Trump says US will help develop Pakistan's 'enormous' oil reserves However, the meaning of this is still not clear
അഭിനന്ദ്
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ മരിച്ചതെന്ന് അപഹസിച്ച യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ കിറുക്ക് എന്തൊക്കെ അനുരണനങ്ങളാണ് ഉണ്ടാക്കുകയെന്ന ചര്‍ച്ചയിലാണ് ബിസിനസ് ലോകം.
'സുഹൃത്ത്' ആയ ഇന്ത്യയ്ക്ക് 25 ശതമാനം താരിഫ് ചുമത്തുന്നുവെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. കൂടാതെ, റഷ്യന്‍ ആയുധങ്ങളും എണ്ണയും വാങ്ങിയതിന് പിഴയും. ഇതിനെതിരേ ഇന്ത്യ കാര്യമായ ഒരു പ്രതികരണവും നടത്തിയിട്ടില്ല. കരുതലോടെയാണ് ഇന്ത്യ നീങ്ങുന്നത്.
ഇന്ത്യയെ പ്രകോപിപ്പിക്കാനായി പാകിസ്ഥാനുമായി അമേരിക്ക ഒരു വ്യാപാര കരാറില്‍ ഏര്‍പ്പെട്ടതായും അവിടുത്തെ 'വമ്പിച്ച' എണ്ണ ശേഖരം വികസിപ്പിക്കാനുള്ള പദ്ധതി ഒപ്പുവച്ചുവെന്നും ട്രംപ് വീമ്പിളക്കിയിട്ടുണ്ട്. 'ഒരുപക്ഷേ നാളെ ഇന്ത്യയ്ക്ക് പാകിസ്ഥാന്‍ എണ്ണ വില്‍ക്കുമെന്നാണ് ട്രംപിന്റെ ദീര്‍ഘദര്‍ശനം.
ഉക്രെയ്നിനെതിരായ യുദ്ധത്തിന് മോസ്‌കോയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിട്ടും റഷ്യന്‍ എണ്ണ ഇന്ത്യ വാങ്ങുന്നത് തുടരുന്നതാണ് ട്രംപിനെ ചൊടിപ്പിച്ചിരിക്കുന്നത്.
ചത്തതെന്നു ട്രംപ് കളിയാക്കുമ്പോഴും ഇന്ത്യ ഇതിനകം ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നു. അമേരിക്ക വളര്‍ന്നതിന്റെ എത്രയോ ഇരട്ടി വേഗത്തിലാണ് ഇന്ത്യയുടെ വളര്‍ച്ച. ക്ഷീര, കാര്‍ഷിക വിപണികള്‍ തുറക്കാന്‍ പ്രേരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് അസംതൃപ്തനായാണ് ട്രംപ് ആക്ഷേപവുമായി ഇറങ്ങിയിരിക്കുന്നത്.
പാകിസ്ഥാന് ഏപ്രിലില്‍ ട്രംപ് 29 ശതമാനം താരിഫ് ചുമത്തിയിരുന്നു. ആ നിരക്ക് പിന്നീട് 90 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ഇതില്‍ നിന്ന് എങ്ങോട്ടാണ് പാകിസ്ഥാനും അമേരിക്കയും പോകാന്‍ പോകുന്നതെന്നു വ്യക്തവുമല്ല. 'പരസ്പര താരിഫ് കുറയ്ക്കുന്നതിന് ട്രംപിന്റെ നിലപാട് കാരണമാകും, പ്രത്യേകിച്ച് യുഎസിലേക്കുള്ള കയറ്റുമതിയില്‍' എന്നാണ് പാക് വിദേശകാര്യ വക്താവ് പറഞ്ഞത്.
പാകിസ്ഥാനിലെ 'വമ്പിച്ച' എണ്ണ ശേഖരം വികസിപ്പിക്കാന്‍ അമേരിക്ക സഹായിക്കുമെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍, ഇതിന്റെ അര്‍ത്ഥം ഇപ്പോഴും വ്യക്തമല്ല. ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ് സൂചിപ്പിക്കുന്നത് പാകിസ്ഥാന്റെ അസംസ്‌കൃത എണ്ണ വേര്‍തിരിച്ചെടുക്കുന്നതിനുള്ള ഡ്രില്ലിംഗ് അവകാശങ്ങള്‍ ഒരു അമേരിക്കന്‍ കമ്പനിക്ക് നല്‍കുമെന്നാണെന്നു വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
മറിച്ച്, 2016 ലെ കണക്കനുസരിച്ച് ഏകദേശം 4.8 ബില്യണ്‍ ബാരല്‍ വേര്‍തിരിച്ചെടുക്കാനും ശുദ്ധീകരിക്കാനുമുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്, പാകിസ്ഥാന് ഇല്ലാത്ത ഒന്നാണിത്. ഇന്ത്യയുടെ ആഴക്കടല്‍ എണ്ണ ശേഖരം ഇതിനു പുറമേയാണ്. 2025 ഫെബ്രുവരിയില്‍ ഇന്ത്യ പ്രതിദിനം 600,000 ബാരലിലധികമാണ് (ബിപിഡി) ഇന്ത്യയുടെ ഉത്പാദനം. ഈ സ്ഥാനത്ത് പാകിസ്ഥാന്‍ 68,000 ബാരലാണ് ഉത്പാദിപ്പിച്ചത്. എന്നാല്‍, രണ്ടു രാജ്യങ്ങളും ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്നു. ഇന്ത്യയുടെ ഇന്ധന ആവശ്യം വളരെ കൂടുതലായതിനാല്‍ വിലകുറച്ചു കിട്ടുന്ന സ്ഥലങ്ങളില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നു.
