കൊച്ചി: വിപഞ്ചികയുടെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മാതൃസഹോദരി നൽകിയ ഹർജി പരിഗണിച്ച് ഹൈക്കോടതി. മൃതദേഹം നാട്ടിലെത്തിക...
കൊച്ചി: വിപഞ്ചികയുടെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മാതൃസഹോദരി നൽകിയ ഹർജി പരിഗണിച്ച് ഹൈക്കോടതി.
മൃതദേഹം നാട്ടിലെത്തിക്കണമെന്ന് പറയുന്നത് എന്തുകൊണ്ടെന്ന് ഹൈക്കോടതി ചോദിച്ചു. മൃതദേഹത്തിന് നിയമപരമായ അവകാശം ഭർത്താവിനല്ലേ. ഭർത്താവ് ജിവിച്ചിരിക്കുമ്പോൾ എങ്ങനെയാണ് അത്തരമൊരു ഉത്തരവിടാൻ സാധിക്കുകയെന്നും ഹൈക്കോടതി ചോദിച്ചു.
വിപഞ്ചികയുടെ അമ്മയ്ക്ക് വേണ്ടിയാണ് ഹർജി സമർപ്പിക്കുന്നതെന്നും ബന്ധുക്കൾ വിദേശത്തായതിനാലാണ് താൻ ഹൈക്കോടതിയെ സമീപിച്ചതെന്നും വിപഞ്ചികയുടെ മാതൃസഹോദരി നൽകിയ ഹർജിയിൽ അറിയിച്ചിട്ടുണ്ട്. വിപഞ്ചികയുടേതും കുഞ്ഞിന്റേതും കൊലപാതകമാണെന്ന് സംശയിക്കുന്നു. നിലവിൽ മൃതദേഹം ഷാർജയിൽ തന്നെ സംസ്കരിക്കാനാണ് വിപഞ്ചികയുടെ ഭർത്താവ് നിധീഷ് ശ്രമിക്കുന്നത്.
അത് തടഞ്ഞ് മൃതദേഹം നാട്ടിലെത്തിക്കാൻ അനുവദിക്കണം. വിവാഹം കഴിഞ്ഞ നാൾ മുതൽ ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നും കൊടിയ പീഡനം വിപഞ്ചിക നേരിട്ടിരുന്നുവെന്നും ഹർജിയിൽ പറയുന്നു. മാത്രമല്ല, മരണത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. ജസ്റ്റിസ് എൻ നഗരേഷിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിദേശത്ത് വച്ചാണ് മരണം സംഭവിച്ചത്. അവിടത്തെ പോലീസ് സ്വാഭാവികമായും അന്വേഷണം നടത്തുന്നുണ്ടാകും. മൃതദേഹത്തിന് നിയമപരമായ അവകാശം അവിടെ ഭർത്താവിനാണ്. അതിനാൽ, ഇക്കാര്യത്തിൽ ഇടപെടുന്നതിലെ സംശയം കോടതി പ്രകടിപ്പിച്ചു.
വിപഞ്ചികയുടെ ഭർത്താവിനെയും ഇന്ത്യൻ എംബസിയെയും കേസിൽ കക്ഷിചേർക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. നാളെ ഇക്കാര്യത്തിൽ മറുപടി വന്നശേഷം തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.
Key Words: Vipanchika Death Case, Kerala; High Court
COMMENTS