കണ്ണൂര്‍: ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് പിടിയിലായ കന്യാസ്ത്രീകളുടെ ജാമ്യം പരമാവധി വൈകിപ്പിക്കാന്‍ ശ്രമം നടന്നുവെ...
കണ്ണൂര്‍: ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് പിടിയിലായ കന്യാസ്ത്രീകളുടെ ജാമ്യം പരമാവധി വൈകിപ്പിക്കാന്‍ ശ്രമം നടന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
'' ഒരു കുറ്റവും ചെയ്യാതെ, സഹായിക്കാന്‍ രംഗത്തു വന്ന കന്യാസ്ത്രീകളെയാണ് ജയിലിലടച്ചത്. വളരെ അപകീര്‍ത്തികരമായി മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ചാണ് ജയിലിലടച്ചത്. കേസെടുക്കേണ്ട സാഹചര്യമില്ലാതിരുന്നിട്ടും കേസെടുത്തു. ജാമ്യം പരമാവധി വൈകിപ്പിക്കാനാണ് ഛത്തീസ്ഗഡ് പൊലീസ് ശ്രമിച്ചത്. രാജ്യത്തിനു തന്നെ അപകടകരമാകുന്ന കാര്യങ്ങളാണ് എന്‍ഐഎ അന്വേഷിക്കുന്നത്. ഈ കേസ് എന്‍ഐഎയ്ക്കു വിടാന്‍ തീരുമാനിച്ചതു തന്നെ ജാമ്യം വൈകിപ്പിക്കാനാണ്. ഉപദ്രവിക്കാവുന്നതിന്റെ പരമാവധി ഉപദ്രവിച്ചു. ഇനിയും നീട്ടിക്കൊണ്ടു പോകാന്‍ സാധിക്കില്ല''- ഛത്തീസ്ഗഡില്‍ അറസ്റ്റിലായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സീസിന്റെ ഉദയഗിരിയിലെ വീട്ടില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് കന്യാസ്ത്രീകളെ ജയിലിലടച്ചിട്ട് ഞങ്ങള്‍ ഇടപെടല്‍ നടത്തുന്നുവെന്ന് ബിജെപി പറയുന്ന് എന്ത് അര്‍ഥത്തിലാണെന്നും ആദ്യ ദിവസം തന്നെ അവര്‍ക്ക് ജാമ്യം കിട്ടേണ്ടതായിരുന്നു. ജാമ്യം വൈകിപ്പിക്കുന്നതിനുള്ള തന്ത്രമാണ് നടന്നതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയം സഭാ താല്‍പര്യങ്ങള്‍ക്കെതിരാണ്. കേരളത്തിലെ സഭാ മേലധ്യക്ഷന്‍മാര്‍ക്കും ഇക്കാര്യം മനസ്സിലാകുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിജെപിയുടെ ഡിഎന്‍എ ന്യൂനപക്ഷങ്ങള്‍ക്കെതിരാണ്. ഛത്തീസ്ഗഡില്‍ മാത്രമല്ല, മധ്യപ്രദേശില്‍ 90 വയസ്സുള്ള വൈദികനെയും ഭീകരമായി ആക്രമിച്ചു. പാര്‍ട്ടിയുടെ അനുവാദത്തോടെയാണ് ഇതെല്ലാം നടക്കുന്നത്. കേരളത്തില്‍ ഏതെങ്കിലും ഒരു ന്യൂനപക്ഷത്തിന്റെ വോട്ടു കിട്ടേണ്ടത് ബിജെപിക്ക് ആവശ്യമാണ്. സഭാ നേതൃത്വത്തിനു തെറ്റിദ്ധാരണയുണ്ടാകേണ്ട കാര്യമില്ല.
Key Words: Kerala Nuns, Arrested, Case, K.C. Venugopal
COMMENTS