തിരുവനന്തപുരം : 2024 ജൂലൈ 30 ന് കേരളം പരിഭ്രാന്തി നിറഞ്ഞ ഒരു പ്രഭാതത്തിലേക്കാണ് ഉണര്‍ന്നത്. വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊ...
തിരുവനന്തപുരം : 2024 ജൂലൈ 30 ന് കേരളം പരിഭ്രാന്തി നിറഞ്ഞ ഒരു പ്രഭാതത്തിലേക്കാണ് ഉണര്‍ന്നത്. വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടിയതായി ആദ്യം വാര്‍ത്തകള്‍ വന്നു. നൂറുകണക്കിന് ആളുകള്‍ ചെളിയില്‍ കുടുങ്ങിക്കിടക്കുന്നതായും കൂടുതല്‍ പേരെ കാണാതായതായുമുള്ള തുടര്‍വാര്‍ത്തകളിലേക്ക് കേരളം കാതുകൂര്‍പ്പിച്ചു. പിന്നീടത് മഹാ ദുരന്തവാര്‍ത്തയായി. മരണവിവരങ്ങള്‍ വന്നുതുടങ്ങി.
ദുരന്തഭൂമിയിലേക്ക് ജനം പാഞ്ഞു. ഉരുള്‍ പൊട്ടലില്‍ കുത്തിയൊലിച്ചുവന്ന മലവെള്ളപ്പാച്ചിലില്‍ കൂറ്റന്‍ പാറക്കല്ലുകളും മരത്തടികളും ഒരു പ്രദേശത്തെയാകെ തകര്‍ത്ത് തരിപ്പണമാക്കി നീങ്ങി. രക്ഷപെട്ടവര്‍, ജീവന്‍ എങ്ങനെ തിരികെക്കിട്ടിയെന്നുപോലുമറിയാതെ മരവിച്ചുനിന്നു. കയ്യും കാലുമില്ലാതെയും, ഉടലും തലയും വേര്‍പ്പെട്ടുപോയും മൃതദേഹങ്ങള്‍ നൊമ്പരക്കാഴ്ചയായി.
അങ്ങനെ...രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉള്ളുലയ്ക്കുന്ന പല കാഴ്ചകളും കാണേണ്ടിവന്നു. കോണ്‍ക്രീറ്റ് പാളികള്‍ക്കടിയില്‍ സോഫയില്‍ കെട്ടിപിടിച്ചു കിടക്കുന്ന നിലയില്‍ കുട്ടികള്‍... കസേരയില്‍ ഇരിക്കുന്ന നിലയില്‍ മൂന്നുപേരുടെ കുടുംബം. മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവര്‍ ഇതിലുമേറെ കാണേണ്ടി വന്നു. ജൂലൈ 30 ന് രാവിലെ വരെയുള്ള 48 മണിക്കൂറിനുള്ളില്‍, മുണ്ടക്കൈ മേഖലയില്‍ 572 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്.
കേരളം ഓര്‍ക്കാന്‍പോലും ഇഷ്ടപ്പെടാത്ത, എന്നാല്‍ ഒരിക്കലും മറക്കാനാവാത്ത ദുരന്തത്തിന് ഒരാണ്ട് തികയുകയാണ്. ഔദ്യോഗിക മരണസംഖ്യ 298 ആണെങ്കിലും അനൗദ്യോഗിക കണക്കുകള്‍ പ്രകാരം മരണസംഖ്യ 400ലധികമാണ്.
മുണ്ടക്കൈയില്‍ നിന്നും 40 കിലോമീറ്ററോളം അകലെയുള്ള ചാലിയാര്‍ പുഴയില്‍നിന്നാണ് 200-ലധികം മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഏകദേശം 5,000 പേരെയാണ് ഈ മഹാദുരന്തം ബാധിച്ചത്. മുണ്ടക്കൈയില്‍ മാത്രം 400 ലധികം വീടുകളിലായി 200 കുട്ടികള്‍ ഉള്‍പ്പെടെ 1,200 ലധികം ആളുകള്‍ താമസിച്ചിരുന്നു. ചൂരല്‍മലയിലാകട്ടെ 2,100 ല്‍ അധികം ആളുകള്‍ ഉണ്ടായിരുന്നു. സ്വത്തിനും മനുഷ്യജീവനും ഉണ്ടായ നഷ്ടത്തിന്റെ കണക്ക് ഇനിയും അന്തിമമായിട്ടില്ല. എങ്കിലും ഉരുള്‍ദുരന്തം മൂലം വിവിധ മേഖലകളിലായി 1,200 കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കിയത്.
ദുരന്ത ബാധിതരെ സഹായിക്കാന്‍ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 772.11 കോടി രൂപയാണ്. ദുരന്തമുണ്ടായ 2024 ജൂലൈ 30 മുതലുള്ള കണക്കാണിത്. ഇതില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഇതുവരെ 91.74 കോടി രൂപയാണ് ചെലവഴിച്ചത്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗണ്‍ഷിപ്പിന്റെ നിര്‍മാണ പ്രവൃത്തി കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 49.5 ഹെക്ടറില്‍ പുരോഗമിക്കുകയാണ്.ഇതിന്റെ പ്രാരംഭപ്രവൃത്തികള്‍ക്ക് കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റിക്ക് 40.04 ലക്ഷവും സ്പെഷല്‍ ഓഫീസര്‍ക്ക് 20 കോടിയും കൈമാറിയിട്ടുണ്ട്. ടൗണ്‍ഷിപ്പില്‍ വീട് വേണ്ടാത്തവര്‍ക്കായി 15 ലക്ഷം രൂപ വീതം നല്‍കിയ വകയില്‍ ആകെ 13.91 കോടി രൂപയും ചെലവിട്ടു. പൊതുജനങ്ങളില്‍ നിന്നും സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നുമായി ആകെ 455.54 കോടി രൂപയാണ് കിട്ടിയതെന്നും ബാക്കിയുള്ള 316.57 കോടി രൂപ ടി.പി.എ അക്കൗണ്ടിലേക്ക് നേരിട്ട് വന്നതാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പ്രകൃതി കണ്ണടച്ചപ്പോൾ വഴിമാറി ഒഴുകിയ ജീവിതങ്ങൾക്കായി ഹൃദയഭൂമിയിൽ ഇന്ന് രാവിലെ 10 ന് സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും നടക്കും. ഉച്ചയ്ക്ക് നടക്കുന്ന അനുസ്മരണ യോഗത്തിൽ മന്ത്രിമാർ ഉൾപ്പെടെ പങ്കെടുക്കും. പുനരധിവാസത്തിലെ വീഴ്ചകൾക്കെതിരെ വ്യാപാരികൾ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. യൂത്ത് കോൺഗ്രസ് രാപ്പകൽ സമരം തുടരുകയാണ്.
Key Words: Mundakkai- Churalmala Tragedy, Landslide
COMMENTS