുകളെ ഒഴിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും ആശങ്കയുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 167 പേരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തതായും ഇതില്‍ 38 പേരുടെ നില ഗുരുതരമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഹിമാലയന്‍ ക്ഷേത്രമായ മാതാ ചണ്ഡിയിലേക്കുള്ള മച്ചൈല്‍ മാതാ യാത്രയുടെ വഴിയിലാണ് ദുരന്തമുണ്ടായത്. തീര്‍ത്ഥാടന പാത താറുമാറായി. രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി.
മച്ചൈല്‍ മാതാ യാത്രയുടെ ആരംഭ പോയിന്റും കിഷ്ത്വാറിലെ മാതാ ചണ്ഡിയുടെ ക്ഷേത്രത്തിലേക്കുള്ള വഴിയിലെ അവസാനത്തെ വാഹനയോഗ്യമായ ഗ്രാമവുമാണ് ചോസിതി. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് വാര്‍ഷിക യാത്ര താല്‍ക്കാലികമായി നിറുത്തിവച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മേഘവിസ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത് ഏകദേശം 1,200 പേര്‍ ഉണ്ടായിരുന്നുവെന്ന് ജമ്മു കശ്മീര്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുനില്‍ ശര്‍മ്മ പറഞ്ഞു.
കിഷ്ത്വാര്‍ മേഖലയിലെ സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അറിയിച്ചതായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. മേഘവിസ്‌ഫോടന ബാധിത പ്രദേശത്ത് നിന്ന് സ്ഥിരീകരിച്ച വിവരങ്ങള്‍ ലഭിക്കുന്നത് മന്ദഗതിയിലാണെന്നും എന്നാല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി സാധ്യമായ എല്ലാ വിഭവങ്ങളും സമാഹരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താ ഏജന്‍സികളോട് സംസാരിക്കില്ലെന്നും സാധ്യമാകുമ്പോഴെല്ലാം സര്‍ക്കാര്‍ അപ്ഡേറ്റുകള്‍ പങ്കിടുമെന്നും ഒമര്‍ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനവും പിന്തുണയും അറിയിച്ചു. 'മേഘവിസ്‌ഫോടനത്തിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന എല്ലാവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ആവശ്യമുള്ളവര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കും,' അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തിനടുത്തുള്ള ചോസിതിയില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ 'സാരമായ നാശനഷ്ടങ്ങളുണ്ടായേക്കാമെന്ന്' കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.
'ഭരണകൂടം ഉടന്‍ തന്നെ നടപടി സ്വീകരിച്ചു, രക്ഷാസംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. നാശനഷ്ടങ്ങള്‍ ഒഴിവാക്കുന്നതിനും ആവശ്യമായ രക്ഷാപ്രവര്‍ത്തന, മെഡിക്കല്‍ മാനേജ്‌മെന്റ് ക്രമീകരണങ്ങള്‍ നടത്തുന്നതിനും നടപടികള്‍ സ്വീകരിച്ചുവരികയാണ്,' ജിതേന്ദ്ര സിംഗ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ മുതല്‍ ഇവിടം മേഘാവൃതമായിരുന്നു.
COMMENTS