2024/25 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ പ്രതിദിന ഇറക്കുമതി ഏകദേശം അഞ്ച് ദശലക്ഷം ബാരലായിരുന്നു. ഈ സ്ഥാനത്ത് പാകിസ്ഥാന്റെ ഇറക്കുമതി 140,000 ബി പി ഡി ആയിരുന്നു.
ഇന്ത്യയ്ക്ക് പാകിസ്ഥാനേക്കാള്‍ കൂടുതല്‍ ക്രൂഡ് ഓയില്‍ കരുതല്‍ ശേഖരമുണ്ട്, കൂടാതെ പ്രതിദിനം കൂടുതല്‍ ക്രൂഡ് ഓയില്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യ ഈ വര്‍ഷം ഉപഭോഗത്തില്‍ 330,000 ബിപിഡി വര്‍ദ്ധനയാണ് പ്രതീക്ഷിക്കുന്നതെന്ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി പ്രവചിക്കുന്നു.
പാകിസ്ഥാനില്‍ 353.5 ദശലക്ഷം ബാരല്‍ എണ്ണ നിക്ഷേപമാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് ആഗോള എണ്ണ നിക്ഷേപത്തിന്റെ 0.021 ശതമാനം മാത്രമാണ്. ഇതു വികസിപ്പിച്ചാണ് ഭാവിയില്‍ ഇന്ത്യയെക്കൊണ്ട് പാകിസ്ഥാനില്‍ നിന്ന് എണ്ണ വാങ്ങിപ്പിക്കുമെന്നു ട്രംപ് പറയുന്നത്. ഇന്ത്യയുടെ അറിയപ്പെടുന്ന എണ്ണ ശേഖരത്തിന്റെ 10 ശതമാനത്തില്‍ താഴെ മാത്രമാണിതെന്നു ട്രംപിന് അറിയില്ലെന്നു തോന്നുന്നു. ഇന്ത്യയ്ക്ക് 480 കോടി ബാരല്‍ എണ്ണ നിക്ഷേപമുണ്ടെന്നാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇപ്പോഴും ഇന്ത്യ പല കേന്ദ്രങ്ങളിലും എണ്ണ നിക്ഷേപം കണ്ടെത്തിക്കൊണ്ടുമിരിക്കുന്നു. എണ്ണ നിക്ഷേപത്തിന്റെ കാര്യത്തില്‍ പാകിസ്ഥാന്റെ ലോക റാങ്കിംഗ് 52 ആണെങ്കില്‍ ഇന്ത്യയുടെ റാങ്ക് 25 ആണ്. ആ നിലയ്ക്ക് പാകിസ്ഥാനിലെ എണ്ണ നിക്ഷേപം പുറത്തെടുത്ത് ട്രംപിന് അത്ഭുതമൊന്നും കാണിക്കാന്‍ കഴിയില്ല.
ജൂണില്‍ പാക് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓയില്‍ ആന്‍ഡ് ഗ്യാസ് ഡെവലപ്മെന്റ് കമ്പനി ലിമിറ്റഡ് സിന്ധ് പ്രവിശ്യയില്‍ എണ്ണയും വാതകവും കണ്ടെത്തിയതായി പറഞ്ഞിരുന്നു, കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കൂടുതല്‍ കരുതല്‍ ശേഖരം കടല്‍ത്തീരത്ത് കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.
എത്ര വ്യാപ്തിയാണെന്ന് ഒരിക്കലും പരസ്യമാക്കിയിരുന്നില്ല, എന്നാല്‍ ചില പാടങ്ങളില്‍ നിന്നുള്ള പ്രാരംഭ പരിശോധനകളില്‍ പ്രതിദിനം 20 ബാരലിനും 74 ബാരലിനും ഇടയില്‍ അസംസ്‌കൃത എണ്ണ ലഭിച്ചിരുന്നു.
