Film actor and mimicry star Kalabhavan Navas was found dead in his hotel room. He was 51 years old. Cause of death is suspected to be heart attack
കൊച്ചി : ചലച്ചിത്ര നടനും മിമിക്രി താരവുമായ കലാഭവൻ നവാസിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 51 വയസ്സായിരുന്നു.
ഹൃദയാഘാതമാണ് മരണ കാരണമെന്ന് സംശയിക്കുന്നു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലാണ് നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് അദ്ദേഹം ഇവിടെ എത്തിയത്. നവാസിന്റെ ഷൂട്ടിംഗ് വെള്ളിയാഴ്ച കഴിഞ്ഞിരുന്നു.
തുടർന്ന് അദ്ദേഹം വീട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. അദ്ദേഹത്തെ മുറിയിൽ നിന്ന് പുറത്തു കാണാത്തതിനാൽ ജീവനക്കാർ തുറന്നു നോക്കിയപ്പോൾ തറയിൽ മരിച്ചുകിടക്കുകയായിരുന്നു.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണവാർത്ത അറിഞ്ഞ് നവാസിന്റെ സഹപ്രവർത്തകർ ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.
കലാഭവൻ മിമിക്രി ട്രൂപ്പിലൂടെയാണ് നവാസ് ശ്രദ്ധേയനാകുന്നത്. സഹോദരൻ നിയാസ് ബക്കറിനൊപ്പം നിരവധി സ്റ്റേജ് ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. സഹോദരനുമായി ചേർന്ന് കൊച്ചിൻ ആർട്സ് എന്ന പേരിൽ മിമിക്രി ട്രൂപ്പ് രൂപീകരിച്ചിരുന്നു.
ചൈതന്യം എന്ന ചിത്രത്തിലൂടെ 1995 ലാണ് നവാസ് സിനിമയിൽ എത്തുന്നത്. മാട്ടുപ്പെട്ടി മച്ചാൻ എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയനാകുന്നത്.
ജൂനിയർ മാൻഡ്രേക്ക്, അമ്മ അമ്മായി അമ്മ, മീനാക്ഷി കല്യാണം, ചന്ദാ മാമ, മൈ ഡിയർ കരടി, വെട്ടം, ചട്ടമ്പിനാട്, എബിസിഡി, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നടനും നാടക കലാകാരനുമായ അബൂബക്കറിന്റെ മകനാണ്. നടി രഹനയാണ് ഭാര്യ. നഹറിൻ, റിദ് വാൻ, റിഹാൻ എന്നിവർ മക്കളാണ്.
Summary: Film actor and mimicry star Kalabhavan Navas was found dead in his hotel room. He was 51 years old. The cause of death is suspected to be a heart attack.
COMMENTS