ലണ്ടന്‍: ലണ്ടനിലെ ആഡംബര പാര്‍ട്ടിയിലൂടെ ശ്രദ്ധ നേടി സാമ്പത്തിക തട്ടിപ്പിന് ഇന്ത്യയില്‍ നിന്നും മുങ്ങിയ വിജയ് മല്യയും ലളിത് മോദിയും. ലണ്ടനിലെ...
ലണ്ടന്‍: ലണ്ടനിലെ ആഡംബര പാര്‍ട്ടിയിലൂടെ ശ്രദ്ധ നേടി സാമ്പത്തിക തട്ടിപ്പിന് ഇന്ത്യയില്‍ നിന്നും മുങ്ങിയ വിജയ് മല്യയും ലളിത് മോദിയും. ലണ്ടനിലെ ലളിത് മോദിയുടെ വസതിയില്‍ നടന്ന വാര്‍ഷിക സമ്മര്‍ പാര്‍ട്ടിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. 'ആന്‍ഡ് നൗ, ദി എന്‍ഡ് ഈസ് നിയര്‍, ആന്‍ഡ് സോ ഐ ഫേസ് ദി ഫൈനല്‍ കര്‍ട്ടന്‍' - ഫ്രാങ്ക് സിനാത്രയുടെ ഈ ഗാനം ഒരുമിച്ച് പാടിയാണ് ഇരുവരും വൈറലായത്.
തന്റെ 'വാര്‍ഷിക സമ്മര്‍ പാര്‍ട്ടി' എന്ന് ലളിത് മോദി വിശേഷിപ്പിച്ച പരിപാടിയില്‍ വെച്ച് ഇരുവരും ഫ്രാങ്ക് സിനാത്രയുടെ 'മൈ വേ' എന്ന ഗാനം ആലപിക്കുന്ന വീഡിയോ ക്ലിപ്പ് ലളിത് മോദി തന്നെയാണ് പങ്കുവെച്ചത്. മുന്‍ ഐപിഎല്‍ കമ്മീഷണറും മുന്‍ മദ്യരാജാവും എയര്‍ലൈന്‍ വ്യവസായിയുമായ വിജയ് മല്യയും ചിരിച്ചും പാടിയും സെഷനില്‍ പങ്കെടുക്കുന്നതാണ് വീഡിയോയിലുള്ളത്.
മുന്നൂറിലധികം പേര്‍ പങ്കെടുത്ത വിരുന്നില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളും പങ്കെടുത്തു. '310 സുഹൃത്തുക്കളോടും കുടുംബത്തോടും ഒപ്പം ഒരു മികച്ച രാത്രിയായിരുന്നു. ഈ പരിപാടിക്ക് വേണ്ടി മാത്രം നിരവധി പേര്‍ ദൂരെ നിന്ന് എത്തി. ഈ സായാഹ്നത്തില്‍ എത്തിയ എല്ലാവര്‍ക്കും നന്ദി... ഈ വീഡിയോ ഇന്റര്‍നെറ്റിന് തീയിടില്ലെന്ന് കരുതുന്നു. തീര്‍ച്ചയായും വിവാദമാണ്. പക്ഷേ അതാണ് ഞാന്‍ ഏറ്റവും നന്നായി ചെയ്യുന്നത്' എന്നായിരുന്നു ലളിത് മോദി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
മുന്‍ ആര്‍സിബി താരം ക്രിസ് ഗെയ്ലും പാര്‍ട്ടിക്കെത്തിയവരിലുണ്ട്. കരോക്കെ ഒരുക്കിയ സംഗീതജ്ഞന്‍ കാള്‍ട്ടണ്‍ ബ്രാഗന്‍സയ്ക്കും, ക്രിസ് ഗെയ്ലിനും ലളിത് മോദി സമൂഹമാധ്യമത്തിലൂടെ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ലളിത് മോദിക്കും വിജയ് മല്യക്കുമൊപ്പമുള്ള ചിത്രം ഗെയ്ല്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തു. 'വി ലിവിങ് ഇറ്റ് അപ്പ്. താങ്ക്‌സ് ഫോര്‍ എ ലവ്ലി ഈവനിംഗ്,' എന്നും ഗെയ്ല്‍ കുറിച്ചിരുന്നു.
ലളിത് മോദി സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളെത്തുടര്‍ന്ന് 2010-ലാണ് ഇന്ത്യയില്‍ നിന്നും മുങ്ങിയത്. കള്ളപ്പണം വെളുപ്പിക്കല്‍, ബിഡ് കൃത്രിമം, ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് ലംഘനങ്ങള്‍ തുടങ്ങിയ നിരവധി കേസുകളില്‍ അദ്ദേഹത്തിനെതിരെ ഇഡി നടപടി സ്വീകരിച്ചിട്ടുണ്ട്. യുകെ അദ്ദേഹത്തെ ഇന്ത്യയിലേക്ക് കൈമാറണമെന്ന് ഇന്ത്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും, ഇപ്പോഴും ബ്രിട്ടീഷ് പൗരനാണ്.
കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പ്രൊമോട്ടറും യുണൈറ്റഡ് ബ്രൂവറീസിന്റെ മുന്‍ ചെയര്‍മാനുമായ 68 വയസുകാരന്‍ വിജയ് മല്യ, കടബാധ്യതത്തെുടര്‍ന്ന് 2016-ലാണ് ഇന്ത്യ വിട്ടത്. ഇന്ത്യന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച, 2021-ലെ പാപ്പരത്ത ഉത്തരവിനെതിരെ മല്യ സമര്‍പ്പിച്ച അപ്പീല്‍ യുകെ കോടതി തള്ളിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍, ഇന്ത്യന്‍ അധികാരികള്‍ 14,131 കോടി രൂപയുടെ ആസ്തികള്‍ പിടിച്ചെടുക്കുകയും തിരികെ നല്‍കുകയും ചെയ്തതായി മല്യ പറഞ്ഞു. ഈ തുക കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ കടത്തേക്കാള്‍ കൂടുതലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. 'താന്‍ ഇപ്പോഴും ഒരു സാമ്പത്തിക കുറ്റവാളിയാണ്. കടത്തിന്റെ ഇരട്ടിയിലധികം എങ്ങനെയാണ് അവര്‍ കണ്ടുകെട്ടിയതെന്ന് ഇഡിക്കും ബാങ്കുകള്‍ക്കും നിയമപരമായി ന്യായീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍, എനിക്ക് ആശ്വാസത്തിന് അര്‍ഹതയുണ്ട്, അതിന് വേണ്ടി ഞാന്‍ നിലകൊള്ളും എന്നും മല്യ എക്‌സില്‍ കുറിച്ചിരുന്നു.
Key Words: Vijay Mallya, Lalit Modi, Party
COMMENTS