തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളുടെ അപര്യാപ്തത വെളിച്ചത്തുകൊണ്ടുവന്ന യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളുടെ അപര്യാപ്തത വെളിച്ചത്തുകൊണ്ടുവന്ന യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സി.പി.എം മുഖപത്രം.
'ഇത് തിരുത്തല്ല, തകര്‍ക്കല്‍' എന്ന തലക്കെട്ടോടെയുള്ള മുഖപ്രസംഗത്തില്‍ ഹാരിസിന്റെ ആരോപണത്തിന്റെ മറവില്‍ ആരോഗ്യ മേഖലയെ തകര്‍ക്കാനുള്ള ശ്രമമാണ് പ്രതിപക്ഷവും അവരുടെ കുഴലൂത്തികാരായ മാധ്യമങ്ങളും നടത്തുന്നതെന്നും കുറ്റപ്പെടുത്തുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം തലവനായ ഡോ. ഹാരിസ് ചിറക്കലിന്റെ സമൂഹമാധ്യമ കുറിപ്പിന്മേല്‍ മാധ്യമങ്ങളും പ്രതിപക്ഷവും പടുത്തുയര്‍ത്തിയ കോലാഹലങ്ങളും വ്യാജ പ്രചാരണങ്ങളും ഇനിയും കെട്ടടങ്ങിയിട്ടില്ല. സര്‍ജറിക്ക് ആവശ്യമായ ചില ഉപകരണങ്ങളുടെ അഭാവം അടിയന്തരമായി പരിഹരിക്കണം, അവ ലഭ്യമാക്കുന്നതിനുള്ള സാങ്കേതികവും ഉദ്യോഗസ്ഥതലത്തിലുമുള്ള അമാന്തം ഇല്ലാതാക്കണം ഇതാണ് അദ്ദേഹം പറഞ്ഞതിന്റെ രത്നച്ചുരുക്കം. അത് തെറ്റിദ്ധാരണ പരത്തിയെങ്കിലും ആരോഗ്യവകുപ്പ് ഗൗരവമായി ഇടപെട്ടു. ഇത്തരം സാഹചര്യമുണ്ടാകാനുള്ള കാരണം. ഇനിയെടുക്കേണ്ട മുന്‍കരുതലുകള്‍ എന്നിവയടക്കം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചു. മാര്‍ച്ചില്‍ത്തന്നെ ഓര്‍ഡര്‍ നല്‍കിയിരുന്ന ഉപകരണങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എത്തിക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയാകെ തകര്‍ന്നെന്ന് പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും മെഡിക്കല്‍ കോളേജ് ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറാക്കാനുമാണ് പ്രതിപക്ഷവും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും ശ്രമിക്കുന്നത്.
ലക്ഷക്കണക്കായ സാധാരണക്കാരുടെ ആതുരാലയങ്ങളെ തകര്‍ക്കുക മാത്രമല്ല, ഊറ്റിപ്പിഴിയുന്ന ചില സ്വകാര്യ ആശുപത്രികള്‍ക്കായുള്ള ഒറ്റുകൊടുക്കലും ഇതിനിടയിലൂടെ നടത്തുന്നുണ്ട്. ലോകം മുഴുവന്‍ പ്രശംസിക്കുന്ന കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തെ എന്തുകൊണ്ടാണ് ഒരവസരമുണ്ടാക്കി ഇത്ര ഉശിരോടെ അപഹസിക്കുന്നത്?
സ്വകാര്യ ആശുപത്രികളുടെ സേവനങ്ങളെ ആര്‍ക്കും കുറച്ചു കാണാനാകില്ല. എന്നാല്‍ ചിലരെങ്കിലും അതൊരു കച്ചവടമാക്കുന്ന സ്ഥിതിയുമുണ്ടായി. അവിടെ നിന്നാണ് സാധാരണക്കാരുടെ ഏത് ചികിത്സ ആവശ്യത്തിനും പ്രാപ്തമായ സംവിധാനമെന്ന നിലയിലേക്ക് സര്‍ക്കാര്‍ ആശുപത്രികള്‍ മാറിയത്. അതിന്റെ അസ്വസ്ഥത സ്വാഭാവികമായും സ്വകാര്യ മേഖലക്കുണ്ടാകും.
പിഴവ് ചൂണ്ടിക്കാണിക്കുന്നതും തിരുത്താന്‍ ശ്രമിക്കുന്നതും മനസ്സിലാക്കാം. അതും ഒരു പോരായ്മയുടെ പേരില്‍ മുച്ചൂടും തകര്‍ക്കാനുള്ള ശ്രമവും പക്ഷേ, ഒരുപോലെ കാണാനാകില്ല.
ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിനെതിരെ മുഖ്യമന്ത്രി പരസ്യ അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.എം മുഖപത്രത്തിലെ മുഖപ്രസംഗം.
Key Words: CPM, Dr. Harris
COMMENTS