പാകിസ്ഥാനിലെ എണ്ണ ശേഖരം അമേരിക്ക വികസിപ്പിക്കുന്നത് പാകിസ്ഥാന്റെ വിതരണം വര്‍ദ്ധിപ്പിക്കുകയും ഒരുപക്ഷേ കുറച്ച് പണം ലാഭിക്കുകയും ചെയ്യുമായിരിക്കും. അമേരിക്കയെ സംബന്ധിച്ച്, പാകിസ്ഥാനുമായുള്ള എണ്ണ കരാര്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് നിര്‍ത്തുകയാണ് ഇതിനു പിന്നിലെ പ്രധാന അജന്‍ഡ എന്നു വ്യക്തമാണ്.
ഈ വര്‍ഷം ആദ്യം, പ്രധാനമന്ത്രി നരേന്ദ്ര മോഡി യുഎസില്‍ ട്രംപിനെ കണ്ടപ്പോള്‍, യുഎസില്‍ നിന്ന് കൂടുതല്‍ എണ്ണയും വാതകവും വാങ്ങുമെന്നു തത്വത്തില്‍ ധാരണയിലെത്തിയിരുന്നു. താരിഫ് കുറയ്ക്കുന്നതിന് അതു കാരണമാകുമെന്ന പ്രതീക്ഷയിലായിരുന്നു ആ നീക്കം. പക്ഷേ, അതെല്ലാം ഇപ്പോള്‍ പാളിയിരിക്കുന്നു.
ഇപ്പോഴും ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരായി റഷ്യ തുടരുന്നതാണ് ട്രംപിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചായാണ് നാളെ ഇന്ത്യയ്ക്കു പാകിസ്ഥാന്‍ എണ്ണ വില്‍ക്കുമെന്നൊക്കെ ട്രംപ് വീമ്പിളക്കുന്നത്. ഇന്ത്യയ്ക്ക് താല്‍പ്പര്യമുണ്ടാക്കാന്‍ പാകത്തിന് പാകിസ്ഥാന്റെ കൈവശം തെളിയിക്കപ്പെട്ട എണ്ണ ശേഖരം ഇല്ല എന്നതാണ് ഏറ്റവും വലിയ വസ്തുത. പാകിസ്ഥാനുമായി വ്യാപാരം ബന്ധം പോലും മരവിച്ചിരിക്കുമ്പോള്‍ എങ്ങനെയാണ് എണ്ണ കച്ചവടം നടക്കുകയ എന്ന ചോദ്യത്തിനും ഉത്തരമില്ല.
ആഴക്കടല്‍ ഖനന സാങ്കേതികവിദ്യ പാകിസ്ഥാനില്ല. അതിനാല്‍, അവര്‍ അമേരിക്കന്‍ സഹായം തേടിയേക്കാം. പക്ഷേ, അമേരിക്ക തൊട്ടാല്‍ അതെല്ലാം അവര്‍ ഊറ്റിയെടുത്തു സ്ഥലം വിടുന്ന പതിവാണ് ലോകത്തെവിടെയും കണ്ടിട്ടുള്ളത്. ഇറാക്കിനെ ആക്രമിച്ചു കീഴടക്കിയ ശേഷം മാസങ്ങളോളമാണ് അവിടെനിന്ന് അമേരിക്കന്‍ ടാങ്കറുകള്‍ ക്രൂഡ് ഓയില്‍ കടത്തിയത്. ആ പാഠം പാകിസ്ഥാനും ഓര്‍ത്തിരിക്കുന്നത് നല്ലത്.
നിലവില്‍ അമേരിക്കയെക്കാള്‍ പാകിസ്ഥാന്റെ ഉറ്റ ചങ്ങാതി ചൈനയാണ്. ട്രംപ് വന്ന് പാകിസ്ഥാല്‍ എണ്ണ കുഴിക്കുന്നത് ഷി ജിന്‍ പിങ് എങ്ങനെ നോക്കിക്കാണുമെന്നതും ഉത്തരമില്ലാത്ത ചോദ്യമാണ്. ഇതിനെല്ലാം പുറമേ, 2024 മാര്‍ച്ചില്‍ വിമതരുടെ ചാവേര്‍ ആക്രമണത്തില്‍ അഞ്ച് ചൈനീസ് എഞ്ചിനീയര്‍മാര്‍ കൊല്ലപ്പെട്ടതിനു ശേഷം പാകിസ്ഥാനില്‍ നിര്‍മാണ പ്രവര്‍ത്തനത്തിന് എല്ലാവര്‍ക്കും ഭയമാണെന്ന സത്യം കൂടി ട്രംപ് ഓര്‍ക്കുന്നുണ്ടാവുമോ എന്നറിയില്ല.
COMMENTS